അരിയിലെ ആഴ്സനിക്കിനെ കുറിച്ച് ചില മെസേജുകൾ പരക്കുന്നുണ്ട്. യഥാര്ത്ഥ കാരണങ്ങൾ എന്താണെന്ന് വ്യക്തമായി പറയാതെ അർദ്ധ സത്യങ്ങളായി പ്രചരിക്കുന്ന ഇത്തരം സന്ദേശങ്ങൾ ഏറെ പേരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. പരിഹാരമായി പറയുന്നതാകട്ടെ കഞ്ഞി കുടിക്കരുത്, തവിടുള്ള അരി കഴിക്കരുത് എന്നൊക്കെയാണ്. മുന്പ് ഇതിനെ കുറിച്ച് എഴുതിയതാണ്. എങ്കിലും വീണ്ടും ആവർത്തിക്കുന്നു.
അരിയിൽ മാത്രമല്ല, കുടിവെള്ളത്തിൽ പച്ചക്കറികളിൽ പഴങ്ങളിലുമെല്ലാം ആഴ്സനിക്ക് കണ്ടെത്തിയിട്ടുണ്ട്. ആഴ്സനിക്
എങ്ങനെയാണ് മാരകമായ രീതിയിൽ നമ്മുടെ ഭക്ഷണത്തിൽ എത്തിയത്?
ഭൗമോപരിതലത്തിൽ സ്വാഭാവികമായും മനുഷ്യന്റെ ഇടപെടൽ മൂലവും ജൈവവും അജൈവവുമായ ആഴ്സനികിന്റെ സാന്നിദ്ധ്യം ഉണ്ടാകുന്നുണ്ട്. മൂന്നിൽ ഒരു ഭാഗം മാത്രമാണ് സ്വാഭാവികമായി കാണുന്നത്. മറ്റു പ്രധാന ഉറവിടം വ്യവസായ മേഖലയാണ്.
ഭൂമിക്കു മുകളിലെ ജലസ്രോതസ്സുകളായ സാധാരണ ആഴമില്ലാത്ത കിണറുകൾ, കുളങ്ങൾ, തടാകങ്ങൾ, തോടുകൾ, മഴവെള്ളത്തിലും സ്വാഭാവികമായും
(മനുഷ്യന്റെ ഇടപെടൽ മൂലമല്ലാതെ) വളരെ ചെറിയ അളവിൽ മാത്രമേ ആഴ്സനിക്ക് കാണപ്പെടുന്നുള്ളൂ. ഇതൊട്ടും അപകടകാരിയുമല്ല!
എന്നാൽ ചില പ്രദേശങ്ങളിൽ ആഴ്സനികിന്റെ സോഴ്സുള്ള പാറകളിൽ നിന്നോ പർവതങ്ങളിൽ നിന്നോ ഒഴുകി വരുന്ന നദികളിൽ ആഴ്സനിക്കിന്റെ സാന്നിദ്ധ്യം അപകടകരമായ രീതിയിൽ കണ്ടേക്കാം. അതുപോലെ ഭൗമോപരിതലത്തിന് താഴെ എന്നാൽ അധികം ആഴത്തിലല്ലാതെയുള്ള ഭൂഗര്‍ഭ ജലത്തിലും പല രാജ്യങ്ങളിലും ആഴ്സനിക്കിന്റെ സാന്നിദ്ധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂഗര്‍ഭജലം ആഴ്സനിക്കിന്റെ അംശമുള്ള പാറകളുമായി ബന്ധപ്പെടുമ്പോഴാണ് ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത കൂടുന്നത്.
വ്യവസായ മേഖലയിൽ നിന്നാണ് മാരകമായ രീതിയിൽ ആഴ്സനിക് പുറംതള്ളുന്നത്.
മൈനിംഗ്, വുഡ് പ്രിസർവേഷൻ, ഗ്ലാസ് ഇൻഡസ്ട്രി, ഇന്ധനങ്ങൾ കത്തുമ്പോൾ, കീടനാശിനികൾ, കളനാശിനികൾ, കുമിൾ നാശിനികൾ, രാസവളങ്ങൾ ഇങ്ങനെ വിവിധ വ്യവസായ മേഖലകളിൽ നിന്ന് അപകടകരമായ രീതിയിൽ ആഴ്സെനിക്കുണ്ടാകുന്നു.
ഇതിൽ 22 ശതമാനം ആർസെനികും കാർഷിക മേഖലയിൽ നിന്നാണ് ഉണ്ടാകുന്നത്.
