നമ്മുടെ നാട്ടിൽ സവാള /വലിയ ഉള്ളി ഒരു കൗതുകത്തിനായി വളർത്താമെങ്കിലും നമ്മുടെ അധ്വാനത്തിന് അനുപാതത്തിൽ വിളവ് ലഭിക്കുന്നതായി കാണുന്നില്ല.
എന്നാൽ ഒരു പിടി ചെറിയ ഉള്ളി രണ്ട് മാസം കൊണ്ട് നാലിരട്ടിയിലധികമായി വർധിപ്പിക്കാനുള്ള ഒരു ചെറിയ മാർഗം ഇവിടെ പങ്ക് വെക്കാം.
ഈ ഒരു രീതിയെ ഒരു കൃഷി രീതി ആയി കാണാൻ കഴിയില്ല എങ്കിലും മൂല്യവർദ്ധിത ഉൽപ്പന്നമായി കാണാൻ കഴിയും. കൂടാതെ ഇത് ചെയ്യാൻ അധികം സ്ഥലം ആവശ്യമില്ല എന്നതാണ് പ്രധാന ഗുണം.
ഫ്ലാറ്റിലും മറ്റും താമസിക്കുന്നവർക്ക് ഇതിന് ബാൽകണിയിലോ മറ്റോ ചെറിയൊരു സ്ഥലം മതിയാകും.
ഇതിന് ആവശ്യമായി വരുന്നത് കുറച്ച് ഉപയോഗശുന്യമായ ഒരു ലിറ്റർ ബോട്ടിലും,
ഒരു പഴയ മാഗസിൻ, മണ്ണ്, ചാണക പ്പൊടി, ചകിരി കമ്പോസ്റ്റും പാചകത്തിനായി വാങ്ങിയതിൽ ബാക്കിയുള്ള കുറച്ച് ചെറിയ ഉള്ളിയും മാത്രമാണ്.
ആദ്യം ബോട്ടിലിന്റെ അടിഭാഗം മുറിച്ച് കളയാം തുടർന്ന് മൂടിയുള്ള ഭാഗം താഴെ വരുന്ന രീതിയിൽ ഇത് നൂല് കൊണ്ട് കെട്ടി തലകീഴായി തൂക്കിയിടാം.
വെള്ളം ഒഴുകി പോകാൻ മൂന്ന്-നാല് ദ്വാരം ഇടണം.
ഇതിൽ മാഗസിൻ പേപ്പർ കുഴൽകണക്കെ ബോട്ടിലിന് അകത്ത് സെറ്റ് ചെയ്യുക.
പോട്ടിങ് മിശ്രിതം തയ്യാർ ചെയ്യുന്നത്
തുല്യ അളവിൽ ചകിരി കമ്പോസ്റ്റ്, ചാണകപ്പൊടി, മണ്ണ് എന്നിവ മിക്സ് ചെയ്ത് ബോട്ടിലിന് ഉൾഭാഗത്ത് സെറ്റ് ചെയ്ത പേപ്പറിന് ഉൾഭാഗത്തായി നിറക്കുന്നു.
ഇത്തരത്തിൽ പേപ്പർ വിരിക്കുന്നത് വെളിച്ചം മണ്ണിൽ നേരിട്ട് പതിക്കുന്നത് തടയുവാനും വേരിന്റെ ശരിയായ വളർച്ചക്കും സഹായിക്കുന്നത് കൂടാതെ ഈർപ്പം നിലനിർത്താനും സഹായിക്കും.
മുക്കാൽ ഭാഗം ഈ പൊട്ടിങ് മിശ്രിതം നിറച്ചശേഷം ചെറിയ ഉള്ളി ഇതിൽ നടാം.
പാചകത്തിനായി വാങ്ങിയതിൽ വലുപ്പം കുറഞ്ഞ ചെറിയഉള്ളി മതിയാകും.
ഒരു ബോട്ടിലിൽ ഒന്ന് വീതം നട്ടാൽ മതി.
ഇലകൾ വരുന്നത് വരെ ചെറിയ രീതിയിൽ നനക്കേണം.
മുളച്ച് കഴിഞ്ഞാൽ ആഴ്ചയിൽ രണ്ട് ദിവസം നനച്ചാൽ മതിയാകും.
രണ്ട് മാസം കഴിഞ്ഞാൽ ഇലകൾ ഉൾപ്പെടെ വിളവെടുക്കാം.
ആറ് ബോട്ടിലിൽ നിന്നും ലഭിക്കുന്ന ഉള്ളിയും അതിന്റെ ഇലകളും കൊണ്ട് ചെറിയൊരു കുടുംബത്തിന് ഒരു നേരത്തേക്കുള്ള തോരൻ /മെഴുക്കുപുരട്ടി തയ്യാർ ചെയ്യാൻ സാധിക്കും. കൂടാതെ കറികളിലും ചേർക്കാൻ നല്ലതാണ്.
കടപ്പാട് - PETARDS കൃഷിപാഠത്തിന്
Share your comments