കാർഷിക കൊള്ളരുതായ്മകൾ 06-
പ്രമോദ് മാധവൻ
അറിഞ്ഞോ അറിയാതെയോ കർഷകർ ചെയ്യുന്ന Bad Agricultural Practices (BAP ) പരമ്പരയിലെ ആറാമത്തെ ഭാഗം
ചാണകത്തിന്റെ അശാസ്ത്രീയമായ സംഭരണവും ഉപയോഗവും
(Improper storage and use of farmyard manure)
ഏറ്റവും നല്ല ജൈവ വളം ഏതാണ് എന്ന് ഇന്ത്യക്കാരനോട് ചോദിച്ചാൽ ചാണകം എന്നാകും ഉത്തരം.
എന്നാൽ ചോദ്യം ചൈനക്കാരനോട് എങ്കിൽ മനുഷ്യ വിസർജ്യം എന്നാകും ഉത്തരം.
പൗരാണിക കാലം മുതൽ അല്ലെങ്കിൽ മനുഷ്യൻ കൃഷി ആരംഭിച്ചത് മുതൽ ജീവികളുടെ വിസർജ്യങ്ങൾ വളമായി ഉപയോഗിച്ചിരുന്നു.
ഇന്നും ഗ്രാമീണ ചൈനയും അമേരിക്കയിലെ അമിഷ് ജനതയും മെക്സിക്കോ യിലെ ആസ്‌ടെക് ജനതയും മനുഷ്യ വിസർജ്യവും മൂത്രവും പാഴാക്കാതെ വളമായി പ്രയോജന പെടുത്തുന്നു.
പശു, ആട്, കോഴി, കുതിര എന്നിവയുടെ എല്ലാം വിസർജ്യങ്ങൾ നല്ല ഒന്നാന്തരം ജൈവ വളങ്ങൾ ആണ്. പക്ഷെ അത് ശരിയായി പ്രോസസ്സ് ചെയ്തു സൂക്ഷിക്കാത്തതു മൂലം ഗുണമേന്മ കുറയുന്നു എന്നത് ഒരു യാഥാർഥ്യമാണ്.
പച്ച ചാണകം നല്ല ഒരു മേൽ വളം ആണ്. നീട്ടി കലക്കി ഒഴിച്ച് കൊടുക്കണം എന്ന് മാത്രം.
കുറുകിയിരുന്നാൽ അത് ഒരു പാൻകേക്ക് പോലെ മണ്ണിനു മുകളിൽ ഇരുന്നു മണ്ണിലേക്കുള്ള വായു സഞ്ചാരവും ജല നിർഗമനവും തടയും.
അത് പോലെ കിണ്വന വളങ്ങൾ (fermented manures )ആയ ജീവാമൃതം, വള ചായ, പഞ്ച ഗവ്യം, കുണപ ജലം എന്നിവ ഉണ്ടാക്കാനും പച്ച ചാണകം തന്നെ ഉത്തമം. നാടൻ പശുവായാൽ കേമായി.
എന്നാൽ പലരും ഇത് പറമ്പിലും തെങ്ങിൻ തടത്തിലും കൂട്ടിയിടും. ഫലമോ തെങ്ങിൽ കൊമ്പൻ ചെല്ലി പെരുകും. കാരണം ഈ ചാണകം തിന്നാണ് ചെല്ലിയുടെ സന്തതി ആയ കുണ്ടളപ്പുഴു വളരുന്നത്.
ഇനി ചിലർ ആകട്ടെ പച്ച ചാണകം വെയിലത്ത് ഉണക്കും. അട പാപീ... അതിലുള്ള നൈട്രജൻ അമോണിയ രൂപത്തിൽ മേലോട്ട് സ്വാഹാ... മാ നിഷാദാ... അരുത് രാജേന്ദ്രാ.... ...
അപ്പോൾ ശരി രീതി ഏത്?
മേൽപ്പുരയുള്ള വളക്കുഴികളിൽ നേരിട്ട് മഴയും വെയിലും കൊള്ളാതെ, തീറ്റയുടെ അവശിഷ്ടങ്ങളും മൂത്രത്തിന്റെ സത്തുമൊക്കെ വീണ് സമ്പുഷ്‌ടീകരിക്കപ്പെട്ട അഴുകി പൊടിഞ്ഞ കാലിവളം.