പ്രകൃതിയിൽ സ്വാഭാവികമായി കാണുന്ന ആർസെനികും കൃഷിയിലോ, വികസനത്തിന്റെ ഭാഗമായോ ആസൂത്രണത്തിലുണ്ടാകുന്ന ചില പാകപ്പിഴവുകൾ മൂലമാണ് മാരകമായ രീതിയിൽ ബാധിക്കാൻ തുടങ്ങുന്നത്.
മിക്ക രാജ്യങ്ങളിലും ആഴ്സനിക്കിന്റെ അംശം കണ്ടെത്തിയിട്ടുണ്ടെങ്കിലും ബംഗ്ലാദേശ്, ഇന്ത്യ, പാക്കിസ്ഥാൻ, അമേരിക്ക, ചിലി, മെക്സിക്കോ, അർജന്റീന, ചൈന, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലാണ് ആഴ്സനിക്കിന്റെ അളവ് മനുഷ്യ ശരീരത്തെ ബാധിക്കുന്ന തരത്തിൽ ക്രമാതീതമായി രേഖപ്പെടുത്തിയിട്ടുള്ളത്. ഈയടുത്ത കാലത്ത് ശ്രീലങ്കയിലെ കൃഷിയിടങ്ങളിലും ആഴ്സനിക്ക് കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.
ബംഗ്ലാദേശിൽ ആഴ്സെനിക് കാരണം ആരോഗ്യ പ്രശ്നങ്ങൾ അധികരിച്ചപ്പോഴാണ് ലോക ഭക്ഷ്യ കാർഷിക സംഘടന ഈ വിഷയം ഗൗരവത്തിലെടുക്കുന്നത്.
ലോക ഭക്ഷ്യ കാർഷിക സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.
"ഏഷ്യൻ രാജ്യങ്ങളിൽ കഴിഞ്ഞ മുപ്പതു വർഷത്തിനുള്ളിൽ ഹരിതവിപ്ലവത്തിന്റെ ഭാഗമായി ദശലക്ഷകണക്കിന് കുഴൽക്കിണറുകൾ നിർമിച്ചു. ഇതിന്റെ ഫലമായി കൃഷിയിടങ്ങളിൽ ഭൂഗർഭജലം ജലസേചനത്തിന് അമിതമായി ഉപയോഗിക്കാൻ തുടങ്ങി. ബംഗ്ലാദേശിൽ നാല് ദശലക്ഷം ഹെക്ടർ കൃഷിയിടത്തിൽ ജലസേചനം നടക്കുന്നുണ്ട്. ഇതിൽ 2.4 ദശലക്ഷം ഹെക്ടർ പ്രദേശത്തേയ്ക്ക് ഏകദേശം ഒൻപത് ലക്ഷം കുഴൽക്കിണറുകളെയാണ് (Shallow Tube Wells) ആശ്രയിക്കുന്നത്. ഇതിൽ മിക്ക കുഴൽക്കിണറിലെ ജലത്തിലും ആഴ്സെനിക്കിന്റെ സാന്നിദ്ധ്യമുണ്ട്.
വർഷത്തിൽ ഒരു ദശലക്ഷം കിലോഗ്രാം ആഴ്സെനിക് കുഴൽക്കിണർ വഴി നടത്തുന്ന ജലസേചനത്തിലൂടെ കൃഷിയിടങ്ങളിലേക്കെത്തുന്നു. പ്രധാനമായും നെൽവയലുകളിൽ.
(Arsenic contamination of irrigation water,soil and crops in Bangladesh- FAO 2006)
ഇതോടൊപ്പം ചേർത്ത് വായിക്കേണ്ട മറ്റൊരു സംഗതി ബംഗ്ലാദേശിൽ 1970 നും
2000 ത്തിനും നും ഇടയിൽ കുടിവെള്ളത്തിന്
ഉപരിതല ജലസ്രോതസ്സുകളെ ഒഴിവാക്കി കുഴൽക്കിണറുകളെ ആശ്രയിക്കാൻ തുടങ്ങിയെന്നുള്ളതാണ്.
വയറിളക്കസംബന്ധമായ അസുഖങ്ങൾ കുറക്കുന്നതിനു വേണ്ടി ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്. വെള്ളപൊക്കത്തെ തുടര്‍ന്ന് ഉപരിതല ജലസ്രോതസ്സുകളിലൂടെ പകരുന്ന പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ
സുരക്ഷിതമായ ജലമെന്നു കരുതിയാണ് കുഴൽക്കിണറിനെ ആശ്രയിച്ചത്. അതിനു
വേണ്ടി സർക്കാർ സഹായത്തോടു കൂടി ചെലവ് കുറഞ്ഞ കുഴൽക്കിണറുകൾ പണിതുകൊടുത്തു. 1980-
1990 കളിൽ 2.5 ദശലക്ഷം കുഴൽക്കിണറുകളാണ് ഇങ്ങനെ പണിതത്.
