പശ്ചിമഘട്ട മേഖലയിലെ നനവാർന്ന പ്രദേശങ്ങളിലും, വരണ്ട പ്രദേശങ്ങളിലും വളരുന്ന ചെറുവൃക്ഷമാണ് മലവട്ടം, വട്ടക്കണ്ണി, വട്ട, ഉപ്പില, ഉപ്പുകുത്തി തുടങ്ങി ഒട്ടേറെ പ്രാദേശിക നാമമുള്ള ഇതിന്റെ ശാസ്ത്രീയനാമം Macaranga indica എന്നാണ്.
നാട്ടിൻപുറങ്ങളിലും കണ്ടുവരുന്ന ഇതിന്റെ ഇളം തണ്ടുകൾക്ക് പച്ചനിറവും തടിക്ക് ചുവപ്പ് കലർന്ന വെള്ള നിറമാണ്. തടിയിൽ വെട്ടിയാൽ ചുവന്ന പശ ഊറി വരും. മൃദുഭാരുവായതിനാൽ പ്ലൈവുഡ്, തീപ്പെട്ടി വ്യവസായങ്ങളിൽ ഉപയോഗിക്കുന്നു.
പരിചയുടെ ആകൃതിയിലുള്ള ഇളകൾ 40 സെ.മീ. വരെ വലിപ്പമുള്ളതും, അഗ്രഭാഗം കൂർത്തതുമാണ് ഇലഞെട്ടിനും വളരെ നീളമുണ്ട്. കുലകളായി വളരുന്ന പൂക്കൾക്ക് മഞ്ഞനിറവും ഒക്ടോബർ മുതൽ ഏപ്രിൽ വരെ പൂക്കാലവുമാണ്. ആൺ പെൺ പൂക്കൾ വ്യത്യസ്ത മരങ്ങളിലുണ്ടാവുന്നു. ഗോളാകൃതിയിലുള്ള ഫലങ്ങൾക്ക് ഒരു സെ.മീ. വരെ വലിപ്പമുണ്ടാവും.
വട്ടയുടെ പശ ലൈംഗീക രോഗങ്ങളിൽ ലേപനം ചെയ്യുവാൻ ഉപയോഗിക്കുന്നു.
തൊലി വിവിധ കരൾ രോഗങ്ങളിൽ ശമനമുണ്ടാക്കും. ചില നേത്രരോഗങ്ങൾക്ക് തളിരിലകൾ ഉപയോഗിക്കാറുണ്ട്.
തടി പ്ലൈവുഡ് വ്യവസായങ്ങളിൽ ഉപയോഗിക്കുന്നു. നൈട്രജനും പൊട്ടാഷും ധാരാളമുള്ളതിനാൽ ഇല മികച്ച പച്ചില വളമാണ്. ഇതിന്റെ കറ പശകളുണ്ടാക്കാൻ ഉപയോഗിക്കുന്നു.
ത്വരിത വളർച്ചയുള്ളതിനാലും, എല്ലാതരം മണ്ണിലും വളരുവാൻ കഴിയുന്നതിനാലും വനവൽക്കരണത്തിന് യോജിച്ച വൃക്ഷമാണ്.
Share your comments