പുതയിടല്‍
ഇഞ്ചിക്കൃഷിയില്‍ ഒഴിവാക്കാനാകാത്ത ഒരു പരിചരണമാണ് പുതയിടല്‍. ഇത് മണ്ണൊലിപ്പ് കുറയ്ക്കും. മഴത്തുള്ളി ശക്തിയായി മണ്ണില്‍ പതിയ്ക്കാതിരിക്കാന്‍ സഹായിക്കും. പുറമെ മണ്ണിലെ ഈര്‍പ്പം സംരക്ഷിക്കാനും കളകളെ നിയന്ത്രിക്കാനും ജൈവാംശത്തിന്റെ അളവ് കൂട്ടാനും പുതയിടുന്നത് സഹായകമാണ്. ഇഞ്ചി നട്ടയുടന്‍ സെന്റിന് 40 കി.ഗ്രാം എന്ന തോതില്‍ പച്ചില ഉപയോഗിച്ച് വാരങ്ങളില്‍ പുതയിടണം പിന്നീട് 40,90 ദിവസം കഴിഞ്ഞ് 30 കി.ഗ്രാം എന്ന തോതില്‍ പുതയിടല്‍ ആവര്‍ത്തിക്കാം.
വളം വെവ്വേറേ :-
ഇടവിളയെങ്കിലും തെങ്ങിനും ഇഞ്ചിക്കും വെവ്വേറെ വളം വേണം. അല്ലെങ്കില്‍ പോഷക മൂലകങ്ങള്‍ക്കുള്ള മത്സരത്തിനിടയില്‍ രണ്ടിന്റെയും വിളവ് കുറയും. വളം ഇടുമ്പോള്‍ കളകള്‍ നീക്കണം. ഒരു സെന്റിന് 700 ഗ്രാം യൂറിയ, 1 കി.ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 400 ഗ്രാം പൊട്ടാഷ് എന്നിവ വേണം.
ഇവയില്‍ സൂപ്പര്‍ ഫോസ്‌ഫേറ്റും പകുതി പൊട്ടാഷും അടിവളമായും പകുതി യൂറിയ 40 ദിവസം കഴിഞ്ഞും നല്‍കണം. പകുതി പൊട്ടാഷും അവശേഷിക്കുന്ന യൂറിയയും കൂടി നട്ട് 90 ദിവസം കഴിഞ്ഞ് നല്‍കണം. വളം ചേര്‍ത്ത് പുതയിട്ടതിനുശേഷം വാരങ്ങള്‍ മണ്ണിട്ടു മൂടുക. സിങ്കിന്റെ അഭാവമുള്ള പ്രദേശങ്ങളില്‍ സിങ്ക് സള്‍ഫേറ്റ് 20 ഗ്രാം ഒരു സെന്റിന് എന്ന തോതില്‍ നല്‍കണം.
ഇഞ്ചി മിശ്രവിളയായും
ഇഞ്ചി നട്ട വാരങ്ങളില്‍ മിശ്രവിളയായ തക്കാളി, മുളക്, വെണ്ട തുവര, ഉഴുന്ന്, മുതിര, ചോളം, രാഗി തുടങ്ങിയവയും കൃഷി ചെയ്യാം. കൂടുതല്‍ പോഷക മൂലകങ്ങള്‍ വലിച്ചെടുക്കുന്ന വിളയാണ് ഇഞ്ചി. ഇഞ്ചിയുടെ വിളവെടുപ്പിനുശേഷം പച്ചില വളച്ചെടികളോ പയറുവര്‍ഗങ്ങളോ വളര്‍ത്തി മണ്ണിന്റെ വളക്കൂറ് വര്‍ദ്ധിപ്പിക്കാം.
ഒരിക്കല്‍ കൃഷി ചെയ്ത വാരങ്ങളില്‍ രോഗം വരാന്‍ സാധ്യത കൂടുതലായതിനാല്‍ അവിടെ വീണ്ടും കൃഷിയിറക്കരുത്. തെങ്ങിന്‍തോട്ടത്തില്‍ കൃഷി ചെയ്യുന്നതുപോലെ കവുങ്ങ്, റബ്ബര്‍, മാവ്, ഓറഞ്ച്, കുരുമുളക് തോട്ടങ്ങളിലും ഇഞ്ചി വളര്‍ത്താം
Share your comments