മരച്ചീനിയുടെ സസ്യങ്ങളിൽ അടങ്ങിയിരിക്കുന്ന സയാനോജനിക് ഗ്ലൂക്കോസൈഡിൽ നിന്നാണ് വിഷാംശങ്ങൾ ഉണ്ടാകുന്നത്. ഈ പദാർഥം ജലവിശ്ലേഷണത്തിന് വിധേയമാകുമ്പോൾ ഹൈഡ്രോസയനിക് അമ്ലം ഉൽപ്പാദിപ്പിക്കുന്നു. ഈ അമ്ലമാണ് മരച്ചീനിയുടെ 'കട്ട്' എന്നറിയപ്പെടുന്ന വിഷാംശം. 40 മുതൽ 60 വരെ മില്ലി ഗ്രാം മനുഷ്യന് മാരകമാകും. കൂടുതലായ അളവിൽ ഉള്ളിൽ ചെന്നാൽ വിറയലും വെപ്രാളവും ഉണ്ടാകും. മരച്ചീനിയുടെ വിഷം കരളിനെ കൂടുതലായി ബാധിക്കുന്നതാണ്.
ചികിത്സയും പ്രത്യൗഷധവും
വിഷമയമായ മരച്ചീനി കഴിച്ചാൽ വേഗത്തിൽ ഛർദിപ്പിക്കുകയോ ആമാശയക്ഷാളനമോ വഴി പുറത്തു കളയുകയോ ചെയ്യുക. ഓരോരുത്തരിലും ഉണ്ടാകുന്ന വിഷലക്ഷണങ്ങൾക്കനുസരിച്ച് പ്രതിവിധിയും ചെയ്യണം.
ശുദ്ധി
കിഴങ്ങും ഇലയും മറ്റും 20 മിനിറ്റ് ആവി കൊള്ളിച്ചെടുത്താൽ വിഷാംശം നഷ്ടപ്പെടുന്നതാണ്. ശരിയായി കഴുകിയെടുത്ത് പഴകാതെ ഉപയോഗിക്കണം.
ഔഷധഗുണങ്ങളും പ്രയോഗങ്ങളും
മരച്ചീനി വളരെ ചെലവു കുറഞ്ഞ ഒരു ആഹാരപദാർഥമാണ്. കിഴങ്ങിൽ കൂടിയ അളവിൽ അന്നജം അടങ്ങിയിട്ടുണ്ട്. പച്ചയ്ക്ക് തിന്നാവുന്നതും രുചിയുള്ളതുമായ മരച്ചീനിയുമുണ്ട്; സ്വീറ്റ് കാസ്സാവ എന്ന് ഈ ഇനം അറിയപ്പെടുന്നു. തൊലി കളഞ്ഞ് ഉണക്കി സൂക്ഷിച്ചു വയ്ക്കുന്ന മരച്ചീനി കഷ്ണങ്ങൾ പൊടിച്ച് ബിസ്ക്കറ്റ്, റൊട്ടി മുതലായ ആഹാരപദാർഥങ്ങൾ ഉണ്ടാക്കുന്നു. പുതിയ കിഴങ്ങ് പോൾട്ടിസായി വ്രണത്തിൽ കെട്ടിവയ്ക്കാറുണ്ട്. വ്യാവസായിക ആവശ്യത്തിനുള്ള ഒരു അസംസ്കൃത പദാർഥമായും മരച്ചീനി വളരെക്കൂടുതൽ ഉപയോഗിച്ചു വരുന്നു.
Share your comments