പൊന്നോണത്തിന് മാവേലിയെ വരവേൽക്കാൻ പൂക്കുടയൊരുക്കുന്ന തിരക്കിലാണല്ലോ മലയാളിയും. പൂക്കൾ വിശുദ്ധിയുടെയും, സ്നേഹത്തിന്റെയും, സൗന്ദര്യത്തിൻ്റെയും പ്രതീകമാണ്. ഓണപ്പൂക്കളം, ഹൃദയങ്ങളുടെ ഒത്തുചേരലിന്റെയും ഐക്യത്തിന്റെയും പ്രതീകമാണല്ലോ! ലോകത്തിൻ്റെ ഏതു കോണിലുണ്ടെങ്കിലും ഓണത്തിന് തൻ്റെ അങ്കണം വർണാഭമായി പൂക്കളത്താൽ മനോഹരമാക്കുവാൻ മലയാളി ഉത്സാഹിക്കുന്നു.
എന്നാൽ ഈ പൂക്കൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കാം. പൂക്കളമൊരുക്കുമ്പോൾ വിഷാംശമുള്ള നാടൻ പൂക്കൾ ഏതൊക്കെയാണെന്ന് തിരിച്ചറിയാം.
അരളി (Nerium)
ഒലിയാൻഡർ,റോസ് ലോറൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന അരളിയുടെ ശാസ്ത്രനാമം നീരിയം ഒലിയാൻഡർ എന്നാണ്.
അരളിയുടെ ഇലയിലും, പൂവിലും, കായിലും, വേരിലും വരെ വിഷാംശമുണ്ട്. ഒലിയാണ്ടറിൻ, നീരിൻ എന്നീ ' കാർഡിയാക് ഗ്ലൈക്കോസൈഡ് രാസപദാർത്ഥങ്ങളാണ് വിഷാംശത്തിന് കാരണം. ശരീരത്തിൽ എത്തുന്ന അളവിനെ ആശ്രയിച്ചായിരിക്കും ഗുരുതരാവസ്ഥ. ചെറിയ അളവിലാണ് അരളിച്ചെടിയുടെ ഭാഗങ്ങൾ വയറ്റിൽ എത്തുന്നതെങ്കിൽ വയറിളക്കം, നിർജലീകരണം, ഛർദി എന്നിവയ്ക്ക് കാരണമാകുന്നു കൂടിയ അളവിലാണെങ്കിൽ മരണം വരെ സംഭവിക്കാവുന്നതാണ്.
ക്ഷേത്രങ്ങളിൽ പൂജയ്ക്കെടുക്കുന്ന പ്രധാന പുഷ്പങ്ങളിൽ ഒന്നായ അരളിപൂവ് ,പൂക്കളത്തിലെ അവിഭാജ്യ ഘടകമാണ്. ഇവ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുമല്ലോ അരളി പൂ പോലെത്തന്നെ വിഷാംശമുള്ള നിരവധി ചെടികൾ നമുക്ക് ചുറ്റുമുണ്ട്. ഇവ ഏതൊക്കെയാണ് എന്ന് തിരിച്ചറിഞ്ഞ് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്.
നിത്യ കല്യാണി (Peri winkle)
ശാസ്ത്രീയ നാമം കാതറാന്തസ് റോസിയസ് (Catharanthus roseus) എന്നാണ്. വർഷം മുഴുവൻ പൂക്കൾ തരുന്നത് കൊണ്ടാണ് നിത്യകല്യാണി എന്ന് അറിയപ്പെടുന്നത്. ചെടി മുഴുവനായി വിഷാംശമുള്ളതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ് വയറുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം കുട്ടികളിൽ മാരകമാവുന്നതായി കണ്ടിട്ടുണ്ട്.
ഇവയുടെ വേരിലും ഇലകളിലും നിന്ന് പല ഔഷധങ്ങളും വേർതിരിച്ചെടുക്കുന്നുണ്ട്. കാൻസറിന് എതിരെയുള്ള ഔഷധ നിർമ്മാണത്തിന് ഇവയിൽ vincristine, vinblastine, vinorelbine, vinflunine ആൽക്കലോയ്‌ഡുകൾ വേർതിരിച്ചെടുക്കുന്നതായി രേഖകൾ ഉണ്ട്.
കോളാമ്പി പൂവ് (Allamanda)
അലമാൻഡാ, ഗോൾഡൻ ട്രംപറ്റ് എന്നീ പേരുകളിലും അറിയപെടുന്നു. അപ്പോസയനേസിയേ കുടുംബത്തിൽ പെടുന്ന ഇതിൻ്റെ ശാസ്ത്രീയ നാമം അലമാൻഡ കത്താർട്ടിക്ക എന്നാണ്. അരളിയുടെ കുടുംബക്കാരനാണെങ്കിലും, പൂക്കളിൽ വിഷാംശമുള്ളതായി രേഖകളിൽ ഇല്ല. എങ്കിലും ഇവയുടെ കറ, വയറു വേദന, വയറിളക്കം എന്നീ അസ്വസ്ഥതകൾക്ക് കാരണമാകുന്നു.
Share your comments