Vegetables

പയർ കൃഷിക്കൊരു ആമുഖം...

വള്ളി വർഗ്ഗങ്ങളിലെ വിളവ് ചെടികളുടെ എണ്ണമല്ല , പടർത്തുന്ന രീതി അനുസരിച്ചാണ്. ശാഖകളിൽ ആണ് എളുപ്പത്തിലും ധാരാളമായും കായ്ക്കുന്നത്. പയറിൻ്റെ  കാര്യത്തിലും ഇതു തന്നെയാണ്. കാർഷിക സർവ്വകലാശാലയുടെ പഠന റിപ്പോർട്ടുകളിൽ വള്ളിയുടെ നീളം (Vine length) എത്ര വരെയാകുമെന്ന് പ്രതിപാദിച്ചിരിക്കും. വളളിപ്പയറിൻ്റെ  വള്ളി 4-4.5 മീറ്റർ വരെയാണ് വളരുന്നത്. ഇങ്ങനെ ഒറ്റ വള്ളി നീട്ടിയാൽ വിളവ് കുറയും ( 1-1.5 kg)എന്നാൽ നമ്മൾ ചെയ്യേണ്ടത് മറ്റൊരു രീതിയിലാണ്.

നിലത്തു നടുമ്പോൾ 5 അടി നീളത്തിൽ ഒന്നരയടി വീതിയിൽ ഒരടി താഴ്ചയിൽ ചാലെടുക്കുക (അടുക്കളത്തോട്ടത്തിന് ഇതുമതി ) വാണിജ്യ കൃഷിയാണെങ്കിൽ നീളത്തിൽ 5 അടി ചാലുകളുടെ ഇടയിൽ 5 അടി അകലത്തിൻ ചാലെടുക്കുക. അടുത്ത വരി 10-12 അടി അകലത്തിൽ എടുക്കുക.

ശീമക്കൊന്നയില,കമ്മ്യൂണിസ്റ്റ് പച്ച, പെരുവലം ,വേപ്പില എന്നിവ ഇട്ട് ചവിട്ടിച്ചേർക്കുക ( 3 - 4 ഇഞ്ച് കനത്തിൻ) വാഴത്തട ഉണ്ടെങ്കിൽ ചെറുതായി നുറുക്കി ചേർക്കുക ( 2 ഇഞ്ച് ) അതിനു മുകളിൽ മണ്ണും ട്രൈക്കോഡെർമ്മ വളർത്തിയ ചാണകപ്പെടിയും എല്ലുപൊടിയും ഇട്ട് മുകളിൽ മണ്ണിട്ട് 10 ദിവസം നനക്കുക. കുഴി മൂടുന്നത് തറനിരപ്പിൽ നിന്ന് ഒരിഞ്ച് എങ്കിലും താഴെ വരെ വരെ മതി.

10 ദിവസം ക ഴിഞ്ഞ് ഒരടി അകലത്തിൽ വിത്തു പാകുക. തടമെടുക്കുന്ന സമയം തന്നെ പേപ്പർ കപ്പുകളിൽ വിത്തുപാകി മുളപ്പിച്ചാൽ 10 ദിവസത്തെ കാത്തിരുപ്പ് സമയം ലാഭിക്കാം.

ഗ്രോബാഗിൽ ചെയ്യുന്നവർ പോട്ടിംഗ് മിശ്രിതം തയ്യാറാക്കി നിറച്ച് രണ്ടു വിത്തു വീതം പാകുക. എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് നിർബന്ധമായും ചേർക്കണം.

പരിചരണം

പൂവിടുന്നതു വരെ വെള്ളമൊഴിക്കൽ മാത്രം മതി. കീടബാധ ഒഴിവാക്കാൻ മുൻകരുതൽ ആവശ്യമാണ്. വേപ്പിൻ കുരുസത്ത്,വേപ്പെണ്ണ അധിഷ്ഠിത കീടനാശിനികൾ, കാന്താരി വെളുത്തുള്ളി മിശ്രിതം എന്നിവ മാറി മാറി ഉപയോഗിക്കാവുന്നതാണ്.

