സ്പിനാഷ്: "ചീര" ചരിതം
പ്രിയ വായനക്കാരെ, ഞാന്‍ ചീര. പൊതുവെ ഇലക്കറിയായി ഉപയോഗിക്കുന്ന എന്നെ അറിയാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ എന്‍റെ സ്വദേശം ഏതെന്ന് അറിയാമോ? ഉത്തരമറിയില്ലെങ്കില്‍ ഞാന്‍ തന്നെ പറഞ്ഞുതുടങ്ങാം
ഒന്നാംഘണ്ഡം: ജനനം, പോഷകഗുണം
തെക്കുപടിഞ്ഞാറന്‍ ഏഷ്യയാണ് എന്‍റെ സ്വദേശം. ഇരുമ്പിന്‍റെ കലവറയാണ് ഞാന്‍. ഒപ്പം ജീവകം എ, ജീവകം സി, ജീവകം കെ എന്നിവയും എന്നിലുണ്ട്. അമരന്താഷ്യ വിഭാഗത്തില്‍പ്പെട്ട ഞാനാണ് പൊതുവെ ഭക്ഷ്യയോഗം. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണമെന്ന വിശേഷണവും എന്‍റെ പേരിനൊപ്പമുണ്ട്.
രണ്ടാംഘണ്ഡം: പ്രജനനം.
വേനല്‍ക്കാലമാണ് കൃഷിക്ക് ഏറ്റവും അനുയോജ്യം. വിത്ത് ചാണകപ്പൊടിയോ മണലോ കലര്‍ത്തി വിതയ്ക്കാം. ട്രൈക്കോഡെര്‍മ ചേര്‍ത്ത ജൈവവളം വിത്തു വിതയ്ക്കുന്ന തടത്തില്‍ ചേര്‍ക്കാം. നടേണ്ട സ്ഥലത്ത് ഒരു സെന്‍റില്‍ 100 കിലോഗ്രാം ചാണകപ്പൊടി, ഒരു കിലോഗ്രാം എല്ലുപ്പൊടി എന്നിവ വിതറി മണ്ണുമായി ചേര്‍ത്തു നിരപ്പാക്കുക. ഇതില്‍ ഒരടി അകലത്തില്‍ ഒരടി വീതിയുള്ള ചാലുകള്‍ ഉണ്ടാക്കി 25 ദിവസം മുതല്‍ 30 ദിവസം വരെ പ്രായമായ ചീരത്തൈകള്‍ മുക്കാലടി അകലത്തില്‍ നടാം. ഒരു സെന്‍റില്‍ ഏകദേശം 650 ഓളം ചീരചെടികള്‍ നടാവുന്നതാണ്.
മൂന്നാംഘണ്ഡം: പരിചരണം
ഒരാഴ്ച്ചത്തെ ഇടവേളകളില്‍ ഗോമൂത്രം, ജീവാമൃതം, ബയോഗ്യാസ് സ്ലറി, വെര്‍മിവാഷ്, കടലപ്പിണ്ണാക്ക് ഇവ നേര്‍പ്പിച്ചോ അല്ലെങ്കില്‍ 4 കിലോ വെര്‍മി കംമ്പോസ്‌റ്റോ, കോഴി വളമോ ജൈവ വളമായി നല്‍കാം. ഒട്ടും ഈര്‍പ്പമില്ലാത്ത മണ്ണാണെങ്കില്‍ ആവശ്യത്തിന് നനച്ചുകൊടുക്കണം. ഇലകള്‍ ഉപയോഗിച്ച് പുതയിട്ടു കൊടുക്കുന്നതും നല്ല വളര്‍ച്ചയ്ക്ക് ഉപകരിക്കും.
നാലാംഘണ്ഡം: വിളവെടുപ്പ്
തൈകള്‍ പറിച്ചുനട്ട് 15-20 ദിവസത്തിനുള്ളില്‍ വിളവെടുത്ത് തുടങ്ങാം. ചെടിയുടെ ചുവട്ടില്‍നിന്നു മുക്കാലടിയോളം ഉയരത്തില്‍വച്ച് മുറിച്ചു രണ്ടരമാസം വരെ പല തവണ വിളവെടുക്കാം. ഒരു സെന്‍റില്‍ നിന്നു 100 കിലോ വരെ ചീര ലഭിക്കും.
അഞ്ചാംഘണ്ഡം: ശത്രുസംഹാരപൂജ
ഇലപ്പുള്ളിയെന്ന രോഗമാണ് ഒരു ഭീഷണി. ചുവന്ന ചീരയിനങ്ങള്‍ പച്ചയിനങ്ങള്‍ക്കൊപ്പം ഇടകലര്‍ത്തി നട്ടാല്‍ രോഗബാധ കുറയും. ഒരു കിലോ ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയുണ്ടാക്കിയതിന്‍റെ തെളി, 10 ഗ്രാം അപ്പക്കാരം, 30 ഗ്രാം മഞ്ഞള്‍പ്പൊടി എന്നിവ 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി 40 ഗ്രാം പാല്‍ക്കായം ചേര്‍ത്തുണ്ടാക്കിയതിന്‍റെ മിശ്രിതം എന്നിവ തളിക്കുന്നത് ഇലപ്പുള്ളി രോഗത്തെ തടയും.
ഇലചുരുട്ടിപ്പുഴു, കൂടുകെട്ടിപ്പുഴു എന്നിവയെ നശിപ്പിക്കാന്‍ സസ്യാമൃത് ഒരു ലിറ്റര്‍, 6 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചതോ, വേപ്പ്, മഞ്ഞ അരളി, പെരുവലം, എന്നിവയിലൊന്നിന്‍റെ നാലു ശതമാനം വീര്യത്തിലുള്ള ഇലച്ചാര്‍ സോപ്പുലായനി ചേര്‍ത്തതോ, ജീവാണു കീടനാശിനികളോ തളിക്കുക.
Share your comments