ഗ്രാമീണജനതയുടെ 97 ശതമാനവും ഇപ്പോൾ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് ഈ കുഴൽക്കിണറുകളെയാണ്.
35 ശതമാനം കുഴൽക്കിണറുകളിലും അനുവദനീയമായ അളവിലും കൂടുതലാണ് ആഴ്സെനിക്കിന്റെ അളവ് (Bangladesh permissible limit 50µg/L).
WHO ഗൈഡ്ലൈൻ പ്രകാരമാണെങ്കിൽ 51
ശതമാനം കിണറുകളിലും ആഴ്സനിക് വളരെയധികമാണ് (10µg/L).
ആഴ്സനിക്കിന്റെ അളവ് കൂടിയതിനാൽ കാൻസറടക്കമുള്ള മറ്റു പലവിധ രോഗങ്ങൾ കാണാൻ തുടങ്ങി.
ഇപ്പോൾ മഴവെള്ള സംരക്ഷണവും ഉപരിതല ജലസ്രോതസ്സുകളുടെ പുനരുപയോഗവും സർക്കാർ പ്രോൽസാഹിപ്പിക്കുന്നു.
പശ്ചിമ ബംഗാളിലും പഞ്ചാബിലും പാക്കിസ്ഥാനിലും ഭൂഗര്‍ഭ ജലം ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് ഭക്ഷണത്തിൽ ആഴ്സനിക് കലരാനുള്ള ഒരു പ്രധാന കാരണം. ഹരിതവിപ്ലവത്തിനു ശേഷം വ്യാപകമായ ഭൂഗര്‍ഭ ജലം കൃഷിക്ക് ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഏഷ്യൻ രാജ്യങ്ങളിലും മണ്ണിൽ ആഴ്സനിക്കിന്റെ അളവ് വർദ്ധിക്കാൻ ഒരു പ്രധാന കാരണമായി.
അമേരിക്കയിൽ ഭൂഗര്‍ഭ ജല ഉപയോഗം ആഴ്സനിക്കിന് കാരണമാണെങ്കിലും ആഴ്സെനിക് അരിയിൽ വരാനുള്ള ഒരു കാരണം അമേരിക്കയുടെ തെക്ക്കിഴക്ക് പ്രദേശത്ത് പരുത്തികൃഷിക്കു വേണ്ടി ഉപയോഗിച്ച കീടനാശിനിയാണ്. പരുത്തിയിലെ കീടങ്ങൾക്കെതിരെ തളിച്ച 'കാൽസ്യം ആർസനേറ്റി'ന്റെ അവശിഷ്ടങ്ങളുള്ള പ്രദേശത്ത് ഇപ്പോൾ നെൽകൃഷിയാണ് നടക്കുന്നത്.
രാസവളവും രാസവളത്തിലുപയോഗിക്കുന്ന വ്യവസായ മാലിന്യവും അമേരിക്കയിലെ മണ്ണിലും ജലത്തിലും ആഴ്സനിക്കിന്റെ സാന്നിദ്ധ്യം വർദ്ധിക്കാനിടയാക്കിയതിനെ കുറിച്ച് പ്രശസ്ത എഴുത്തുകാരനും പുലിറ്റ്സർ പ്രൈസ് ജേതാവുമായ ഡഫ് വിൽസൺ എഴുതിയ ഫേറ്റ്ഫുൾ ഹാർവെസ്റ്റ് എന്ന പുസ്തകത്തിൽ വിശദമായി പറയുന്നുണ്ട്.
(Fateful Harvest: The True Story of a Small Town, a Global Industry, and a Toxic Secret ,Duff Wilson)
ലോക ഭക്ഷ്യ കാർഷിക സംഘടന പ്രസിദ്ധീകരിച്ച SOIL POLLUTION A HIDDEN REALITY എന്ന പുസ്തകത്തിൽ മറ്റു വ്യവസായ മാലിന്യം പോലെതന്നെ രാസവള വ്യവസായ മേഖല ആഴ്സനിക് പോലെയുള്ള ഹെവിമെറ്റൽസിന്റെ പ്രധാന സ്രോതസ്സുകളാണെന്ന് വ്യക്തമായി പറയുന്നുണ്ട്. വളർത്തുമൃഗങ്ങൾക്ക് നൽകുന്ന ആഹാരത്തിൽ ആഴ്സെനിക് അടങ്ങിയ മായം കലർന്നിട്ടുണ്ടെങ്കിൽ അവയുടെ വളത്തിലൂടെയും മണ്ണിലേക്കെത്താം.
