പോഷണത്തിനും രോഗപ്രതിരോധശേഷി വര്‍ധനയ്ക്കുമായി എല്ലാ വിളകള്‍ക്കും ഉപയോഗിക്കാന്‍ പറ്റിയ വളക്കൂട്ടാണ് ജീവാമൃതം.
ജീവാമൃതം ഉണ്ടാക്കാൻ ചെമ്പുപാത്രം പാടില്ല. നിലത്തു കുഴിയുണ്ടാക്കി അതിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു ലായനി തയ്യാറാക്കാം. തണലത്തായിരിക്കണം കുഴിയുണ്ടാക്കേണ്ടത്. ജീവാമൃതം ഉപയോഗിക്കുന്ന വിളകളിൽ സാധാരണയായി യാതൊരു കീടങ്ങളും രോഗങ്ങളും ആക്രമിക്കുകയില്ല.
മണ്ണിനടിയിൽ 15 അടിവരെ ആഴത്തിൽ കഴിയുന്ന മണ്ണിരകൾ മുകളിലെത്തുകയും സസ്യങ്ങൾക്കാവശ്യമുള്ള മൂലകങ്ങൾ വേരുപടലത്തിനടുത്തെത്തിക്കുകയും ചെയ്യും. മണ്ണിൽ വളരുന്ന നാടൻ മണ്ണിര മാത്രമേ ഇങ്ങനെ ചെയ്യുകയുള്ളു. വിദേശമണ്ണിരകൾ (വളർത്തു വിരകൾ) മണ്ണു തിന്നില്ല. അവ ജൈവവസ്തുക്കൾ ചീയുന്നതു മാത്രമേ തിന്നുകയുള്ളൂ. അവ മണ്ണ് ഉഴുകയില്ല. ജീവാമൃതത്തിൽ ഹോർമോണുകൾ ഉണ്ട്. കുമിൾനാശിനിയുമാണ്.
ചാലുകളിൽക്കൂടി വെള്ളമൊഴുക്കി നന നടത്തുന്ന സ്ഥലങ്ങളിൽ ജീവാമൃതത്തിന്റെ ബാരലിൽ നിന്ന് ഒരു ചെറുകുഴൽ ചാലിലെ വെള്ളത്തിലേക്കു ക്രമമായി ഒഴുക്കി വിട്ടാൽ വെള്ളത്തിനൊപ്പം ജീവാമൃതം കൃഷിയിടത്തിലെത്തും. കുട്ടനാടൻ പാടശേഖരങ്ങളിൽ തുമ്പിലേക്ക് ജീവാമൃതത്തിന്റെ ചെറുകുഴൽ ഘടിപ്പിച്ചാൽ മതി. തെങ്ങ്, കവുങ്ങ് തുടങ്ങിയ വൃക്ഷങ്ങൾക്ക് 20 ലിറ്റർ വരെയും കുരുമുളക്, വാഴ, പച്ചക്കറികൾ ഇവയ്ക്ക് 5 ലിറ്റർ വരെയും ജീവാമൃതം കൊടുക്കാം.
വൈകുന്നേരമാണ് വളപ്രയോഗത്തിന് നല്ല സമയം. മണ്ണിൽ ഈർപ്പമുണ്ടായിരിക്കണം. പുതയുണ്ടെങ്കിൽ പുതയുടെ മുകളിൽ ഒഴിച്ചു കൊടുത്താൽ മതി. അരിച്ചെടുത്ത ജീവാമൃതം തുള്ളിനനയ്ക്ക് (ഡ്രിപ് ഇറിഗേഷൻ) ഉപയോഗിക്കാം. തുള്ളി നനയ്ക്ക് ഉപയോഗിക്കുന്ന അരിപ്പ (വെഞ്ചുറി)യുമായി ജീവാമൃത ബാരലിലെ കുഴൽ ഘടിപ്പിച്ചാൽ തുള്ളി നനയ്ക്കൊപ്പം ജീവാമൃതവും കൃഷിസ്ഥലത്തെത്തും.
ജീവാമൃതം മണ്ണിൽ ചേർത്തു കഴിഞ്ഞാൽ മണ്ണിലെ വിരകൾ വളരെ ആഴത്തിൽ നിന്ന് തീരെ ചെറിയ കല്ലുകളും ചെറിയ കക്കകളും വയറ്റിലിട്ട് പൊടിച്ച് മുകളിലെത്തിക്കും. മണ്ണിലെ നൈട്രജന്റെ അളവ് ഏഴ് ഇരട്ടിയായും ഫോസ്ഫറസ് ഒമ്പത് ഇരട്ടിയായും പൊട്ടാഷ് പതിനൊന്ന് ഇരട്ടിയായും വർദ്ധിക്കും.
Share your comments