നിങ്ങളുടെ കൃഷിയിടത്തിലെ മണ്ണിന്റെ പി എച്ച് മണ്ണ് പരിശോധനാ കേന്ദ്രത്തിൽ പോകാതെ തന്നെ സ്വയമായി കണ്ടുപിടിക്കാവുന്നതാണ്. എല്ലാ തവണയും കൃഷിയിറക്കുന്നതിനു മുൻപായി സ്വയം മണ്ണിന്റെ പി എച്ച് പരിശോധിക്കുന്നതാണ് ഉത്തമം. പി എച്ച് നിലവാരം അറിഞ്ഞു കഴിഞ്ഞാൽ കുമ്മായമോ, ഡോളോമൈറ്റോ എത്ര ഉപയോഗിക്കണം എന്നതിനെക്കുറിച്ച് ഒരു ഏകദേശ ധാരണ കിട്ടുവാനും ഇത് സഹായിക്കും. മണ്ണിന്റെ പി എച്ച് കണ്ടുപിടിക്കുവാനായി മണ്ണ് പരിശോധനയ്ക്ക് സാമ്പിൾ എടുക്കുന്ന രീതി ഇവിടെയും സ്വീകരിക്കേണ്ടതാണ്.
കൃഷിസ്ഥലത്തിന്റെ കിടപ്പനുസരിച്ച് മണ്ണിന്റെ പി എച്ച് വളരെ വേഗം മാറുന്നതിനാൽ കൂടുതൽ സാമ്പിളുകൾ എടുക്കുന്നതാണ് അഭികാമ്യം. ഒരു ഏക്കർ സ്ഥലത്ത് നിന്നും ചുരുങ്ങിയത് 10 സാമ്പിളുകൾ എങ്കിലും എടുക്കണം. ശേഖരിച്ച് എല്ലാ മണ്ണിന്റെ സാമ്പിളുകളും ഒരു ബക്കറ്റിൽ ഇട്ട് നല്ല പോലെ ഇളക്കി എല്ലാ സസ്യഭാഗങ്ങളും പാറക്കഷ്ണങ്ങളും കല്ലുകളും എടുത്ത് മാറ്റുക. ശേഷിക്കുന്ന മണ്ണിൽ നിന്നും ഒരു ഭാഗം മണ്ണ് എടുക്കുക (ഒരു ചെറിയ ചായക്കപ്പിൽ കൊള്ളുന്നത്). ഈ മണ്ണ് ഒരു പാത്രത്തിലിട്ട് രണ്ടര ഇരട്ടി ശുദ്ധവെള്ളം ചേർത്ത് നല്ല പോലെ ഇളക്കുക. കഴിയുമെങ്കിൽ അടപ്പുള്ള ഒരു സ്ഫടിക കുപ്പിയിൽ ഇട്ട് നല്ലപോലെ കുലുക്കിയ ശേഷം മണ്ണ് അടിയുവാൻ കുറഞ്ഞത് 30 മിനുട്ട് നേരമെങ്കിലും വെയ്ക്കുക. മണ്ണിൽ വെള്ളം ചേർക്കുന്നതിനു മുൻപായി വെള്ളത്തിന്റെ പി എച്ച് നോക്കേണ്ടതാണ്.
വെള്ളത്തിന്റെ പി എച്ച് 7.6 ആയിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക (ഇതിനായി കഴിവതും ഡിസ്റ്റിൽഡ് വെള്ളമോ, മിനറൽ വെള്ളമോ ഉപയോഗിക്കാവുന്നതാണ്). മണ്ണ് മുഴുവനായും വെള്ളത്തിൽ അടിഞ്ഞു എന്ന് ഉറപ്പു വരുത്തി മിനുട്ട് പി എച്ച് കടലാസും വെള്ളവുമായി രാസപ്രവർത്തനം നടക്കുവാൻ അനുവദിക്കുക. ക്രമേണ പി എച്ച് കടലാസിന്റെ നിറം മാറുന്നത് നിങ്ങൾക്ക് കാണുവാൻ സാധിക്കും. അൽപ്പ സമയത്തിനു ശേഷം കടലാസിന്റെ നിറത്തിന് ഒരു സ്ഥിരത കൈവരിക്കും. സ്ഥിരത കൈവരിച്ച ശേഷം കടലാസിൽ കാണുന്ന നിറവും പി എച്ച് പുസ്തകത്തിന്റെ പുറംചട്ടയിൽ നൽകിയിട്ടുള്ള പി എച്ച് ചാർട്ടുമായി താരതമ്യം ചെയ്യുക.
പി എച്ച് ചാർട്ടിൽ കാണിക്കുന്ന ഏത് നിറത്തിനാണോ ദ്രാവകത്തിൽ മുക്കിയ പി എച്ച് കടലാസിന്റെ നിറം ഏറ്റവും അടുത്തു നിൽക്കുന്നത് എന്നു നോക്കുക. ഈ നിറത്തിന് അടുത്ത് നൽകിയ സംഖ്യയാണ് മണ്ണിന്റെ പി എച്ച്. ഒന്നുരണ്ട് പ്രാവശ്യം ഈ പരീക്ഷണം നടത്തി പി എച്ച് മൂല്യം കൃത്യമായി കണ്ടുപിടിക്കേണ്ടതാണ്. പി എച്ച് മൂല്യം 6.5 നും 70 നും ഇടയ്ക്കാണ് കാണുന്നതെങ്കിൽ ക്ഷാമ ശ്രേണിയിലുള്ള പി എച്ച് കടലാസ് ഉപയോഗിച്ച് കൃത്യത വരുത്തേണ്ടതാണ് (ഉദാഹരണം: പി എച്ച് 5.5 മുതൽ 9.0 വരെയുള്ളതോ, 5.4-80 വരെയുള്ളതോ ആയ പി എച്ച് കടലാസുകൾ ഉപയോഗിക്കാവുന്നതാണ്.
പി എച്ച് കണ്ടുപിടിയ്ക്കുവാൻ കടലാസിനു പകരം ദ്രാവകവും ലഭ്യമാണ്. (യൂണിവേർസൽ ഇൻഡിക്കേറ്റർ - Universal Indicator) മണ്ണിന്റെ പി എച്ച് കണ്ടുപിടിക്കുവാനായി 10 മില്ലി മണ്ണുമായി കലക്കിയ ലായനിയിൽ 0.2 മില്ലി ഇൻഡിക്കേറ്റർ ദ്രാവകം ചേർത്തശേഷം ലഭിക്കുന്ന നിറവ്യത്യാസം ഇൻഡിക്കേറ്റർ ദ്രാവകത്തിനോടൊപ്പം നൽകിയ ചാർട്ടുമായി താരതമ്യപ്പെടുത്തുക,
മണ്ണിന്റെ പി എച്ച് കൂടുതൽ കൃത്യതയോടെ അളക്കുവാൻ പി എച്ച് മീറ്റർ ഉപയോഗിക്കാവുന്നതാണ്. വിവിധ തരത്തിലുള്ള പി എച്ച് മീറ്ററുകൾ ഇന്ന് ലഭ്യമാണ്. ഹൈടെക് കൃഷിരീതി സ്വീകരിക്കുന്ന കർഷകർക്ക് തുള്ളിനനയ്ക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെയും മറ്റും പി എച്ച് അളക്കാൻ സൗകര്യപ്രദമായ പോക്കറ്റ് പി എച്ച് പെന്നുകൾക്ക് ഇന്ന് വളരെ പ്രചാരം സിദ്ധിച്ചിട്ടുണ്ട്.
Share your comments