ആഴ്സനിക്ക് കാരണം വളരെയധികം ദുരിതം അനുഭവിച്ച ഒരു രാജ്യമാണ് ശ്രീലങ്ക.
ശ്രീലങ്കയിൽ അടുത്തിടെയുണ്ടായ ആരോഗ്യ പ്രശ്നങ്ങളിൽ ഒരു പ്രധാന വില്ലനാണ് ആഴ്സനിക്. അതേ കുറിച്ച് ഒരുപാട് പഠനങ്ങൾ അവിടെ നടന്നിട്ടുണ്ട്. ശ്രീലങ്കയിലെ
വിവിധ യൂനിവേഴ്സിറ്റിയിലെ വിദഗ്ദർ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.
"അഞ്ജാതമായ ചില കാരണങ്ങളാൽ ശ്രീലങ്കയിലെ ഉത്തരമധ്യപ്രവിശ്യയിലെ വരണ്ട പ്രദേശങ്ങളായ കൃഷിയിടങ്ങൾക്കരികിൽ നിന്നും കിഡ്നി രോഗങ്ങൾ ഉയർന്നു വന്നു. പഠനങ്ങൾ കാണിക്കുന്നത് ഇത് ഒരു പ്രത്യേകതരം കിഡ്നി രോഗമാണെന്നാണ് (Chronic Kidney Disease, CKD). മറ്റു ഹെവി മെറ്റൽസുകൾക്കൊപ്പം തന്നെ ആഴ്സനികും ഈ രോഗത്തിന് ഒരു പ്രധാന കാരണമായി കാണുന്നു. രാസവളങ്ങളങ്ങളും കീടനാശിനികളും ആഴ്സനിക്കിന്റെ ഉറവിടമാകാമെന്ന അനുമാനത്തിൽ രാസവളങ്ങളുടെ 226 സാമ്പിളുകളും 273 കീടനാശിനി സാമ്പിളുകളും ശേഖരിച്ച് രണ്ട് യൂനിവേഴ്സിറ്റി ലാബുകളിലേക്ക് അയച്ചു. പഠനത്തിന് തെരഞ്ഞടുത്ത ഭാഗത്തെ കർഷകരുടെ പക്കൽ നിന്നും ലഭിച്ച മിക്ക അഗ്രോകെമിക്കലുകളിലും ആഴ്സനിക്കിന്റെ അളവ് കണ്ടെത്തി. ഏറ്റവും കൂടുതൽ (31 mg/kg) കണ്ടെത്തിയിരിക്കുന്നത് ഫോസ്ഫറസ് വളമായ ട്രിപ്പ്ൾ സൂപ്പർ ഫോസ്ഫേറ്റിൽ (TSP) നിന്നാണ്. എല്ലാ വർഷവും ശ്രീലങ്കയിൽ 2100 കിലോഗ്രാം ആഴ്സെനിക് അടങ്ങിയ ഒരു ലക്ഷം ടൺ ട്രിപ്പ്ൾ സൂപ്പർ ഫോസ്ഫേറ്റ് ഇറക്കുമതി ചെയ്യുന്നുണ്ട്.
കേരളത്തിലെ മഴയെയും ഉപരിതല ജലസ്രോതസ്സുകളെയും ആശ്രയിച്ചാണ് മിക്കയിടങ്ങളിലും നെൽകൃഷി ചെയ്യുന്നത്. മുണ്ടകൻ കൃഷിയിൽ ജലസേചനത്തിന് ചില ജില്ലകളിൽ അണക്കെട്ടുകളെയാണ് ആശ്രയിക്കാറ്. കേരളത്തിൽ സ്വാഭാവിക ജലത്തിൽ അപകടകരമായ രീതിയിൽ ആഴ്സനിക്കിന്റെ അളവ് റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാവസായിക മാലിന്യം കലർന്ന പെരിയാറിലും അമിതമായി രാസകീടനാശിനികൾ ഉപയോഗിക്കുന്ന കുട്ടനാട്ടിലും പാലക്കാട് ജില്ലയിലെ ചില കുഴൽക്കിണറിലും ആഴ്സനിക്കിന്റെ അംശമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ആഴ്സനിക്കിന്റെ സാധ്യത കൂടുതലുള്ള മണ്ണിൽ ഭൂഗര്‍ഭ ജലം ഉപയോഗിച്ച് വെള്ളം കെട്ടി നിർത്തി കൃഷിക്ക് ജലസേചനം ചെയ്യുമ്പോൾ 70 ശതമാനവും വെള്ളം നനച്ചു കൊടുത്ത് കൃഷി ചെയ്യുമ്പോൾ (ഐറോബിക് കണ്ടീഷനിൽ) 30 ശതമാനവുമാണ് സസ്യങ്ങൾ ആഗിരണം ചെയ്യുക.
