റംലത്തു അൽഹാദ് 20 വർഷത്തിൽ ഏറെയായി സമ്മിശ്ര കൃഷിയിലൂടെ ആനന്ദവും ആദായവും കണ്ടെത്തി വരുന്നു. ടൗണിൽ നിന്ന് കല്ല്യാണം കഴിഞ്ഞ് എത്തുന്നത് ഒരു കർഷക കുടുംബത്തിലെ ഇളയ മകന്റെ ഭാര്യയായിട്ടാണ്. കൃഷിയോട് താല്പര്യം ഉണ്ടായെങ്കിലും, അത് എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം എന്നൊന്നും ഒരു അറിവും ഉണ്ടായിരുന്നില്ല. ആ സമയത്ത് 10-30 പണിക്കാരും, നെൽകൃഷി, ജാതി, കുരുമുളക് എല്ലാം ഉണ്ടായിരുന്നു. ഉമ്മയാണ് കൃഷിയൊക്കെ നോക്കിനടത്തിയിരുന്നത്.
നടീലും കൊയ്യലും മെതിക്കലുമൊക്കെ കാണുമ്പോൾ റംലത്തിന് വല്ലാത്ത അത്ഭുതം തോന്നിയിരുന്നു. പതിയെ പതിയെ കൃഷിയിലേക്കിറങ്ങി വീട്ടിലേക്കാവശ്യമായ പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്തു തുടങ്ങി. ഉമ്മയുടെ മരണശേഷം എല്ലാം നോക്കി നടത്തേണ്ടി വന്നു. അങ്ങനെ പൂർണ്ണമായും കൃഷിയിലേക്കിറങ്ങി. പണിക്കാരുടെ ക്ഷാമം കാരണം നെൽക്കൃഷി നിന്നുപോയി. അതിന് ശേഷം പച്ചക്കറി, പഴവർഗ്ഗങ്ങൾ, ആട്, കോഴി, പോത്ത് എന്നിവയിൽ കൂടുതൽ ശ്രദ്ധ നൽകിത്തുടങ്ങി. വെറുതെ കിടന്ന സ്ഥലങ്ങളെല്ലാം കൃഷി യോഗ്യമാക്കി.
ഇപ്പോൾ പച്ചക്കറിയായിട്ട് പയർ, തക്കാളി, പച്ച മുളക്, വഴുതന, പടവലം, പാവൽ, വെണ്ട, കുക്കുമ്പർ, കോവൽ, മുരിങ്ങ, മത്തൻ, കുമ്പളം, ചുരക്ക, ചീര, അഗത്തിച്ചീര, പൊന്നാങ്കണ്ണി ചീര, ചീരച്ചേമ്പ്, അടുതാപ്പ്, വാഴ എന്നിവ ഉണ്ട്. പഴവർഗ്ഗങ്ങളായിട്ട് മാവ്, പ്ലാവ്, പേര, ചെറുനാരകം, ഗണപതി നാരകം, ബുഷ് ഓറഞ്ച് എന്നിവ ഉണ്ട്. വിദേശ രാജ്യങ്ങളിലെ പഴങ്ങളെ കുറിച്ച് അറിയാനും കഴിച്ചു നോക്കാനും താല്പര്യം തോന്നി.
എക്സോട്ടിക് ഫ്രൂട്ടായ അബിയു, ഡ്രാഗൺ ഫ്രൂട്ട്, ചിക്കു, പുലാസാൻ, കെപൽ, ബറാബ, സാൻന്തോൾ, അവക്കാഡോ, അവക്കാഡോ, ലോങ്ങൻ, മിറാക്കിൾ എന്നിവ വളർത്തുന്നു. സുഗന്ധവിളകളായി ഇഞ്ചി, മഞ്ഞൾ, ജാതി, കുരുമുളക്, കസ്തൂരി മഞ്ഞൾ, കരിമഞ്ഞൾ, മാങ്ങാഇഞ്ചി, രാമച്ചം, ഇഞ്ചി പുളി എന്നിവ ഉണ്ട്. കിഴങ്ങ് വർഗ്ഗത്തിൽപ്പെട്ട കപ്പ, ചേമ്പ്, ചേന, മധുരക്കിഴങ്ങ്, കാച്ചിൽ എന്നിവയും വളർത്തുന്നു.
മഞ്ഞളും മറ്റും വ്യവസായടിസ്ഥാനത്തിൽ കൃഷി ചെയ്ത് മൂല്യവർദ്ധിത ജൈവ ഉത്പന്നമാക്കി കടകളിൽ വിൽക്കാൻ നേരത്തെ മുതൽ തുടങ്ങിയിരുന്നു. ജൈവ ഉത്പന്നങ്ങളായിരുന്നിട്ടും അതിന് പ്രത്യേകതയൊന്നും ഒരു കടയിലും തന്നിട്ടില്ല. വിൽക്കുമ്പോൾ കിട്ടുന്ന തുകയും കുറവായിരുന്നു. കൃഷിയോടുള്ള താല്പര്യം കാരണം അത് വീണ്ടും ചെയ്തു കൊണ്ടേയിരുന്നു. ഇപ്പോൾ മിക്ക ഉത്പന്നങ്ങളും കൊടുക്കുന്നത് ഭർത്താവിന്റെ കടയിലാണ്.
Share your comments