ഓർക്കിഡിന്റെ ഏറ്റവും പ്രധാന ശത്രുവാണ് ഒച്ച് എന്നു പറയാം. ഒച്ചുകൾ ഓർക്കിഡിന്റെ പുതുവേരുകൾ, തളിരിലകൾ, പൂമൊട്ടുകൾ ഒക്കെ തിന്നു നശിപ്പിക്കുന്നു. അക്കാറ്റിന് കുളിക്ക അക്കാറ്റിന് പാന്തി, ഹെലിക്സ് അർസം എന്നിങ്ങനെ പല ജനുസ്സിൽ പെട്ട ഒച്ചുകൾ ഓർക്കിഡിനെ ഉപദ്രവിക്കാറുണ്ട്.
പകൽ സമയം തൊണ്ടു കഷണങ്ങൾക്കിടയിലും, ചകിരി, ഇഷ്ടികക്കഷണങ്ങൾ എന്നിവയ്ക്കിടയിലും ഒച്ചുകൾ ഒളിച്ചിരിക്കും. രാത്രി കാലത്താണ് ഇവ പുറത്തിറങ്ങുക. തോടുള്ള “സ്‌നെയിൽ' എന്നു പേരായ ഒച്ചുകളും തോടില്ലാത്ത സ്ലഗ്' എന്നു പേരായ ഒച്ചുകളും ഉപദ്രവകാരികൾ തന്നെ. ഓർക്കിഡിന്റെ ഏതു ഭാഗവും തിന്നുമെങ്കിലും പുതുമുളകളോടാണ് ഇവയ്ക്ക് ഇഷ്ടം ഏറെ.
നിയന്ത്രണം: രാത്രി ടോർച്ച് ലൈറ്റ് പ്രകാശിപ്പിച്ചു നോക്കിയാൽ ചെടികളുടെ തണ്ടിലും ഇലയിലും ചട്ടിയുടെ വക്കിലുമൊക്കെ ഒച്ച് പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം. ഇവയെ ഗ്ലൗസിട്ട് കയ്യോടെ പിടികൂടി ഉപ്പു വെള്ളത്തിൽ ഇട്ട് കൊല്ലാം. ഒച്ചു ശല്യമുള്ള ചെടിയുടെ ഇലയിടുക്കുകളിൽ ഉപ്പു വിതറുന്നതും ഒച്ചുകളെ നശിപ്പിക്കും. മെറ്റാൽഡിഹൈഡ് അടങ്ങിയ തിരിരൂപത്തിലുള്ള (പെല്ലറ്റ്) ഒച്ചുനാശിനി ചട്ടിയിൽ വച്ചാൽ ഒച്ചുകൾ നശിക്കും. ഇത് 3-4 ആഴ്ച തുടർന്നാൽ ചട്ടിയിലെ മുഴുവൻ ഒച്ചും മുട്ടയുമൊക്കെ നശിച്ചു കിട്ടും.
നഴ്സറികളിൽനിന്ന് വാങ്ങുന്ന തൈകളിൽ ഒച്ചുസാന്നിധ്യം ഉണ്ടോ എന്ന് നിർബന്ധമായും പരിശോധിക്കണം.
നനഞ്ഞ തൊണ്ടിൻ കഷണമൊക്കെ മാറ്റി പകരം കരിക്കട്ടയും ഇഷ്ടികക്കഷണവും ഒക്കെ ഇട്ട് പുതുതായി ചെടി മാറ്റി നടുക. ചട്ടിയിലും സമീപത്തും കാബേജ് ഇല, പൈനാപ്പിൾ തൊലി എന്നിവ വിതറിയാൽ ഒച്ചുകൾ അവ തിന്നാനെത്തും. അങ്ങനെ അവയെ നശിപ്പിക്കാം. ഒരു ചെറിയ പാത്രത്തിൽ കുറച്ച് ബിയർ വച്ചാൽ അതിന്റെ ഗന്ധം പിടിച്ചും ഒച്ചുകളെത്തും. ഒച്ചിന്റെ സഞ്ചാരവഴികളിൽ ചെമ്പുനാട (കോപ്പർ ടേപ്പ്) കെട്ടിയും; അടുക്കളയിലും മറ്റും പാത്രം തേയ്ക്കാനുപയോഗിക്കുന്ന സ്റ്റീൽ വൂൾ കെട്ടിയും ഒച്ചുകളെ തടയാം; നിയന്ത്രിക്കാം; നശിപ്പിക്കാം. തറനിരപ്പിൽ നിന്ന് ഉയർത്തി ബെഞ്ചിലോ സിമന്റ് പ്ലാറ്റ്ഫോമിലോ തടിക്കുടകളിൽ തൂക്കിയോ വളർത്തുന്ന ഓർക്കിഡ് ചട്ടികളിൽ ഒപ്പുശല്യം താരതമ്യേന കുറവാണെന്ന് കണ്ടിട്ടുണ്ട്.
Share your comments