വർഷം മുഴുവൻ ലഭിക്കുന്ന 250-300 സെ.മീറ്റർ വാർഷിക വർഷ പാതം ലഭിക്കുന്ന സ്ഥലങ്ങളാണ് റമ്പൂട്ടാൻ കൃഷിക്ക് അനുയോജ്യം. ധാരാളം അന്തരീക്ഷ ഈർപ്പമുള്ള ഉഷ്‌ണമേഖലാ പ്രദേശങ്ങളിൽ ഇവ നന്നായി വളരുന്നു. സമുദ്രനിരപ്പിൽ നിന്നും 300 മീറ്ററിന് താഴെയായി സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ റമ്പൂട്ടാൻ പുഷ്‌ടിയായി വളരാറുണ്ട്. നീർവാർച്ചയുള്ളതും നല്ല വളക്കൂറുള്ളതുമായ മണൽ കലർന്ന പശിമരാശി മണ്ണാണ് ഇതിൻ്റെ വളർച്ചയ്ക്ക് യോജിച്ചത്.
മരത്തിൻ്റെ ബാഹ്യസ്വഭാവം
15-25 മീറ്റർ പൊക്കത്തിൽ വളരുന്നു. പുറന്തൊലി ഇരുണ്ട തവിട്ടു നിറം കലർന്ന ചാരനിറം. ഇലകൾ പിച്ഛകം. പൂക്കൾ ചെറുതും വെള്ള നിറവുമാണ്. പഴങ്ങൾ ഇരുണ്ടതോ അണ്‌ഡാകൃതിയിലോ ആയിരിക്കും. 3.5-8 സെ.മീ. x 2-5 സെ.മീ. വലിപ്പം ഉണ്ടാകും. പുറന്തോടിൻറെ മുകളിലായി മുള്ളുകൾ പോലെ മഞ്ഞയോ കടുത്ത ചുവപ്പ് നിറത്തിലോ വളഞ്ഞു കാണുന്നു. പുറന്തോട് നേർത്ത് തുകൽ കൊണ്ടു പൊതിഞ്ഞ പോലെ കാണുന്നു. എങ്കിലും എളുപ്പം കീറി മാറ്റാൻ കഴിയുന്നു. വിത്തുകൾ 2.5-3.5 സെ.മീറ്റർ നീളവും അതിന്റെ പുറത്തുകാണുന്ന പത്രിക്ക് വെളുപ്പോ റോസ് കലർന്ന വെളുപ്പോ നിറവും അർധതാര്യവും രസപൂർണവും ആണ്.
ഏതു രീതിയിലുള്ള പ്രവർധനമാണ് പ്രചാരത്തിലുള്ളത്
വിത്ത് മൂലമാണ് സാധാരണ പ്രജനനം നടക്കുന്നതെങ്കിലും പതി വച്ചും വശം ചേർത്തൊട്ടിച്ചും മറ്റു കായിക പ്രവർധനം മൂലവുമാണ് ഇവയെ നടാൻ ശുപാർശ ചെയ്യപ്പെട്ടിട്ടുള്ളത്. കാരണം ഇതിൽ ആൺ പെൺ മരങ്ങൾ പ്രത്യേകം കാണുന്നതിനാൽ നട്ടുവളർത്തുന്ന മരങ്ങൾ കായ്ക്കുമെന്നു ഉറപ്പിക്കാൻ പറ്റുന്നതല്ല.
തൈ നടുന്ന രീതി എങ്ങനെ
50 സെ.മീറ്റർ വീതം, നീളം, വീതി, താഴ്‌ച എന്ന ക്രമത്തിൽ കുഴിയെടുത്ത് മേൽമണ്ണും ഉണക്ക ചാണകപ്പൊടിയും നന്നായി കലർത്തി കുഴി നിറയ്ക്കുന്നു. ശേഷം മധ്യഭാഗത്തായി തൈ നടുന്നു. കാല വർഷാരംഭത്തിലാണ് തൈ നടാൻ പറ്റിയത്.
നടുമ്പോൾ തൈകൾ തമ്മിൽ എന്തകലം നൽകണം
നടുമ്പോൾ തൈകൾ തമ്മിൽ 6-7.5 മീറ്റർ അകലം നൽകണം.
കേരളത്തിൽ കാണുന്ന മരങ്ങൾക്കുള്ള പ്രത്യേകതകൾ
കേരളത്തിൽ കാണുന്ന റമ്പുട്ടാൻ്റെ കായ്‌കൾക്ക് വെളുത്ത നിറമാണ്. പഴുക്കുമ്പോൾ ചുവപ്പ് കലരുന്നു. പുറന്തോടിൽ നീളത്തിൽ വളർന്നു നിൽക്കുന്ന മാംസളമായ ഭാഗം കാണുന്നു. മഞ്ഞ നിറത്തിൽ പഴമുണ്ടാകുന്ന മറ്റൊരിനം മലേഷ്യയിലുണ്ട്.
കേരളത്തിൽ റമ്പൂട്ടാൻ കായ്ക്കുന്നത് എപ്പോഴാണ്
കേരളത്തിൽ ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള കാലത്താണ് കായ്ക്കുന്നത്. തോട് നീക്കം ചെയ്‌ത് ഉള്ളിൽ ചുവപ്പു നിറത്തിൽ വിത്തിനെ പൊതിഞ്ഞ് ജെല്ലി പോലെ കാണുന്ന ഭാഗം തിന്നാൻ ഉത്തമം.
Share your comments