കാർഷിക കൊള്ളരുതായ്മകൾ, പ്രമോദ് മാധവൻ
Good Agricultural Practices (GAP)എന്നൊരു concept ഉണ്ട്. ഉത്തമ കൃഷി മുറകൾ എന്ന് പറയാം. അതിന്റെ നേർ വിപരീതമായ കുറച്ചു കാര്യങ്ങൾ കർഷകർ അറിഞ്ഞോ അറിയാതെയോ ചെയ്യാറുണ്ട്.
Bad Agricultural Practices(BAP)എന്നും വിളിക്കാം.
അത്തരം കാര്യങ്ങളെ കുറിച്ചുള്ള ഒരു പരമ്പര തുടങ്ങുന്നു.
അതിൽ ആദ്യത്തേത്.
അസമയ കൃഷി
(Untimely Cultivation)
"എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ" എന്നത് മലയാളി മറക്കാത്ത ഒരു ഡയലോഗ് ആണ്.
എന്ന് പറയുന്നത് പോലെ ഓരോ കൃഷി ഇറക്കുന്നതിനും ഒരു നേരമുണ്ട്, കാലമുണ്ട്, ഞാറ്റുവേലയുണ്ട്.
നന്നായി വിളവ് തരാനും കീട രോഗങ്ങൾ കുറഞ്ഞിരിക്കാനും അത്തരം ആസൂത്രണം സഹായിക്കും.
കാലം നോക്കി കൃഷി
മേളം നോക്കി ചാട്ടം
നെൽകൃഷിക്ക് കാലം മൂന്ന്. വിരിപ്പ്, മുണ്ടകൻ, പുഞ്ച.
പച്ചക്കറി കൃഷിക്കും കാലം മൂന്ന്. വർഷകാല കൃഷി, ശീതകാല കൃഷി, വേനൽക്കാല കൃഷി
മെയ് മുതൽ ഒക്ടോബർ വരെ മഴക്കാല കൃഷി
നവംബർ മുതൽ ജനുവരി വരെ ശീത കാല കൃഷി
ഫെബ്രുവരി മുതൽ ഏപ്രിൽ വരെ വേനൽക്കാല കൃഷി
ഇതിനു അനുസൃതമായി നിലം ഒരുക്കൽ, പണ/വാരം/തടം/ചാൽ എടുക്കണം.
മഴക്കാലത്തിനു വാരം/പണ ആണ് നല്ലത്.
വേനൽക്കാലത്തു തടം /ചാൽ ആണ് നല്ലത്.
മഴക്കാല കൃഷിയിൽ നീർ വാർച്ച മുഖ്യം. ഇല്ലെങ്കിൽ പണി പാളും.
ഇനങ്ങൾ തെരെഞ്ഞെടുക്കുമ്പോഴും സീസൺ നോക്കണം.
നീരൂറ്റി കീടങ്ങൾ നവംബർ മുതൽ കൂടിക്കൂടി മെയ് മാസം വരെ ഉണ്ടാകും. ശീത-വേനൽ കാല കൃഷിയിൽ മഞ്ഞക്കെണി മുഖ്യം.
ധനു മാസം.. നന കിഴങ്ങു
മകരം... ഓണത്തിനുള്ള ചേന, ഇഞ്ചി, ചേമ്പ് കൃഷി, വിഷുവിനുള്ള വെള്ളരി കൃഷി
കുംഭ മാസം.... ചേന കൃഷി, കാച്ചിൽ, കിഴങ്ങു
മേടം... ഇഞ്ചി കൃഷി, മരച്ചീനി, പൊടി വാഴ
മേടപ്പത്തു... തെങ്ങു നടീൽ
ഇടവം... ചേമ്പ്, മഞ്ഞൾ, കൂവ, മുളക്, വഴുതന, കുമ്പളം, കുരുമുളക്
മിഥുനം... കൂർക്ക, ചതുര പയർ, അമര പയർ
വൃശ്ചികം... തണ്ണി മത്തൻ, പൊട്ടു വെള്ളരി, ഓണ വാഴ
ധനു... ശീതകാല പച്ചക്കറികൾ, വെള്ളരി വർഗ വിളകൾ
ഇങ്ങനെ പോകുന്നു.
അസമയത്തുള്ള കൃഷി risky ആണ്. കീട രോഗങ്ങൾ കൂടുതൽ ആയിരിക്കും. മഴയുടെ, ചൂടിന്റെ കൂടുതൽ കുറവുകൾ കൃഷിയെ ദോഷകരമായി ബാധിച്ചേക്കാം.
അപ്പോൾ ഇനി കൃഷി കാലം നോക്കി മാത്രം
Share your comments