കേരളത്തിലെ ഹൈറേഞ്ചുകളിൽ മാത്രം ഒരുങ്ങി നിന്നിരുന്ന പച്ചക്കറി വിളകളായിരുന്നു കാബേജ്, കോളിഫ്ളവർ, കാരറ്റ്. ബീറ്റ്റൂട്ട്, റാഡിഷ്, നോൾ-കോൾ എന്നിവ.എന്നാൽ ഉയർന്ന താപനിലയെ പ്രതിരോധിക്കുന്ന പുതിയ ഇനങ്ങളുടെ വരവോടെ. ഈ വിളകൾ ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ കേരളത്തിലുടനീളം കൃഷി ചെയ്തു വരുന്നു. കൂടുതൽ സ്ഥലങ്ങളിലേക്കുള്ള കൃഷിയുടെ വ്യാപനവും, കാലാവസ്ഥാ വ്യതിയാനവും ഈവിളകളിൽ കീടരോഗബാധയുടെ തോത് വർദ്ധിക്കുന്നതിനും ഇടയാക്കി.
ഈ വിളകളിൽ സാധാരണയായി കണ്ടു വരുന്ന രോഗങ്ങൾ കടചീയൽ, വെള്ളതുരുമ്പ്, മൃദുരോമ പൂപ്പ്, ചൂർണ്ണപൂപ്പ്, തലചീയൽ, ഇലപുള്ളി. ക്ലബ് റോട്ട്, ബ്ലാക്ക് റോട്ട് അഥവാ കറുത്ത ചീയൽ എന്നിവയാണ്. ഈ രോഗങ്ങൾ ചെടിയുടെ വളർച്ചയിൽ പല ഘട്ടങ്ങളിലായിട്ടാണ് കണ്ടു വരുന്നത്.
നഴ്‌സറി തടങ്ങളിലും. പ്രോട്രേകളിലും നീർവാഴ്ച കുറഞ്ഞ്, വെള്ളം കെട്ടി നിൽക്കുന്നതാണ് ഈ രോഗബാധയുടെ മൂല കാരണം. മേഘാവൃതമായതും. ആർദ്രത കൂടുതലുമുള്ള കാലാവസ്ഥയിൽ ഈ രോഗബാധ കൂടുതലായി കാണപ്പെടുന്നു. കൂടാതെ നിശ്ചിത സ്ഥലത്ത് തൈകളുടെ എണ്ണം കൂടുന്നതും. വെള്ളം കെട്ടി നിൽക്കുന്നതും ഈ രോഗബാധയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നു.
വിത്ത് നട്ട് മുളച്ചു വരുന്നതിനു മുൻപോ, മുള വന്നതിന് ശേഷമോ ഈ രോഗബാധയുണ്ടാകാം. രോഗബാധ മൂലം ചെടികളുടെ തണ്ട് മണ്ണിനോട് ചേരുന്ന ഭാഗം ചീഞ്ഞ് ചെടികൾ മറിഞ്ഞ് വീഴുന്നു.
നിയന്ത്രണ മാർഗ്ഗങ്ങൾ
നഴ്സറി തടങ്ങളിലും പ്രോട്രേകളിലും നീർവാഴ്ച ഉറപ്പു വരുത്തുക.
അമിത ജലസേചനം ഒഴിവാക്കുക.
ചെടി നടുന്ന മാധ്യമത്തിൽ കുമ്മായം/ ഡോളമൈറ്റ് ചേർത്ത് അമ്ലത്വം ക്രമീകരിച്ചു ചെടികൾക്ക് ട്രൈക്കോഡെർമ ചേർത്ത് സമ്പുഷ്ടമാക്കിയ ചാണകപ്പൊടി ഉപയോഗിക്കുക.
സ്യൂഡോമാണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ച് കൊടുക്കാം.
രോഗബാധ കണ്ടതിന് ശേഷം, 1% ബോർഡോ മിശ്രിതം അല്ലെങ്കിൽ കോപ്പർ ഓക്‌സിക്ലോറൈഡ് 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി മണ്ണ് കുതിരത്തക്ക വിധത്തിൽ ചുവട്ടിൽ ഒഴിച്ച് കൊടുക്കുക.
Share your comments