മൾബറി കുടുംബത്തിൽ ഉൾപ്പെടുന്ന പ്ലാവ് എന്ന വൃക്ഷം നൽകുന്ന ഒരു കായ്ഫലം ആണ് ചക്ക. ശാസ്ത്രീയനാമം: Artocarpus heterophyllus. പനസം എന്നും പേരുണ്ട്. കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ ഔദ്യോഗിക ഫലമാണ് ചക്ക.
സമതല പ്രദേശങ്ങളിൽ ആണ് ഇതു സാധാരണ കാണപ്പെടുന്നത്. ഏറ്റവും വലിയ കായ്ഫലം ചക്കയാണ്. പ്ലാവ് മിക്കവാറും വലിയ തായ്ത്തടിയും ചെറിയ ശാഖകളുമുള്ള വൃക്ഷമാണ്. ചക്കകൾ കൂടുതലും പ്ലാവിന്റെ തായ്‌തടിയിൽ തന്നെയാണ് ഉണ്ടാവുക. അപൂർവ്വമായി വേരിലും ചക്ക കായ്ക്കാറുണ്ട്.
വളരെ വലിയ ഒരു പഴം ആണ് ചക്ക. അനേകം പഴങ്ങളുടെ സമ്മേളനം എന്ന് വേണമെങ്കിൽ പറയാം. 25 സെന്റീമീറ്ററിർ കുറയാതെ വ്യാസം ഇതിനുണ്ട്. ഒരു ചെറിയ പ്ലാവിനു പോലും വലിയ കായ്കൾ ഉണ്ടാകും. ഒരു വലിയ ചക്കക്ക് 36 കിലോഗ്രാം വരെ തൂക്കവും, 90 സെന്റീമീറ്റർ വരെ നീളവും, 50 സെന്റീമീറ്റർ വരെ വീതിയും ഉണ്ടാകാം. പുറം തോട് കട്ടിയുള്ളതും മൂർച്ചയില്ലാത്ത മുള്ളുകൾ ഉള്ളതുമാണ്
ഫലത്തിനകത്ത് ചുളകളായാണ് പഴം കാണുന്നത്. ഓരോ ചുളക്കുള്ളിലും വിത്തായ ചക്കക്കുരു ഉണ്ടാകും. ചുളകൾക്കിടയിൽ ചക്കപ്പൊല്ല, ചവണി എന്നൊക്കെ അറിയപ്പെടുന്ന നാട പോലുള്ള ഭാഗങ്ങളും കാണാം.
ചക്കക്കുരുവിനെ പൊതിഞ്ഞ് കാണപ്പെടുന്ന ഇളംമഞ്ഞ നിറത്തിലുള്ള ചക്കച്ചുളയ്ക്ക് 3-5 മില്ലീമീറ്റർ വരെ കനം ഉണ്ടാകും. ചക്കച്ചുള വളരെ സ്വാദിഷ്ഠമാണ്. മറ്റു ഫലങ്ങളെ അപേക്ഷിച്ച് ഇതിനു ചാറുകുറവാണ്.
വിവിധയിനം ചക്കകൾ
പ്രധാനമായും രണ്ടു തരത്തിലുള്ള ചക്കകൾ ഉണ്ട്.
വരിക്ക- വരിക്ക ചക്കയിൽ തേൻവരിക്ക, മുട്ടം വരിക്ക, സിന്ദൂര വരിക്ക എന്നിങ്ങനെ പല ഇനങ്ങളുണ്ട്.കൂഴ (ചിലയിടങ്ങളിൽ പഴംപ്ലാവ് എന്നും പറയും)കൂഴ ചക്ക പഴുത്താൽ കുഴഞ്ഞിരിക്കും. എന്നാൽ വരിക്ക പഴുത്താലും നല്ല ഉറപ്പുണ്ടാകും. ഓരോ പ്ലാവിലെ ചക്കയ്ക്കും നിറത്തിലും ഗുണത്തിലും സ്വാദിലും വ്യത്യാസങ്ങൾ ഉണ്ടാകും.