cowpea

പയർചെടികൾ വള്ളി നീണ്ടു തുടങ്ങുന്ന സമയം പന്തൽ ഇട്ട് പടർന്നു പോകാൻ കമ്പു നാട്ടുകയോ ചരടുകെട്ടുകയോ ആണ് സാധാരണ ചെയ്തു വരുന്നത്. എന്നാൽ ഇതു പാടില്ല .വള്ളി നീണ്ടാൽ അതിനെ തറയിൽ കിടന്ന് പടരാൻ അനുവദിക്കുക.അധികം പുറത്തേക്കുപോയാൽ തലപ്പു വളച്ച് ചുവട്ടിലേക്കു വിടുക. 20-25 ദിവസം ആകുമ്പോൾ ഓരോവള്ളിയിൽ നിന്നും 10 വരെ ശിഖരങ്ങൾ ഒരടി നീളത്തിൽ വളർന്നിട്ടുണ്ടാകും. ഇവയെ ഓരോന്നായി സൂക്ഷിച്ച് ചണ നൂലോ ചരടോ ഉപയോഗിച്ച് പന്തലിലേക്ക് കെട്ടി വിടുക. ഒരിക്കലും രണ്ടു വളളി ഒരു ചരടിൽ കയറ്റരുത്. വള്ളികൾ തമ്മിൽ ചുറ്റി പിണയാനും ഇടയാകരുത്. അങ്ങനെ സംഭവിച്ചാൽ കായ പിടുത്തം ഗണ്യമായി കുറയും. ദിവസേന ശ്രദ്ധിച്ച് വള്ളികളെ തമ്മിൽ പിണയാതെ നേർ ദിശയിൽ പടർത്തേണ്ടതാണ്.

പന്തൽ ഇടുന്ന വിധം

ചുറ്റും മരങ്ങൾ ഉണ്ടെങ്കിൽ കാൽ നാട്ടുന്നത് ഗണ്യമായി കുറക്കാം.പ്ലാസ്റ്റിക് കോട്ടിംഗ്‌ ഉള്ള 2 MM GI കമ്പി വാങ്ങി 15 അടി അകലത്തിൽ നെടുകെയും കുറുകെയും നന്നായി വലിച്ചു കെട്ടണം. തെങ്ങ് ,കമുക് ഒഴികെയുള്ള മരങ്ങളിൽ കെട്ടുമ്പോൾ അവിടെ തടിക്കഷണമോ തൊണ്ടോ വെച്ചു വേണം കെട്ടേണ്ടത്. മരങ്ങൾ ഇല്ലെങ്കിൽ 15 അടി അകലത്തിൽ വരിയും നിരയുമായി മുളയോ കാറ്റാടി ക്കഴയോ നാട്ടേണ്ടതാണ്. പന്തലിനെ പൊക്കം അതു പരിപാലിക്കുന്നയാൾ കൈയ്യെത്തിയാൽ തൊടാവുന്നതിന്റെ പരമാവധി ഉയരമായിരിക്കണം.അതായത് 5 അടി പൊക്കമുളളയാൾ 6 1/2 അടി ഉയരത്തിൽ പന്തൽ ഇടണം.

1 MM നൈലോൺ ചരടുപയോഗിച്ച് പന്തൽ നിരത്താം. ചരടുകൾ തമ്മിൽ ഒരടി അകലത്തിൽ നെടുകെയും കുറുകെയും വലിച്ചു കെട്ടുക. (ബാഡ്മിന്റൻ റാക്കറ്റ് വരിയുന്നതു പോലെയാണ് ചരടു വരിയേണ്ടത് )അതിനു ശേഷം പന്തലിന്റെ ഓരോ കാലും പുറത്തേക്കു പരമാവധി വലിച്ചുകെട്ടുക (പന്തലിനു ബലം ലഭിക്കുന്നത് ഇങ്ങനെയാണ് ). ഇടക്കെവിടെയെങ്കിലും അയഞ്ഞാൽ അതിനു നേരേയുള്ള ഭാഗം ഇരുവശത്തു നിന്നും വലിച്ചുകെട്ടുക. 

