നമുക്ക് ഭക്ഷണത്തിൽ അന്നജത്തിന്റെ ആവശ്യം നിറവേറ്റുന്നത് ധാന്യങ്ങളാണ്. വയലുകൾ കുറഞ്ഞ് വരുന്ന ഇക്കാലത്ത് കരഭൂമിയിൽ നിന്ന് അന്നജം ലഭ്യമാക്കുന്ന വിദ്യയാണ് കിഴങ്ങുകൃഷി. ആഗോള താപനം ധാന്യങ്ങളുടെ കൃഷിയെ ബാധിക്കുന്നത്ര കിഴങ്ങുകൃഷിയെ ബാധിക്കുന്നില്ല. ധാന്യങ്ങളിൽ നിന്ന് ലഭിക്കുന്ന അന്നജത്തേക്കാൾ മേന്മയേറിയതാണ് കിഴങ്ങുകളിൽ നിന്ന് ലഭിക്കുന്ന അന്നജം. അന്നജം കൂടാതെ കിഴങ്ങുകളിൽ നിന്ന് വിറ്റാമിനുകളും സൂക്ഷ്മമൂലകങ്ങളും ലഭിക്കുന്നുണ്ട്.
ഭക്ഷണത്തിന് മാത്രമല്ല വ്യവസായിക ആവശ്യങ്ങൾകും കിഴങ്ങുകൾ ഉപയോഗിക്കുന്നുണ്ട്. പട്ട്, കമ്പിളി എന്നിവ കഴുന്നതിന്ന് ആവശ്യമായ പദാർത്ഥങ്ങൾ കിഴങ്ങുകളിൽ നിന്ന് എടുക്കുന്നുണ്ട് . ഔഷധ നിർമ്മാണ രംഗത്തും കാച്ചിലിന് സ്ഥാനമുണ്ട്.
കാച്ചിലുകളെ നമുക്കൊന്ന് പരിചപ്പെടാം.
1.ഇഞ്ചിക്കാച്ചിൽ :-
ഇഞ്ചിനടുമ്പോൾ അതോടൊന്നിച്ച് ഒരു അറ്റത്ത് നട്ടു വരുന്നതിനാലാകാം ഈ പേര് വന്നത്. ഈ ഇനത്തിന്റെ ഉൾഭാഗം വെള്ള നിറവും തൊലി മഞ്ഞയും വയറ്റും ചേർന്ന നിറവുമാണ്.വളളിയിൽ ഒന്നോ ഒന്നിലധികമോ കിഴങ്ങുകളുണ്ടാകുന്നു. സ്വാദുള്ളതാണ്.
2.ചോരക്കാച്ചിൽ:-
വൈവിധ്യമാർന്ന നിറങ്ങളിൽ കണ്ടു വരുന്നു. പൊതുവേ ചുവപ്പ് കലർന്ന നിറമാണ്. നീലകലർന്ന ചുവപ്പ് നിറം- ഇളം വയലറ്റ് നിറം എന്നിങ്ങനെ ചെറിയ കിഴങ്ങുകളും വലിയ കിഴങ്ങുകളും ഉണ്ട്. നീണ്ട് ഉരുണ്ട് വളരുന്നവയും പലക പോലെ വളരുന്നവയും ഉണ്ട്. ചിലത് വേവുമ്പോൾ സുഗന്ധമുള്ളവയാണ്. ഔഷധ ഗുണമുണ്ട് കാൻസറിനെ പ്രതിരോധിക്കാൻ കഴിവുണ്ട്.
3.നീണ്ടിക്കിഴങ്ങ്:-
താഴോട്ട് നീണ്ട് വളരുന്ന ഈ കിഴങ്ങിന്റെ മുകൾഭാഗം മഞ്ഞയും അടിഭാഗം വെള്ളയുമാണ്. തൊലി കറുപ്പ് കലർന്ന കാപ്പിക്കളറാണ്. വെള്ള നിറമുള്ള ഭാഗം സ്വാദേറിയതും മഞ്ഞ ഭാഗം സ്വാദില്ലാത്തതുമാണ്. ഈ കാച്ചിലിന് ഔഷധ ഗുണമുണ്ട്.
