കന്നുകാലികൾക്ക് മാത്രമല്ല, പച്ചക്കറികൾക്കും പൂച്ചെടികൾക്കുമെല്ലാം മികച്ച വളമാണ് കടല പിണ്ണാക്കും കപ്പലണ്ടി പിണ്ണാക്കും. ചാണകവും ചകിരിച്ചോറും പരിമിതമായി ലഭ്യമാണെങ്കിൽ കടലപ്പിണ്ണാക്ക് പകരം ഉപയോഗിക്കാനാകും. ഇത് ടെറസ് കൃഷിയിലും വളരെ പ്രയോജനകരമാണ്. കന്നുകാലികൾക്കായി വാങ്ങുന്ന കടലപ്പിണ്ണാക്ക് ഇനിമുതൽ ചെടികൾക്ക് വളമായി പ്രയോഗിച്ചാൽ ചെടികൾ തഴച്ചുവളരുമെന്നതിൽ സംശയമില്ല.
എന്നാൽ കടലപ്പിണ്ണാക്ക് നേരിട്ട് ചെടികള്‍ക്ക് ഇട്ടു കൊടുക്കരുത്. കാരണം അത് ഉറുമ്പുകള്‍ കൊണ്ടുപോകാനിടയുണ്ട്. കുഴിയെടുത്ത് ഇട്ടാൽ പോലും ഉറുമ്പ് ശല്യത്തിൽ നിന്ന് മുക്തി ലഭിക്കില്ല.
അതിനാൽ ഒന്ന് രണ്ട് പിടി കപ്പലണ്ടി പിണ്ണാക്ക് 1 ലിറ്റര്‍ വെള്ളത്തില്‍ കലർത്തി 3-4 ദിവസം വച്ച ശേഷം അവ പുളിപ്പിച്ച് ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ പുളിച്ച കടലപ്പിണ്ണാക്കും കപ്പലണ്ടി പിണ്ണാക്കും ഇടയ്ക്കിടെ ഇളക്കി കൊടുക്കുക. തുടർന്ന് ഇതിന്റെ തെളി നേര്‍പ്പിച്ച ശേഷം ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്.
ഇതുകൂടാതെയും ചെടികളുടെ വളർച്ചയെ സഹായിക്കുന്നതിന് നല്ല ജൈവവളങ്ങൾ കടലപ്പിണ്ണാക്കിൽ നിന്നും ഉണ്ടാക്കാം. ശർക്കര കൂടി ചേർത്തുള്ള ഈ വളം രണ്ടോ മൂന്നോ മാസം വരെ സൂക്ഷിച്ചുവയ്ക്കാനുമാകും.
കടലപ്പിണ്ണാക്ക് പുളിച്ച ശേഷം വരുന്ന ദുർഗന്ധം ഈ വളത്തിന് ഉണ്ടാകില്ലെന്നതും മറ്റൊരു പ്രത്യേകതയാണ്. ഇങ്ങനെ ദുർഗന്ധമില്ലാതെയും കേടുകൂടാതെയും രണ്ട് മാസം വരെ ഈ കിടിലൻ വളം സൂക്ഷിക്കാനാകും.
കടലപ്പിണ്ണാക്ക് കൊണ്ടുണ്ടാക്കുന്ന ഈ ലായനി കേടാകിതിരിക്കാൻ ദിവസവും ഇളക്കി കൊടുക്കുന്നതും നല്ലതാണ്. എങ്കിൽ രണ്ട് മാസത്തേക്ക് വേറെ വളമൊന്നും നിങ്ങളിനി അന്വേഷിക്കേണ്ട.
ഈ വളം ചെടികൾക്ക് കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കാനുള്ള കഴിവ് നൽകുന്നു. പച്ചക്കറികളും ചെടികളും തഴച്ചുവളരുന്നതിനും ഇത് സഹായകരമാണ്. ഇതിനായി 200 ഗ്രാം കടലപ്പിണ്ണാക്ക് എടുക്കുക. ഇത് ഒരു ബക്കറ്റിലിട്ട് ശേഷം ഇതിലേക്ക് ഒരു ലിറ്റർ വെള്ളം ഒഴിക്കുക. 5 മുതൽ 10 മിനിറ്റ് വരെ വെള്ളത്തിൽ വച്ച് കുതിരാൻ അനുവദിക്കുക.
ശേഷം 50 ഗ്രാം ശർക്കര ചീകി ഇട്ടു കൊടുക്കുക. വളത്തിന്റെ ദുർഗന്ധമകറ്റാനും ഒപ്പം പോഷകങ്ങൾ നൽകുന്നതിനും ശർക്കര ഗുണപ്രദമാണ്. ഈ ലായനി നന്നായി ഇളക്കുക.
തുടർന്ന് നാല് ലിറ്റർ വെള്ളം കൂടി ഒഴിച്ച് 5 മുതൽ ആറ് ദിവസത്തേക്ക് പുളിപ്പിക്കാൻ വയ്ക്കുക. ഒരു കോട്ടൺ തുണി കൊണ്ട് ബക്കറ്റിന്റെ മുകൾവശം കെട്ടി മാറ്റി വയ്ക്കുക. എന്നാൽ ദിവസവും ഇത് ഇളക്കി കൊടുക്കണം. ഇങ്ങനെ വെറും രണ്ട് പിടി കടലപ്പിണ്ണാക്കിൽ നിന്നും നിങ്ങൾക്ക് ഏകദേശം നൂറു ലിറ്റർ വളം ഉണ്ടാക്കാനാകും. ഈ ലായനി ചെടികളുടെ ഇലകളിലും തണ്ടുകളിലും ചുവട്ടിലുമെല്ലാം സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇൻ്റർലോക്ക് നിർബന്ധമാണോ? പകരമെന്തൊക്കെയുണ്ട്!!!
കടല പിണ്ണാക്കും വേപ്പിന്‍ പിണ്ണാക്കും പച്ച ചാണകവും 2 ലിറ്റര്‍ വെള്ളത്തിൽ ചേർത്തുണ്ടാക്കുന്ന ജൈവവളവും ചെടികളുടെ വളർച്ചയ്ക്ക് നല്ലതാണ്.
Share your comments