വളപ്രയോഗം

പന്തലിലേക്കു കെട്ടി തുടങ്ങി മ്പോൾ എഗ് അമിനോ തളിച്ചു തുടങ്ങുക.പൂവിട്ടു തുടങ്ങിയ ശേഷം ചുവട്ടിൽ അൽപം ചാരമിട്ടു കൊടുത്ത ശേഷം നനക്കുക. ഒരാഴ്ചക്കു ശേഷം പുളിപ്പിച്ച ജൈവവളക്കൂട്ട്, കോഴിവളം പുളിപ്പിച്ചത്, പച്ചിലകൾ ചാണകം ഗോമൂത്രം കോഴിവളം എന്നിവ പുളിപ്പിച്ചത് മുതലായവ ഒരാഴ്ച ഇടവേളയിൽ ചുവട്ടിൽ നേർപ്പിച്ചൊഴിച്ച് കരിയില കൊണ്ടു പുതയിടുക. സ്യൂഡമോണസ് നേർപ്പിച്ചത് ആഴ്ചയിലൊരിക്കൽ ചുവട്ടിൽ ഒഴിക്കുക.. (ട്രൈക്കോ ഡെർമ്മ ,സ്യൂഡോമോണസ് എന്നിവ ഒരുമിച്ച് പ്രയോഗിക്കരുത്, 15 ദിവസത്തെ ഇടവേളയിൽ വേണം ഉപയോഗിക്കാൻ).

വിളവെടുക്കുന്നത് തണ്ടിന് ക്ഷതമേൽക്കാതെ രണ്ടുവിരൽ കൊണ്ട് പയർ തിരിച്ചാണ് .നിത്യേന ശ്രദ്ധ ആവശ്യമാണ്. തടതുരപ്പനെതിരെ ബിവേറിയ ബാസിയാന മൂഞ്ഞ ,ഇലപ്പേൻ, മീലി മൂട്ട മുതലായവയെ നശിപ്പിക്കാൻ വെർട്ടി സീലിയം ലെക്കാനി എന്നിവ ഉപയോഗിക്കുക.പയർ ചാഴിയാണ് പ്രധാന വില്ലൻ ഇവയെ ഒഴിവാക്കാൻ പയർനടുന്നതിനു മുമ്പ് പറമ്പിന്റെ ഒരറ്റത്ത് സൂര്യകാന്തി വച്ചു പിടിപ്പിച്ചാൽ ചാഴികളെ ഇതിന്റെ പൂവ് ആകർഷിക്കും പയറിനെ ഉപദ്രവിക്കില്ല.മീനിൻ്റെ  അവശിഷ്ടങ്ങൾ കെട്ടിവച്ചാൽ നീറ് വന്ന് കീടനിയന്ത്രണം ഏറ്റെടുത്തോളും ഇലകൾ അധികമായാൽ ഒന്നിടവിട്ടുള്ളവ പറിച്ചു ചുവട്ടിലിടുക.ഈ രീതിയിൽ പയർ കൃഷി ചെയ്താൽ നല്ല വിളവ് ഉറപ്പാണ്.

കൃഷിയോജ്യമായ വള്ളിപ്പയറിനങ്ങൾ.

വെളളായണി ജ്യോതിക - പ്രതിരോധ ശേഷി കൂടിയതും ഉയർന്ന ഉദ്പാദനക്ഷമതയുള്ളതുമാണ്.കൂടാതെ വളരെ രുചികരവുമാണ്. നീളം കൂടിയതും തവിട്ടും വെളളയും തുല്യമായി ഇടകലർന്നതാണ് തിരിച്ചറിയാനുള മാർഗം.

അർക്കമംഗള / NS 621 - ധാരാളം കായ്ക്കുന്നതും നല്ല നീളമുള്ളതുമായത്. തവിട്ടിൽ വെളുത്ത പുള്ളിയാണ് വിത്തിന്റെ നിറം

ലോല - നല്ല നീളമുള്ളതും ധാരാളം കായ്ക്കുന്നതുമാണ് വിത്തിന്റെ നിറം കറുപ്പ്

ഗീതിക - ധാരാളം കായ്ക്കുന്നയിനം, വിത്തിന് നേരിയ തവിട്ടു നിറത്തിൽ കടുത്ത തവിട്ടു നിറത്തിന്റെ വരകൾ ഉണ്ട്

കാരമണി - 35-40CM നീളത്തിൽ ധാരാളം കായ്കൾ വിത്തിനു നിറം വെള്ളയിൽ കറുത്ത പുള്ളികൾ

വൈജയന്തി -ചുവപ്പുനിറത്തിൽ ധാരാളം കായ്ക്കുന്നയിനം. വിത്തിന് തവിട്ടു നിറം

അപ്പൊ പിന്നെ പയർ കൃഷിയിൽ ഒരു കൈ നോക്കാം അല്ലേ ......


Share your comments