മിക്ക വീടുകളിലും കാണപ്പെടുന്ന ചെടിയാണ് പത്തുമണി. ചുവപ്പ്, പിങ്ക്, വെള്ള്, മഞ്ഞ, വയലറ്റ്, നീല തുടങ്ങി വിവിധ നിറത്തിലും രൂപത്തിലും ഇവ കാണപ്പെടാറുണ്ട്. പത്തുമണി എന്ന് വിളിക്കുന്ന ഈ ചെടിയിൽ തന്നെ മൂന്ന് മണിയും നാല് മണിയും വരെ ഉണ്ട്.
ഓരോ സമയം അനുസരിച്ചാണ് പൂക്കൾ വിരിയുന്നത്. ഇവ വിരിയുന്ന ഏത് സമയത്താണോ ആ സമയം കൂട്ടിയാണ് ചെടി അറിയപ്പെടുക. ചെറിയ കുറ്റിയായും വള്ളിയായുമാണ് ഇവ വളരുക. അതുകൊണ്ട് തന്നെ ഇവയെ വളർത്താൻ പരിമിതമായ സ്ഥലം മാത്രം മതി.
വലിയ പരിചരണമൊന്നുമില്ലാതെ പത്തുമണിച്ചെടികള്‍ വളര്‍ത്താം എന്നതാണ് രണ്ടാമത്തെ കാര്യം. വീട് അലങ്കരിക്കാൻ ആളുകൾ ഇപ്പോൾ കൂടുതൽ ആശ്രയിക്കുന്നത് ഈ പത്തുമണിച്ചെടികളെയാണ്. കാരണം ചെറിയ ചെടിയായാതുകൊണ്ട് മാത്രമല്ല അവയുടെ നിറവും ഭംഗിയും കൊണ്ടുകൂടിയാണ്.
ചെടി നട്ടുവളർത്താനും പരിപാലിക്കാനും താൽപര്യമുള്ളവർക്ക് ഈ പത്തുമണിച്ചെടി മികച്ച വരുമാനവും നേടി തരും. ലോക്ക് ഡൗൺ കാലത്ത് പത്തുമണിച്ചെടി ഉപയോഗിച്ച് കുടുംബത്തിന്റെ കഷ്ടപ്പാട് മാറ്റിയ പത്തനംതിട്ടയിലെ പുല്ലാടയിൽ സ്വദേശി മഞ്ജു ഹരിയാണ് ഇതിന് സാക്ഷി.
തിരുവനന്തപുരത്തുനിന്ന് വെറുതെ ഒരിഷ്ടം തോന്നിയായിരുന്നു മഞ്ജു പത്തുമണിച്ചെടിയുടെ തണ്ട് വാങ്ങിയത്. വീട്ടുപ്പള്ളിൽ നട്ടുപ്പിടിപ്പിച്ച പത്തുമണിച്ചെടി കുറച്ച് ദിവസംകൊണ്ട് വളർന്ന് പന്തലിച്ചു. പലനിറത്തിലുള്ള പത്തുമണിപ്പൂക്കള്‍ മഞ്ജുവിന്റെ പൂന്തോട്ടത്തിലുണ്ട്.
ചെടി വളർന്ന് വന്ന സമയത്ത് അടുത്ത സുഹൃത്തുക്കളൊക്കെ തണ്ട് തരുമോ എന്ന് ചോദിച്ച് വരുമായിരുന്നു. വെറുതെ വേണ്ടായെന്നും പൈസ തരാമെന്നും പറഞ്ഞതോടെ എന്തുകൊണ്ട് ഇതൊരു ബിസിനസ് ആക്കി എടുത്തുകൂടാ എന്ന് ചിന്തിക്കാൻ തുടങ്ങി. അങ്ങനെ പലതരം പത്തുമണിച്ചെടികൾ ശേഖരിക്കുകയും അവ നട്ടുവളർത്തുകയും ചെയ്തു.
വീഡിയോ കണ്ടും ആളുകളോട് ചോദിച്ചുമൊക്കെയാണ് ചെടിയുടെ പരിചരണത്തെക്കുറിച്ച് മനസിലാക്കിയത്. ആവശ്യത്തിന് സുക്ഷിരങ്ങളുള്ള ചെടിച്ചട്ടികളിലാണ് ഇവ വളർത്തേണ്ടത്. വെള്ളവും വളവും ആവശ്യത്തിന് മാത്രം മതി. വെള്ളം കൂടി പോയാൽ തണ്ട് ചീത്തയായി പോകും.
പത്തുമണിച്ചെടികള്‍ക്ക് നല്ല സൂര്യപ്രകാശം ആവശ്യമാണ്. മഴക്കാലത്ത് ചട്ടിയില്‍ വെള്ളക്കെട്ട് ഉണ്ടാവാതെ ശ്രദ്ധിക്കണം. ചെടിച്ചട്ടിയുടെ അടിയില്‍ ഓടിന്റെയോ ഇഷ്ടികയുടെയോ കഷണങ്ങള്‍ നിരത്തിയശേഷമാണ് നടീല്‍ മിശ്രിതം നിറയ്ക്കേണ്ടത്. ചാണകപ്പൊടിയോ ആട്ടിന്‍കാഷ്ഠമോ മണ്ണുമായി ചേര്‍ത്ത് അല്പം വേപ്പിന്‍ പിണ്ണാക്കും കൂട്ടി നടീല്‍മിശ്രിതം തയ്യാറാക്കാം.
ഒരു കൗതുകത്തിന് വളര്‍ത്തിത്തുടങ്ങിയ പത്തുമണിച്ചെടികള്‍ ഇന്ന് തന്റെ വരുമാനമാർഗമാണെന്ന് മഞ്ജു പറയുന്നു. കൊവിഡ് കാലത്താണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്. ഇന്ന് ദിവസം 300 രൂപ മുതൽ 2000 രൂപവരെയുള്ള കച്ചവടം നടക്കുന്നുണ്ട്. ചെടി ചോദിച്ച് വീട്ടിലേക്ക് എത്തുന്നവരുടെ എണ്ണം കൂടിയതോടെ ശ്രീമുരുക വി ആന്‍ഡ് വി ഗാര്‍ഡന്‍ എന്ന പേരില്‍ മഞ്ജു ഒരു നഴ്സറി ആരംഭിച്ചിട്ടുണ്ട്.
ഓര്‍ക്കിഡ്, ഔഷധസസ്യങ്ങൾ എന്നിവ വിൽപനയ്ക്കുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് വിൽപന. പൂച്ചെടി കൃഷിക്കൊപ്പം തേനീച്ചക്കൃഷിയുമുണ്ട്. കൂടാതെ ആട്, കോഴി, പ്രാവ്, മുയല്‍ എന്നിവയെ വളര്‍ത്തുന്നുമുണ്ട്.
Share your comments