പല തെങ്ങു കർഷകരേയും ബാധിക്കുന്ന ഒരു പ്രശ്‌നമാണ് തെങ്ങിൽ വരുന്ന ചിതലുകൾ. തൈ തെങ്ങുകളിലാണ് ചിതല് സാധാരണയായി കാണുന്നത്. ഇതിന് പ്രധാനമായും ഉള്ള പ്രതിവിധി തെങ്ങിന്‍ തൈ വയ്ക്കുമ്പോള്‍ ഒരുപിടി ഉലുവ ചതച്ച് പിള്ളക്കുഴിയില്‍ ഇടുക എന്നതാണ്.
തൈ നടുന്ന കുഴിയില്‍തന്നെ കറ്റാര്‍വാഴയും മഞ്ഞളും നടുന്നതും ചിതല് വരുന്നത് തടയാനാകും. തെങ്ങിന്‍തടത്തില്‍ കാഞ്ഞിരത്തിന്‍ ഇലയും കരിങ്ങോട്ടയിലയും ചേര്‍ത്ത് ചിതലിൻറെ ഉപദ്രവം കുറയ്ക്കാം. ചിതല്‍ശല്യം തീവ്രമായ സ്ഥലങ്ങളില്‍ തൈകളുടെ കടയ്ക്കലും ഓലപ്പട്ടകളിലും കശുവണ്ടിത്തോടില്‍നിന്നുമെടുക്കുന്ന എണ്ണ തേച്ചുപിടിപ്പിക്കുന്നത് നന്ന്.
തെങ്ങിനെ ബാധിക്കുന്ന മറ്റൊരു കീടമാണ് കൊമ്പന്‍ചെല്ലി. ഇവയുടെ ഉപദ്രവം കുറയ്ക്കുന്നതിനായി ചെല്ലിപ്പുഴുക്കളെ വളക്കുഴിയില്‍ വച്ചുതന്നെ നശിപ്പിക്കുന്നതാണ് ഉത്തമം. വളക്കുഴിയില്‍ ഇടയ്ക്കിടയ്ക്ക് വേരടക്കം പിഴിതെടുത്ത പെരുവലം ചേര്‍ത്തുകൊടുക്കുന്നത് പുഴുക്കളുടെ വളര്‍ച്ചാദശകളില്‍ വൈകല്യമുണ്ടാക്കി ചെല്ലിശല്യം കുറയ്ക്കുന്നു. മഴക്കാലത്താണ് ചെല്ലിശല്യം കൂടുതലായി കാണുക. സന്ധ്യാസമയത്ത് തെങ്ങിൻറെ അവശിഷ്ടങ്ങളും മറ്റുമിട്ട് തീയിട്ടാല്‍ പ്രകാശം കണ്ട് എത്തുന്ന ചെല്ലി തീയില്‍വീണ് ചാകും.
തെങ്ങിന്‍കവിളില്‍ കുമ്മായം, ചാരം, മണല്‍ മിശ്രിതം കലര്‍ത്തി ഇടുന്നത് കൊമ്പനോട് കൊമ്പുകോര്‍ക്കാനാണ്. ഉപ്പും ചാരവും മണലിനൊപ്പം ചേര്‍ത്ത് കവിളില്‍ ഇട്ടുകൊടുക്കുന്നത് ചെല്ലിയെ നിയന്ത്രിക്കുന്നതിനുള്ള മറ്റൊരു നമ്പര്‍. ചെന്നിനായകം കലക്കിയ വെള്ളം മണലില്‍ ചേര്‍ത്തുണക്കി ഓലക്കവിളില്‍ നിറയ്ക്കുന്നതും ഗുണംചെയ്യും. വേപ്പിന്‍പിണ്ണാക്കും മണലും ചേര്‍ത്ത് മഴ തുടങ്ങുന്നതോടെ കൂമ്പിനോടുചേര്‍ന്ന് മടലുകളില്‍ നിറയ്ക്കുന്നതും നാടന്‍ചെല്ലി നിയന്ത്രണമാര്‍ഗമാണ്.
രണ്ടുലിറ്റര്‍ കഞ്ഞിവെള്ളത്തില്‍ കാല്‍ കിലോഗ്രാം കടലപ്പിണ്ണാക്ക് ചേര്‍ത്ത് വാവട്ടമുള്ള മണ്‍പാത്രത്തില്‍ മൂടിക്കെട്ടി വയ്ച്ച് ഒരാഴ്ചയ്ക്കുശേഷം ദുര്‍ഗന്ധം വമിക്കുന്ന മിശ്രിതത്തിന്റെ മൂടി തുറക്കുക. ഈ ദുർഗന്ധം ചെല്ലിയെ ആകര്‍ഷിക്കുന്നതിനുള്ള ഒരു കെണിയാണ്. ഒരുലിറ്റര്‍ കഞ്ഞിവെള്ളത്തില്‍ അഞ്ച് മരോട്ടിക്കായ ചതച്ചുവയ്ക്കുന്നതും ചെല്ലിക്കെണിതന്നെ.
വേരുതീനിപ്പുഴുക്കള്‍ മണല്‍മണ്ണില്‍ കൂടുതലായി കാണുന്നു,ഇടവിളയായി കൂവയും ചണവും മഞ്ഞളും നടുകയാണെങ്കില്‍ വേരുതീനിപ്പുഴുക്കള്‍ ആവഴിക്ക് വരില്ല.
തെങ്ങിനെ കൊല്ലാന്‍ കഴിവുള്ളവയാണ് ചെമ്പിന്‍ചെല്ലികള്‍. പനങ്കള്ള് മണ്‍കലങ്ങളില്‍ ഒഴിച്ചുവച്ചാല്‍ ചെമ്പനുള്ള ആകര്‍ഷകെണികളായി. പുറന്തൊലിമാറ്റിയ പച്ചമടല്‍ കഷണങ്ങള്‍ കള്ളില്‍ മുക്കിവച്ചാലും ചെമ്പന്‍ചെല്ലിക്കുള്ള കെണിതന്നെ. ചെല്ലി കുത്തിയ ദ്വാരങ്ങള്‍ അടച്ചശേഷം ഏറ്റവും മുകളിലത്തെ ദ്വാരത്തിലൂടെ യൂക്കാലിപ്റ്റസ് എണ്ണയില്‍ കുതിര്‍ന്ന പഞ്ഞി തിരുകിവച്ച് തടിക്കകത്തെ ചെമ്പന്‍പുഴുക്കളെ നശിപ്പിക്കാം.
Share your comments