8 വയസ്സ് വരെയുള്ള തെങ്ങിൻതൈ വളരുന്ന പ്രായത്തിൽ ഏറ്റവും നന്നായി കൂടെ കൂട്ടാവുന്ന ഇടവിളയാണ് ഞാലിപ്പൂവൻ വാഴ, 20 വയസ്സ് കഴിഞ്ഞാലും കൂടെ കൂട്ടാവുന്നവൾ നാടൻ വാഴ തന്നെ.
സാധാരണ ഗതിയിൽ 7.5 മീറ്റർ ആണ് തെങ്ങിൻ കൃഷിയിൽ അവലംബിക്കേണ്ട ശാസ്ത്രീയ ഇടയകലം 7.5 മീറ്റർ അകലം നൽകുമ്പോൾ ഈ സ്ഥലം മൊത്തമായും തെങ്ങ് ഉപയോഗപ്പെടുത്തുമെന്ന് കരുതരുത്. അതായത് നല്ല വളർച്ചയെത്തിയ തെങ്ങിന് 4500 മുതൽ 7000 വരെ നാരായ വേരുകളാണ് ഉണ്ടാവുക. നല്ല പരിപാലനം നൽകുന്ന തെങ്ങിന്റെ 74 ശതമാനം വേരുകളും 2 മീറ്ററിനകത്തു തന്നെയാണ് പടർന്നു നീങ്ങുക. അതുപോലെ തന്നെ ഉയരത്തിൽ വളരുന്ന തെങ്ങിന്റെ 82 ശതമാനം വേരുകളും ഒരു അടി മുതൽ 4 അടി വരെ ആഴത്തിൽ മാത്രമേ പടർന്നിറങ്ങുകയുള്ളൂ.
25 വയസ്സ് പ്രായമായ തെങ്ങോലകൾക്കിടയിലൂടെ 56 ശതമാനം സൂര്യപ്രകാശം അരിച്ചിറങ്ങും. അതു കൊണ്ടു തന്നെ ഇടവിളകൃഷിക്കാവശ്യമായ മണ്ണും സൂര്യപ്രകാശവും തെങ്ങിൻ തോട്ടത്തിൽ സുലഭം.
രണ്ട് തെങ്ങുകൾ തമ്മിൽ 7.5 മീറ്റർ ഇടയകലത്തിൽ 2 വരി ഞാലിപ്പൂവൻ വാഴ നടാം. ചുവട്ടിൽ നിന്നും ഒന്നേ മുക്കാൽ മീറ്റർ വരെ തെങ്ങിൻ തടത്തിന് വിട്ടു നൽകണം. തടത്തിന്റെ അരികിൽ നിന്നും ഒരു മീറ്റർ വിട്ട് വേണം വാഴ നടാൻ. അങ്ങിനെ രണ്ട് തെങ്ങിന്റെത് ഇടയിലായി 2 മീറ്റർ ഇടയകലത്തിൽ 2 വരി വാഴ അതാണ് അതിന്റെ ഒരു കണക്ക്.
കുഴിയെടുക്കുമ്പോൾ തന്നെ ശ്രദ്ധിച്ചില്ലെങ്കിൽ വാഴ കൃഷി വിജയിക്കണമെന്നില്ല. 2 അടി വലിപ്പമുള്ള കുഴിയിൽ ഏറ്റവും താഴെയായി 2 അടുക്ക് ചകിരി കലർത്തി അടുക്കുന്നതാണ് തെങ്ങിൻ തോട്ടത്തിലെ വാഴ കൃഷിയുടെ ആദ്യ പടി. ചകിരിക്ക് അതിന്റെ ഭാരത്തിന്റെ 8 ഇരട്ടി വരെ വെള്ളത്തെ പിടിച്ചു നിർത്താനുള്ള കഴിവ് ഇവിടെ പ്രയോജനപ്പെടുത്താം. ഞാലിപ്പൂവൻ വാഴയ്ക്ക് വെള്ളത്തോട് പ്രതിപത്തി കൂടുതലാണെന്നത് കർഷകരുടെ അനുഭവ സാക്ഷ്യം.
തെങ്ങോല ഉപയോഗിച്ച് തയ്യാറാക്കുന്ന 10 കിലോഗ്രാം കമ്പോസ്റ്റ് അല്ലെങ്കിൽ മണ്ണിര കമ്പോസ്റ്റ് മേൽ മണ്ണുമായി ചേർത്ത് കുഴി നിറയ്ക്കാം. സൂചിക്കന്ന് അല്ലെങ്കിൽ ടിഷ്യുകൾച്ചർ തൈകൾ നടാൻ തെരഞ്ഞെടുക്കാം. വൈകുന്നേരങ്ങളിൽ നടുന്നതാണ് ഏറ്റവും നല്ലത്. വേരു പിടിച്ച് വരുന്നതു വരെ നന നിർബന്ധം. മണ്ണിന്റെ പുളിരസത്തിനനുസരിച്ച് പൊടിഞ്ഞ കുമ്മായം ചേർത്തു കൊടുക്കണം. നട്ട് ഓരോ മാസത്തെ ഇടവേളകളിൽ 100 ഗ്രാം വീതം യൂറിയയും പൊട്ടാഷും നൽകാം. നട്ട് കഴിയുമ്പോൾ രണ്ട് മാസത്തിൽ ഒരിക്കൽ 250 ഗ്രാം വീതം എല്ലുപൊടി നൽകുന്നത് വാഴയ്ക്ക് നല്ല വളർച്ചയും ഉത്പാദനവും ഉറപ്പ്.
Share your comments