നോൺ- വെജിറ്റേറിയൻ ഭക്ഷണവുമായി താരതമ്യം ചെയ്യുകയാണെങ്കിൽ വെജിറ്റേറിയൻസിന്റെ വിഭവങ്ങളിൽ പോഷക ആഹാരങ്ങൾ വളരെ കുറവാണെന്ന് പറയാം. രുചിയിലും വൈവിധ്യത്തിലും പോൽകഗുണങ്ങളിലും നോൺ വെജിറ്റേറിയൻസിനാണ് കൂടുതൽ ഓപ്ഷനുകൾ ലഭ്യമായിട്ടുള്ളതും.
ശരീരത്തിനാവശ്യമായ ചില പോഷകങ്ങളുടെ അളവ് നോൺ വെജ് ഭക്ഷണത്തിൽ കൂടുതലാണെന്നത് ശരിയാണ്. എന്നാൽ സസ്യാഹാരം നിങ്ങൾക്ക് ദീർഘവും ആരോഗ്യകരവുമായ ജീവിതം പ്രദാനം ചെയ്യുമെന്നതാണ് വാസ്തവം.
പരിസ്ഥിതിയും ആരോഗ്യവുമായി മനുഷ്യന്റെ ജീവിതരീതിയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 1ന് ലോക വെജിറ്റേറിയൻ ദിനം ആചരിക്കുന്നു.
സസ്യാഹാര ശീലം പ്രചരിപ്പിക്കുക എന്നതാണ് ഈ ദിവസത്തിലൂടെ ലക്ഷ്യമിടുന്നത്. 1977-ൽ നോർത്ത് അമേരിക്കൻ വെജിറ്റേറിയൻ സൊസൈറ്റിയാണ് ഈ ദിനം ആഘോഷിക്കാൻ തുടങ്ങിയത്. പിന്നീട് ഇത് ഇന്റർനാഷണൽ വെജിറ്റേറിയൻ യൂണിയന്റെ പിന്തുണയോടെ ആഗോളതലത്തിൽ വ്യാപിപ്പിച്ചു. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ കൂടുതലായി കാണപ്പെടുന്നത് കോഴിയിറച്ചി, മുട്ട, ചുവന്ന മാംസം എന്നിവയിലാണ്.
ഉയർന്ന പ്രോട്ടീൻ എന്നാൽ മാംസാഹാരങ്ങളിൽ മാത്രമല്ല, സസ്യാഹാരങ്ങളും ഇതിന്റെ കലവറയാണ്. ബീൻസ്, പയർ, പനീർ, പയർ തുടങ്ങിയവ പ്രോട്ടീനുകളാൽ സമ്പുഷ്ടമാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
-
ചോളം
ഇന്ത്യയിൽ ചോളം വലിയ തോതിൽ കൃഷി ചെയ്യുന്നുണ്ട്. ഈ ധാന്യം പലതരം വിഭവങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ഓരോ 100 ഗ്രാം ചോളത്തിലും 3.3 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് നിങ്ങളുടെ പേശികളെ വളർത്താൻ സഹായിക്കുന്നു. മാത്രമല്ല, ചോളത്തിൽ കൊഴുപ്പും കൊളസ്ട്രോളും ഇല്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. ചോളം വേവിച്ചോ വറുത്തോ മറ്റേതെങ്കിലും വിഭവത്തിൽ ചേർത്തോ കഴിക്കാവുന്നതാണ്.
-
ഗ്രീൻ പീസ്
ഗ്രീൻപീസ് പ്രോട്ടീൻ ഉൾപ്പെടെയുള്ള നിരവധി പോഷകങ്ങളുടെ കലവറയാണ്. ഒരു കപ്പ് ഗ്രീൻ പീസിൽ ഏകദേശം 9 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ, വിറ്റാമിൻ എ, കെ, സി എന്നിവയാൽ സമ്പുഷ്ടമായ ഗ്രീൻപീസിൽ ധാരാളം ധാതുക്കളും ഉയർന്ന അളവിൽ നാരുകളും അടങ്ങിയിട്ടുണ്ട്.
-
കടല
ഇരുമ്പ്, കാൽസ്യം, പ്രോട്ടീൻ എന്നിവയുടെ മികച്ച ഉറവിടമാണ് കടല. അര കപ്പ് കടലയിൽ ഏകദേശം 7.3 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇതിൽ 70% ഫോളേറ്റ്, 22% ഇരുമ്പ് എന്നിവയും ഉൾക്കൊള്ളുന്നുണ്ട്. കൂടാതെ, കടലയിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
-
രാജ്മ
പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് രാജ്മ. റെഡ് കിഡ്നി ബീൻസ് എന്നറിയപ്പെടുന്ന പയറുവർഗത്തിൽ ഉൾപ്പെടുന്ന ഈ ധാന്യം ഉത്തരേന്ത്യക്കാരുടെ പ്രിയപ്പെട്ട വിഭവമാണ്. സ്വാദിനാലും പോഷകമൂല്യങ്ങളാലും സമൃദ്ധമായ ഭക്ഷണമാണിത്. അര കപ്പ് ബീൻസിൽ 7.5 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു എന്നാണ് വിദഗ്ധർ പറയുന്നത്.
-
പയർ
ഇന്ത്യക്കാരുടെ പ്രധാന ഭക്ഷണമായ പയറും പരിപ്പും പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ്. പയറിലെ പ്രോട്ടീന്റെ അളവ് അനുസരിച്ച്, അര കപ്പ് പയറിൽ 9 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
-
പനീർ
സസ്യഭുക്കുകളുടെ ചിക്കൻ കറിയാണ് പനീർകറി എന്ന് പറയാറുണ്ട്. പ്രോട്ടീൻ മികച്ച അളവിൽ ലഭിക്കുന്നതിനും ആവശ്യത്തിന് കാൽസ്യം ലഭിക്കുന്നതിനും പനീർ സഹായിക്കും. ഇതിന് പുറമം കൊഴുപ്പ് കത്തിച്ച് കളയാൻ ഇത് സഹായിക്കുന്നു. പനീർ കറികളിൽ ചേർത്ത് കഴിക്കാവുന്നത്. അര കപ്പ് പനീറിൽ 14 ഗ്രാം പ്രോട്ടീൻ കാണപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പ്രോട്ടീന്‍ പൗഡര്‍ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Share your comments