നട്ടയുടൻ തൈകൾക്ക് രാസവളം നൽകേണ്ടതില്ല, കാലവർഷാരംഭത്തിൽ നടുന്ന തൈകൾക്ക് മൂന്നു മാസം കഴിഞ്ഞ് അതായത് ആഗസ്റ്റ് സെപ്റ്റംബർ മാസത്തിൽ ആദ്യത്തെ രാസവളപ്രയോഗം നടത്തിയാൽ മതി. കായ്ക്കുന്ന തെങ്ങിന് ശുപാർശ ചെയ്തിട്ടുള്ള രാസവളങ്ങളുടെ പത്തിലൊരു ഭാഗം അപ്പോൾ നൽകണം. പൊതുവായ ശുപാർശ അനുസരിച്ചാണെങ്കിൽ തൈ ഒന്നിന് 110 ഗ്രാം യൂറിയ, 150 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 170 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ വളങ്ങൾ ചേർത്താൽ മതി.
നട്ട് ഒരു വർഷം കഴിഞ്ഞ തൈകൾക്ക് കായ്ക്കുന്ന തെങ്ങിനു നൽകേണ്ട വളങ്ങളുടെ മൂന്നിലൊരു ഭാഗവും, രണ്ടു വർഷം കഴിഞ്ഞാൽ തെകൾക്ക് മുന്നിൽ രണ്ടു ഭാഗവും മൂന്നു വർഷം കഴിഞ്ഞാൽ ശുപാർശ ചെയ്ത വളങ്ങളുടെ മുഴുവൻ അളവും നൽകേണ്ടതാണ്. തൈയ്ക്കു ചുറ്റും വളം വിതറി ഓരോ തവണയും കുഴിയുടെ വശങ്ങൾ അരിഞ്ഞിറക്കി വളം മൂടണം. ഇപ്രകാരം ചെയ്യുംമ്പോൾ മൂന്നു വർഷം കഴിയുന്നതോടെ തൈക്കുഴി മൂടി തടം രൂപപ്പെടും.
തൈകളുടെ വളർച്ച സന്തുലിതവും കാര്യക്ഷമവുമാക്കാൻ തോട്ടത്തിലെ മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിൽ വേണം വളം ചേർക്കാൻ. മണ്ണിലെ അമ്ലത്വം പരിഹരിക്കാൻ രാസവളം ചേർക്കുന്നതിനു രണ്ടാഴ്ച മുമ്പ് കുമ്മായമോ ഡോളോമൈറ്റോ ചേർക്കണം. സുസ്ഥിരമായ വിളവിന് ജൈവവളവും രാസവളവും ഉൾപ്പെടു ത്തിക്കൊണ്ടുള്ള സംയോജിത വളപ്രയോഗ രീതിയാണ് അഭികാമ്യം.
തൈ നട്ട് ഒരു വർഷം 10 കിലോ ഗ്രാം, രണ്ടു വർഷം കഴിഞ്ഞ് 20 കിലോ ഗ്രാം മൂന്നു വർഷം കഴിഞ്ഞ് 30 കിലോഗ്രാം നാലാം വർഷം മുതൽ 30-50 കിലോ ഗ്രാം ജൈവവളങ്ങൾ ചേർക്കണം. കാലിവളം, കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, പച്ചിലവളങ്ങൾ എന്നിവയൊക്കെ ജൈവവളമായി ചേർക്കാം.
തെങ്ങിൻ തൈ നട്ട് ആദ്യത്തെ രണ്ടു വർഷത്തേക്ക് വേനൽക്കാലത്ത് തെങ്ങോല ഉപയോഗിച്ച് തണൽ നൽകണം. അതുപോലെ തൈകൾക്ക് വേനൽക്കാലത്ത് ജലസേചനവും നൽകണം. തെങ്ങിൻ കുഴിയിലെ കളകൾ യഥാകാലം നീക്കം ചെയ്യണം. അതുപോലെ വെള്ളത്തിലൂടെ ഒലിച്ചിറങ്ങി തൈകളുടെ കണ്ണാടി ഭാഗത്ത് അടിയുന്നത് ശ്രദ്ധയോടെ നീക്കം ചെയ്യണം.
തൈകൾ നട്ട് 8-10 വർഷം വരെ തെങ്ങിന്റെ ഒന്നാം വളർച്ചാഘട്ടത്തിൽ തോട്ടത്തിൽ തെങ്ങിൻ തൈകൾ ക്കിടയിൽ ധാരാളം സൂര്യപ്രകാശം ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തി ഈ ഘട്ടത്തിൽ ഹ്രസ്വകാല ഇടവിളകളായ വാഴ, ചേന, നിലക്കടല, മുളക്, മധുരക്കിഴങ്ങ്, മരച്ചീനി, കൈതച്ചക്ക എന്നിവ തെങ്ങിനോടൊപ്പം കൃഷി ചെയ്യാവുന്നതാണ്
Share your comments