4.തൂണൻകാച്ചിൽ:-
അകം തൂവെള്ളയും പുറംതൊലി തവിട്ട് കലർന്ന വെള്ളയുമാണ്. തൂണുപോലെ താഴോട്ട് വളരുന്നതിനാലാണ് ഈ പേര് ലഭിച്ചത്. വള്ളിയിൽ ഒരു കിഴങ്ങാണുണ്ടാവുക. സ്വാദേറിയ ഇനമാണ്.
5.കവലകുത്തിക്കാച്ചിൽ:-
നീണ്ട് താഴോട്ട് വളരുന്നു. വള്ളിയിൽ മൂന്നു നാല് എണ്ണം ഉണ്ടാവും. തൂണൻ കാച്ചിലിനോട് സാദൃശ്യമുണ്ട്. വലിയ കിഴങ്ങുകൾ. സ്വദേറിയതാണ്.
6.ഉരുളൻ കാച്ചിൽ:
ഉരുളൻ കാച്ചിൽ ഉരുണ്ടതാണ്. പുറം ഇളം കാപ്പിക്കളറും അകത്തെ തൊലി വയലറ്റുകളറും. ഉൾഭാഗം വയലറ്റ് കലർന്ന വെള്ളയും. വേവിച്ചാൽ മധുരമുള്ളതാണ്.
7.മണ്ണൂറാൻ കാച്ചിൽ:-
ഈ കാച്ചിൽ അധികം മണ്ണിനടിയിലേക്ക് പോകാറില്ല. പുറംതൊലി കാപ്പി കളർ ഉൾഭാഗം വെള്ള. തൂക്കം ശരാശരി 2 കി ഗ്രാം.
8.ഭരണിക്കാച്ചിൽ:-
ആകൃതി ഭരണി പോലെ. പുറംതൊലി കാപ്പിക്കളർ.ഉൾഭാഗം ഇളം വയലറ്റ്. വേവിക്കുമ്പോൾ സുഗന്ധമുളളതാണ്.
9.പരിചക്കോടൻകാച്ചിൽ:
ആകൃതി പരിചയുടേത്. മണ്ണിലേക്ക് അധികം താഴില്ല. പുറംതൊലി ഇളം കാപ്പിക്കളർ.ഉൾഭാഗം വെള്ള നിറം. നല്ല രുചിയുള്ളതാണ്. 3 - 5 കിലോ തൂക്കം കിട്ടും.
10.കടുവാക്കയ്യൻ കാച്ചിൽ:-
കടുവയുടെ കയ്യിന്റെ ആകൃതിയാണ് പേരിന് കാരണം. പരന്ന ആകൃതിയിലുള്ള കിഴങ്ങ്. മണ്ണിലേക്ക് അധികം താഴ്ന്നിറങ്ങില്ല. പുറംതൊലി കട്ടി കൂടിയതും ഇരുണ്ട നിറമുള്ളതുമാണ്. വള്ളിയിൽ ഒന്നിലധികം കിഴങ്ങുകൾ ഉണ്ടാകാറുണ്. 40 കിലോഗ്രാമിലധികം തൂക്കം ലഭിക്കാറുണ്ട്
11.ഇറച്ചിക്കാച്ചിൽ:-
ഇറച്ചിക്കാച്ചിൽ എന്നാൻ അടതാപ്പ് എന്ന കിഴങ്ങാണ്. ഈ കാച്ചിലിന്റെ മുകളിലേക്ക് വളരുന്ന വള്ളിയിൽ മുട്ടിനു മുട്ടിന് മേക്കാച്ചിലുണ്ടാകുന്നു. ഉരുളക്കിഴങ്ങിന്റെ ആകൃതിയിലുള്ള ഈ മേക്കാച്ചാലിനെ എയർ പൊട്ടറ്റോ എന്ന് വിളിക്കാറുണ്ട്. ഉരുളക്കിഴങ്ങിന്റെ എല്ലാ ഉപയോഗവും ഇതുകൊണ്ട് നടക്കും. സാധാരണ കാണപ്പെടുന്നവയുടെ തൊലി ബ്രൗൺകളറാണ്. വെളുത്ത തൊലിയുള്ളവയുമുണ്ട്. വംശനാശ ഭീഷണിയിൽ നിന്നും അടതാപ്പിനെ രക്ഷിച്ചത് മലപ്പുറം ജില്ലയിലെ കാട്ടുനായ്ക്കൻമാരാണ്. അടതാപ്പിന് പോഷക മൂല്യം കൂടുതലുണ്ട് രോഗ പ്രധിരോധ ശേഷി വർധിപ്പിക്കുന്ന മേക്കായ് ആവശ്യാനുസരം എടുക്കാം. കിഴങ്ങ് മറ്റു കിഴങ്ങുകളെ പോലെ വള്ളിയുണങ്ങിയതിന് ശേഷം വിളവെടുക്കാം. നടീൽ വസ്തു മേക്കായ് ആണ്.