തേങ്ങച്ചക്ക;ഉപയോഗം
പഴുത്ത ചക്കച്ചുള പഴമായി തിന്നുന്നു. ജാം, മിഠായി, ഹലുവ എന്നിവയുണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. മൂപ്പെത്തിയ ചക്കച്ചുള പുഴുങ്ങിയും ഉലത്തിയും കഴിക്കുന്നു. ഉലത്തിയ ചക്കക്കറി കഞ്ഞിയുടെ കൂടെ കഴിക്കുന്നത് സാധാരണമാണ്. പച്ച ചക്കച്ചുള അരിഞ്ഞ് എണ്ണയിലിട്ട് വറുത്ത് ചക്കവറുത്തതും നല്ല രുചിയുള്ളതാണ്. മലയായിൽ പഴുത്ത ചക്ക നെടുകെ ഛേദിച്ച് കുരുമാറ്റി ഐസ്ക്രീം ചേർത്ത് കഴിക്കുന്നു.ചക്ക ഉപയോഗിച്ച് മദ്യം ഉണ്ടാക്കാനും സാധിക്കും.
കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടായേക്കാവുന്ന ഭക്ഷ്യക്ഷാമങ്ങളെ നേരിടാൻ ചക്കയ്ക്ക് വലിയ ഒരു പങ്ക് വഹിക്കാനാവുമെന്ന് പഠനങ്ങൾ കാണിക്കുന്നു.
ചക്ക സുലഭമായി ലഭിക്കുന്ന കാലഘട്ടം ഏപ്രിൽ മുതൽ ജൂലായ് വരെയാണ്. ഏതു കാലാവസ്ഥയിലും കായ്ക്കുന്ന ഒരു പ്രത്യേക ഇനം പ്ലാവ് ഉണ്ടെന്നു പറയപ്പെടുന്നു. എന്നാൽ ഇതു കേരളത്തിൽ സാധാരണയല്ല. ചില പ്രത്യേക കാലയളവിൽ മാത്രം ലഭിക്കുന്നതു മുലവും സൂക്ഷിച്ചു വെയ്ക്കാനുള്ള സാങ്കേതിക വിദ്യയുടെ അഭാവവും ആണ് ചക്ക ഉപയോഗിക്കുന്ന തിലെ പ്രശ്നങ്ങൾ. വലിയ അളവിൽ പ്രത്യേക കാലത്തു മാത്രം ലഭിക്കുന്നതിനാലും, ചെറിയ ചെറിയ കുടുംബങ്ങളായി വിഭജിക്കപ്പെട്ടതിനാലും, മഴക്കാലത്തു വിവിധ രോഗങ്ങൾക്കു ചക്ക കാരണമാകും എന്ന തെറ്റിദ്ധാരണ മൂലവും ആണ് ഇത് വേണ്ടത്ര ഉപയോഗിക്കപ്പെടാതെ പോകുന്നത്.
ഔഷധഗുണം
മൂപ്പെത്താത്ത ഫലത്തെ ആയുർവേദം തീക്ഷ്ണസ്വഭാവമുള്ളതും പേശികളെ ചുരുക്കുന്നതും വായുകോപത്തെ ശമിപ്പിക്കുന്നതും ആയി കണക്കാക്കുന്നു. ശീതളമായ പഴുത്ത ഫലമാകട്ടെ, വിരേചനതടസ്സം, മെലിച്ചിൽ, അതിപിത്തം എന്നീ അവസ്ഥകളിൽ ഫലപ്രദമാണ്. ചക്കക്കുരു മൂത്രക്ഷമത വർദ്ധിപ്പിക്കുന്നതും, കാമോദ്ദീപകവും, മലബന്ധം ഉണ്ടാക്കിയേക്കാവുന്നതും ആണ്. ഇളം ഇലകൾ ചിലതരം ചർമ്മരോഗങ്ങളുടെ ചികിത്സയിൽ പ്രയോജനകരമാണ്. അവയുടെ ചാരം നീരുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്. പ്ലാവിന്റെ ചുനയ്ക്ക്, ഗ്രന്ഥിവീക്കങ്ങളുടേയും പരുവിന്റേയും ചികിത്സയിൽ സ്ഥാനമുണ്ട്. പ്ലാവിൻ വേരിന്റെ കഷായം അതിസാരം ശമിപ്പിക്കുമെന്നും കരുതപ്പെടുന്നു.
ചില ചക്ക വിഭവങ്ങൾ
ഇടിച്ചക്ക പക്കോട, ഹൽവ, വൈൻ, ചക്കക്കുരു കട്ലറ്റ്, ചക്കക്കുരു ഹൽവ എന്നിങ്ങനെ ചക്ക വിഭവങ്ങൾ തയ്യാറാക്കാം .
Share your comments