രാസവളം ഉപയോഗിച്ച് സങ്കരയിനം വിത്തുകൾ കൃഷി ചെയ്യുമ്പോൾ ജലസേചനം കൂടുതൽ ആവശ്യമാണ്.
അതുപോലെ എല്ലാ നെൽവിത്തുകളും ആഴ്സനിക് അമിതമായി ആഗിരണം ചെയ്യുകയുമില്ല. ചില നാടൻ നെൽവിത്തുകൾക്കും ചെറുധാന്യങ്ങൾക്കും (Millets) ആഴ്സനിക്കിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്.
അമേരിക്കയിൽ നടത്തിയ പഠനത്തിൽ ബസുമതിയരിയിൽ ആഴ്സനിക് കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ബംഗാളിലെ യൂനിവേഴ്സിറ്റി ഓഫ് കല്യാണിയിലെ, ഡിപ്പാർട്ട്മെന്റ് ഓഫ് എൻവിയോൺമെന്റ് നടത്തിയ പഠനത്തിൽ പുതിയയിനം സങ്കരയിനം വിത്തുകളായ CNHR 3, MTU 1010 നെക്കാളും കുറഞ്ഞ അളവിലാണ് നാടൻ വിത്തായ Nayanmani
ആഴ്സെനിക്ക് ആഗിരണം ചെയ്യുന്നതെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ബംഗാളിൽ ആഴ്സനികിന്റെ അംശമുള്ള പ്രദേശങ്ങളിൽ വ്യാപകമായി കൃഷി ചെയ്യുന്ന ഈ ഇനങ്ങൾ കല്ല്യാണി കാമ്പസിലെ ഗ്രീൻ ഹൗസിൽ, മൺപാത്രത്തിൽ കൃഷി ചെയ്ത് തുല്യ അളവിൽ ആഴ്സനിക് നൽകി നടത്തിയ പരീക്ഷണത്തിലാണ് ഇത് ബോധ്യപ്പെട്ടത്.
ഹരിത വിപ്ലവം ചില പ്രദേശങ്ങളിൽ നെൽകൃഷിക്കും ഗോതമ്പിനും കൂടുതൽ പ്രാധാന്യം കൊടുത്തപ്പോൾ ആ പ്രദേശങ്ങളിൽ ചെറുധാന്യങ്ങളുടെ കൃഷി കുറഞ്ഞു. സങ്കരയിനം വിത്തുകളുടെയും രാസവളങ്ങളുടെയും വരവോടു കൂടി അധികം ജലം ആവശ്യമില്ലാത്ത ആഴ്സെനിക് പോലെയുള്ള വിഷങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള നാടൻ വിത്തുകൾ പലതും നഷ്ടപ്പെട്ടു.
അനേകം പോഷകഗുണമുള്ള തവിട് നീക്കം ചെയ്ത് അരി കഴിക്കുന്നതു കൊണ്ടാണ് പ്രമേഹംപോലുള്ള രോഗങ്ങൾ മലയാളികളെ വേട്ടയാടുന്നത്. പുറമെ നിന്നുള്ള അരിയിൽ ആഴ്സനിക് ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.
പ്രാദേശികമായി ജൈവരീതിയിൽ നെൽകൃഷി ചെയ്യുന്ന കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് തവിടോടുകൂടി അരിയാക്കി അത് സാധാരണ ജനങ്ങൾക്ക് എത്തിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയാൽ മാത്രമേ ഇതിന് ശാശ്വത പരിഹാരമാകുകയുള്ളൂ.
അതിനും പകരം അരിയിൽ ആഴ്സനിക്കാണെന്നു പറഞ്ഞ് തവിട് കഴിക്കരുത്, കഞ്ഞിവെള്ളം കുടിക്കരുതെന്നൊക്കെ വിലപിച്ചിട്ട് കാര്യമില്ല! കേരളത്തിലെ നെൽവയലുകളെ വീണ്ടെടുക്കുക, നാട്ടരി സംരക്ഷിക്കുക. അതേ രക്ഷയുള്ളൂ!
കെ. പി ഇല്യാസ്
കേരളാ ജൈവ കർഷക സമിതി
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഉഴുന്ന് കൃഷി ചെയ്യുന്ന രീതികൾ : വിത്ത് മുളപ്പിക്കൽ , തൈ നടൽ, വിളവെടുപ്പ്, സംഭരണം
Share your comments