12.ചെറുകിഴങ്ങ്:-
പേരുപോലെ ചെറുകിഴങ്ങ് മറ്റു കിഴങ്ങുകളെ അപേക്ഷിച്ച് ചെറുതാണ്. കിഴങ്ങിന് 100 മുതൽ 300 ഗ്രാം വരെ തൂക്കമുണ്ടാകും. ഒരു മൂട്ടിൽ 8 മുതൽ 12 വരെ കിഴങ്ങുകൾ ഉണ്ടാകും. കിഴങ്ങിന്റെ പുറത്ത് മുള്ളുപോലുള്ള നാരുകൾ ഉണ്ടാവും. 75 cm x 75 cm അകലത്തിൽ കൂന കൂട്ടി അതിൽ വിത്ത് നടുന്നു. പടരാൻ കമ്പുകൾ നാട്ടിക്കൊടുക്കുന്നു. ജൈവവളം നടുമ്പോൾ തന്നെ ചേർക്കണം. മേടമാസത്തിൽ നട്ട് തുലാമാസത്തിൽ വിളവെടുക്കാം.
13.നനക്കിഴങ്ങ് :-
ചെറുകിഴങ്ങിന്റെ കുടുംബാംഗം തന്നെയാണ് നനക്കിഴങ്ങ്. ആകൃതിയിൽ സാമ്യമുണ്ട്. വലുപ്പം കൂടുതലാണ്.750 ഗ്രാം മുതൽ 1.5 കിലോഗ്രാം വരെ തൂക്കമുണ്ടാകും. കിഴങ്ങ് പുഴുങ്ങിത്തിന്നാം, രുചികരമാണ് .വലിയ കൂനകൾ കൂട്ടി ജൈവവളമിട്ട് കിഴങ്ങ് വിത്ത് നടുന്നു. പടർന്ന് വളരാൻ മരങ്ങളിലേക്ക് കയർ കെട്ടിക്കൊടുത്താൽ നല്ല വിളവ് ലഭിക്കും.
14.നൂറോൻ കാച്ചിൽ:-
നൂറോൻ കാച്ചിൽ വന്യ ഇനമാണ്. കിഴങ്ങിൻ്റെ വള്ളിയിൽ നിറയെ മുള്ളുകൾ ഉണ്ട്. മേക്കാച്ചിൽ ഉണ്ടാകും. കിഴങ്ങിൻ്റെ മുകൾഭാഗം നാര് കൂടിയതും അടിഭാഗം നാര് കുറഞ്ഞതുമാണ്. കൃഷിയിറക്കാതെ കിടക്കുന്ന പ്രദേശത്താണ് ഇവ കാണപ്പെടുന്നത്. നാര് കുറഞ്ഞ ഇനം കൃഷി ചെയ്യാവുന്നതാണ്.
15.അരിക്കിഴങ്ങ് :-
ഇതൊരു കാട്ടു കിഴങ്ങാണ്. നാടൻകാച്ചിലിനോട് സാമ്യമുണ്ട്. പുറംതൊലി വെള്ള കലർന്ന കാപ്പിക്കളറാണ്. ഉൾഭാഗം വെള്ളയാണ്. വള്ളിയിൽ മേക്കായ് ഉണ്ടാകുന്നു. മേക്കായ് നടീൽ വസ്തുവായി ഉപയോഗിച്ച് കൃഷി ചെയ്യാം.
16.കാഞ്ഞിരവള്ളിക്കിഴങ്ങ്:-
ഒട്ടും നാരില്ലാത്ത ഒരിനം കാട്ടു കിഴങ്ങാണിത്. കാഞ്ഞിരത്തിൻ്റെ ഇലയോട് സാമ്യമുള്ളതിനാലായിരിക്കാം പേര് കാഞ്ഞിരവള്ളി എന്ന് ഉണ്ടായത്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പടവലങ്ങ പിടി വിടേണ്ട
Share your comments