കൂടുതൽ മണൽ കലർന്നതും അംമ്ലഗുണമുള്ളതുമായ മണ്ണിൽ ഇത് കൃഷി ചെയ്യാവുന്നതാണ്. തനിവിളയായും തെങ്ങ്, കരിമ്പ്, വാഴ, മരച്ചീനി, പരുത്തി, മഞ്ഞൾ എന്നിവയുടെ ഇടവിളയായും കൃഷിചെയ്യാവുന്ന ഒരു സസ്യമാണിത്. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ് സോയാബിൻ കൃഷിക്ക് നല്ലത്. കനത്തമഞ്ഞും വേനലും ചെടിവളരുന്നതിന് പ്രതികൂലമാണ്.നീർവാർച്ചയുള്ള മണൽ മണ്ണോ ചെളികലർന്ന പശിമരാശി മണ്ണോ എക്കൽ മണ്ണോ ഇതിന്റെ വളർച്ചയ്ക്ക് നല്ലതാണ്.
ഇടവം, മിഥുനം, കർക്കിടകം എന്നീ മാസങ്ങളിൽ നീർവാഴ്ചയുള്ള പ്രദേശങ്ങളിൽ വിരിപ്പുകൃഷിക്ക് അനുയോജ്യമായ സമയമാണ്. മുണ്ടകൻ കൃഷിക്കായി ചിങ്ങം, കന്നി, തുലാം, വൃശ്ചികം എന്നീ മാസങ്ങളിൽ രണ്ടാം വിളയായി ഉപയോഗിക്കാവുന്നതാണ്. ധനു, മകരം പകുതി വരെ പുഞ്ചകൃഷിക്ക് പറ്റിയ സമയമാണ്.
വിത്ത് നേരിട്ട് കൃഷിസ്ഥലങ്ങളിൽ വിതയ്ക്കാവുന്നതാണ്. വിതയ്ക്കുന്നതിന് 24 മണിക്കൂർ മുൻപ് ജീവാണുവളങ്ങൾ തണുത്ത കഞ്ഞിവെള്ളത്തിൽ കലക്കി നിഴലിൽ ഉണക്കി വയ്ക്കുന്നു. വിതയ്ക്കുന്നതിനുമുൻപായി വിത്ത് കുമിൾ നാശിനിയുമായി കലർത്തി വിതയ്ക്കാം. ജൈവവളങ്ങൾ അല്ലെങ്കിൽ രാസവളങ്ങൾ, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവ അടിവളമായി നിലത്ത് ഉഴുതു ചേർക്കുന്നു. മഴക്കാലത്തു വിത്ത് മുളയ്ക്കാനും നന്നായി വളരാനും അവ ഉയർത്തി കോരിയ വാരങ്ങളിൽ പാകണം. ഒരടി തിട്ടയിൽ അരയടി വ്യാസത്തിലുള്ള കുഴികളിൽ രണ്ട് വിത്തുകൾ വീതം നടാവുന്നതാണ്. വിത്തു 2-5 സെ.മീ വരെ താഴ്ത്തി നടാം. എന്നാൽ നടുന്ന സമയത്ത് മണ്ണിൽ വേണ്ടത്ര നനവുണ്ടെങ്കിൽ അധികം താഴ്ത്തേണ്ടതില്ല. വിത്ത് വരികൾ തമ്മിൽ 10 സെ.മീ അകലവും ചെടികൾ തമ്മിൽ 20 സെ.മീ അകലവും നൽകണം
ഹെക്ടറിന് 20:30:10 കി.ഗ്രാം എന്ന തോതിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ യഥാക്രമം അടിവളമായി നൽകണം. വളക്കൂറ് കുറഞ്ഞ മണ്ണിൽ ജൈവ വളങ്ങൾ ചേർക്കുന്നത് നന്ന്. സോയാബീൻസിന് കീടരോഗബാധ പൊതുവെ കുറവാണ്, മെലാനഗ്രോമൈസ എന്നു പേരായ തണ്ട് ഈച്ച ചെടിയുടെ തണ്ട് തുരന്ന് അത് ഉണക്കുന്നു. ഫോസ്ഫോമിഡോൺ 0.05% പ്രയോഗിച്ച് ഇതിനെ നിയന്ത്രിക്കാം. ലാമ്രോസെമ എന്ന പേരായ ഇലച്ചുരുട്ടിയെ കാർബാറിൽ 10% പൊടി തൂകി നിയന്ത്രിക്കാം.
വിത്ത് പാകി 4 മാസം കൊണ്ട് സോയാബീൻ വിളവെടുപ്പിന് തയ്യാറാകും. ഇലകൾ മഞ്ഞളിച്ച് കൊഴിയുന്നതാണ് വിളവെടുക്കാറായതിന്റെ സൂചന. വിളവെടുത്ത കായ്കൾ 10 ദിവസത്തോളം തണലത്ത് ഉണക്കണം. വിത്തുകൾ വടി കൊണ്ട് തല്ലിക്കൊഴിക്കണം. ഒരു വർഷക്കാലത്തോളമേ സോയാബീൻ വിത്തിന്റെ അങ്കുരണശേഷി നിലനിൽക്കുകയുള്ളൂ. വിത്തിലെ ഈർപ്പത്തിന്റെ അളവ് ശരിയായി ഉണക്കുക വഴി 10% ആയി കുറയ്ക്കാൻ കഴിഞ്ഞാൽ അങ്കുരണശേഷി ഒരു വർഷം വരെ നിലനിർത്താൻ കഴിയും. വിതയ്ക്കാനല്ലെങ്കിൽ വിത്ത് ഉണക്കിയതിനു ശേഷം പരമാവധി 3 വർഷം വരെ സൂക്ഷിക്കാം.
കോ-1 90 മുതൽ 100 ദിവസം വരെ മൂപ്പുള്ള ഇനം. പഞ്ചാബ് -1, 85-100 ദിവസങ്ങൾ, എം.എ.സി.എസ്-450 90 മുതൽ 100 ദിവസം വരെ മൂപ്പുള്ള ഇനവുമാണ്. കൂടാതെ ജെ.എസ്. 335, കോ-2 എന്നിവയ്ക്ക് 80-85 ദിവസം മൂപ്പു മാത്രമാണുള്ളത്. കൂടാതെ ചെടിക്ക് ഉയരവും കുറവാണ്. ബ്രാഗ്, ജെ.എൻ-2750, ഇ.ശി-2661 ഈ ഇനങ്ങൾക്ക് മെയ്-ജൂണിൽ നടുമ്പോൾ നാല് മാസം മൂപ്പാണുള്ളത്. മറ്റു കാലങ്ങളിൽ മൂപ്പ് കുറവായിരിക്കും.
പാകം ചെയ്തു കഴിക്കാനും സോയാബീൻ നല്ലതാണ്. സാധാരണ വീട്ടു പാചകങ്ങളിൽ ഇത് ഉഴുന്നതിനും മറ്റു പയറു വർഗ്ഗങ്ങൾക്കും പകരമായി ഉപയോഗിക്കാം
Share your comments