ഇവനെ വെല്ലാൻ പോന്നവർ വിരളം. ഇടയ്ക്കു ഇളക്കി കുണ്ടള പുഴുവിനെ കാക്കക്കും കോഴിക്കും കൊടുക്കണം എന്ന് മാത്രം.
പെരുവല ചെടി കഷണിച്ചു വളക്കുഴിയിൽ ചേർക്കുന്നത് ഉത്തമം.
ജിപ്സം (കാൽസ്യം സൾഫേറ്റ് ), സൂപ്പർ ഫോസ്‌ഫേറ്റ് എന്നിവ ഇടയ്ക്കിടെ ചേർക്കുന്നത് മൂലകനഷ്ടം തടയാനും പോഷക സമ്പുഷ്ടമാകാനും സഹായിക്കും.
ചാണകപ്പൊടിയിൽ 0.5, 0.2, 0.5%എന്ന അളവിൽ NPK ഉണ്ട്.
ഗോമൂത്രത്തിൽ 1.0, 1.35% അളവിൽ NK എന്നിവ ഉണ്ട്.
ആട്ടിൻ കാഷ്‌ഠത്തിൽ 3, 1, 2% NPK ഉള്ളപ്പോൾ കോഴി കാഷ്ഠത്തിൽ 3, 2.6, 1.4% NPK ഉണ്ട്.
പക്ഷെ തുറന്നു കിടന്നാൽ ഒരു മാസത്തിനുള്ളിൽ പകുതി നൈട്രജനും ആവിയായി (volatalization ) പോകും.
എത്ര അഴുകി പൊടിഞ്ഞ ചാണകപ്പൊടി ആയാൽ പോലും അതിന്റെ 30% നൈട്രജനും 60%ഫോസ്ഫെറസ് ഉം 70% പൊട്ടാസ്സ്യവും മാത്രമേ ഒന്നാം വർഷം ചെടികൾക്ക് ലഭിക്കൂ. അത് കണക്കിലെടുത്തു വേണം അടിവളത്തിന്റെ അളവ് നിശ്ചയിക്കാൻ.
പിന്നെ ഉള്ള നല്ല ജൈവ വളം പിണ്ണാക്കുകൾ ആണ്.
വില അധികമാണ്. മൂലകങ്ങളും.
4, 2, 1 %എന്നാ അനുപാതത്തിൽ NPK ഉണ്ട്. നന്നായി പൊടിച്ചു മണ്ണുമായി കൂട്ടി കലർത്തണം.
മണ്ണിന്റെ ഘടന, മൂലക ലഭ്യത, ജലാഗിരണ ശേഷി, അനുകൂല ബാക്ടീരിയ കാൽ പെരുകാനുള്ള സാഹചര്യം ഒരുക്കൽ, എല്ലാം ജൈവ വളങ്ങൾ നോക്കി കൊള്ളും.
വിത്തോ തൈകളോ നടുന്നതിനു പത്തു ദിവസം എങ്കിലും മുന്നേ കിളച്ച മണ്ണുമായി നന്നായി കൂട്ടി കലർത്തി കൊടുക്കണം.
മണ്ണിര കമ്പോസ്റ്റ്, ചകിരി ചോറ് കമ്പോസ്റ്റ്, എല്ലു പൊടി, ഉമി, പഴകിയ അറക്ക പൊടി, കരിയിലകൾ, പഴയ പേപ്പർ ഒക്കെ മണ്ണിനെ സമ്പുഷ്‌ടീകരിക്കാനും മണ്ണു തറഞ്ഞു പോകാതിരിക്കാനും സഹായിക്കും.
ഓരോ വിളകൾക്കും വ്യത്യസ്ത അളവിൽ ചേർത്ത് കൊടുക്കണം.
പാകമാകാത്ത ജൈവ വളങ്ങൾ ഉപയോഗിച്ചാൽ കീടശല്യം കൂടും.
മനുഷ്യ മൂത്രം നല്ല ജൈവ വളം ആണ്. ഒരു ആൾ ശരാശരി 25ഗ്രാം യൂറിയ ഒരു ദിവസം മൂത്രത്തിലൂടെ പുറന്തള്ളുന്നു എന്ന് ഗവേഷകർ പറയുന്നു. എന്താല്ലേ?
അപ്പോൾ ചാണകം അടക്കമുള്ള ജൈവ വളങ്ങൾ ശരിയായി സൂക്ഷിക്കാനും ഉപയോഗിക്കാനും നമുക്ക് കഴിയണം.
എന്നാൽ അങ്ങട്....
Share your comments