മദ്ധ്യപ്രായത്തിലുള്ള തെങ്ങുകളെ വളരെ മാരകമായി ബാധിക്കുന്ന തഞ്ചാവൂർ വാട്ട രോഗം രൂക്ഷമാകുന്നത് മാർച്ച് - ഓഗസ്റ്റ് മാസങ്ങളിലാണ്. വേനൽക്കാലത്ത് കാണപ്പെടുന്ന മണ്ണിലെ ഉയർന്ന താപനില, ഈർപ്പക്കുറവ്, ഉറച്ച അടിമണ്ണ് എന്നിവയാണ് ഈ രോഗത്തിന് അനുകൂലമായ പ്രധാന ഘടകങ്ങൾ.
ലക്ഷണങ്ങൾ
താഴത്തെനിരയിലുള്ള ഓലകൾ വാടി ഉണങ്ങുകയും ഇവ താഴെ വീഴാതെ തെങ്ങിൻ്റെ മണ്ടയിൽ തന്നെ തൂങ്ങി നിൽക്കുകയും ചെയ്യുന്നു. പിന്നീട് ഓലകൾ എല്ലാം ഉണങ്ങി മണ്ട മറിഞ്ഞു പോകുന്നു.
തടിയുടെ കടഭാഗം അഴുകുകയും ദുർഗന്ധം വമിക്കുകയും ചെയ്യുന്നു. കടഭാഗത്ത് തൊലിയടർന്ന് പോവുകയും വിള്ളലുകളുണ്ടാവുകയും അതിലൂടെ ചുവപ്പ് ദ്രാവകം ഒലിക്കുന്നതായും കാണാം.
നിയന്ത്രണ മാർഗ്ഗങ്ങൾ
രാസവളത്തിൻ്റെ തോത് ശുപാർശ ചെയ്തിട്ടുള്ളതിൽ നിന്നും നാലിൽ ഒന്നായി കുറയ്ക്കണം.
രോഗം ബാധിച്ച തെങ്ങിനു ചുറ്റം കടയ്ക്കൽ നിന്നും ഒന്നര മീറ്റർ അകലത്തിൽ അരമീറ്റർ വീതിയും ഒരു മീറ്റർ ആഴവുമുള്ള കിടങ്ങ് കുഴിച്ചു മറ്റു തെങ്ങുകളിലേക്ക് രോഗം പകരുന്നത് തടയുക.
പയർ വർഗ്ഗ വിളകൾ ഇടവിളയായി കൃഷി ചെയ്യുന്നത് ഒഴിവാക്കുക.
ട്രൈക്കോഡെർമ വളർത്തിയ ചാണകപ്പൊടി തെങ്ങൊന്നിന് 5 കിലോഗ്രാം എന്ന തോതിൽ ചേർത്ത് കൊടുക്കുന്നത് രോഗത്തെ പ്രതിരോധിക്കാൻ നല്ലതാണ്.
രോഗം ബാധിച്ച തെങ്ങിൻ്റെ തടത്തിൽ 80 മില്ലി ഹെക്സകൊണസോൾ 5 EC എന്ന കുമിൾനാശിനി 40 ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കുക.
Share your comments