നമ്മളിൽ അധികം പേരും കുറച്ചെങ്കിലും ഭൂമി സ്വന്തമായി ഉള്ളവരാണ്. ഉള്ള സ്ഥലം പാഴാക്കി കളയാതെ വരുമാനമുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചറിയാം. വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ നടുന്നത് മുതൽ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി, തേനീച്ച വളര്‍ത്തൽ, മീൻ വളര്‍ത്തൽ തുടങ്ങിയവയൊക്കെ ഇങ്ങനെ പരീക്ഷിക്കാം.
സ്ഥലമുള്ളവര്‍ക്ക് നിരവധി സഹായ പദ്ധതികളാണ് ഇപ്പോൾ സര്‍ക്കാര്‍ നൽകുന്നത്. ലാഭ സാധ്യത മുൻനിര്‍ത്തി വിവിധ പദ്ധതികൾക്കായി സബ്‍സിഡി ഉപയോഗിച്ച് ചെറിയൊരു പരിശ്രമം നടത്തിയാൽ തന്നെ വീട്ടിലിരുന്ന് മികച്ച വരുമാനം നേടാം. സര്‍ക്കാര്‍ നൽകുന്ന വിവിധ ധനസഹായ പദ്ധതികൾ അറിയാം.
മാരക രാസവസ്തുക്കളും കീടനാശിനികളും ഉപയോഗിക്കുന്ന പച്ചക്കറികൾ ആരോഗ്യത്തിന് ഹാനികരമാകുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരമാണ് വീടുകളിലെ കൃഷി. വീട്ടിലേക്കാവശ്യമായ അത്യാവശ്യ പച്ചക്കറികൾ സ്വയം കൃഷി ചെയ്യാം.
പച്ചക്കറി കൃഷി ചെയ്യാൻ സ്റ്റേറ്റ് ഹോര്‍ട്ടികൾച്ചര്‍ മിഷൻ നൽകുന്ന സഹായം പ്രയോജനപ്പെടുത്താം. ജനകീയം പദ്ധതിക്ക് കീഴിൽ ഹെക്ടറിന് പതിനേഴായിരം രൂപ സഹായം ലഭിക്കും. ക്ലസ്റ്റർ രൂപീകരിച്ചു കൃഷി ചെയ്യാൻ തയ്യാറാണെങ്കിൽ 15,000 രൂപ ലഭിക്കും. അതുപോലെ ഹൈബ്രിഡ് വിത്തുകൾ കൃഷിചെയ്യുന്നവര്‍ക്ക് ഹെക്ടറിന് 20,000 രൂപയുടെ ധനസഹായമുണ്ട്. തരിശു നിലത്താണ് കൃഷിയെങ്കിൽ 25,000 രൂപ വരെ സബ്‍സിഡി ലഭിക്കും.
വാഴ, ഇഞ്ചി, മഞ്ഞൾ, കുരുമുളക് എന്നിവയൊക്കെ കൃഷി ചെയ്യണമെങ്കിലും ധനസഹായം ലഭിക്കും. ഇഞ്ചി, മഞ്ഞൾ എന്നിവ കൃഷി ചെയ്യാൻ 12,000 രൂപയും കുരുമുളക് കൃഷിക്ക് 20,000 രൂപയും വരെ ധനസഹായമുണ്ട്. അതുപോലെ വാഴ കൃഷി ചെയ്യണമെങ്കിൽ ഒരു വാഴയ്ക്ക് 10.50 രൂപ നിരക്കിൽ ഹെക്ടറിന് 26,250 രൂപ വരെ നേരത്തെ സഹായം നൽകിയിരുന്നു. കുരുമുളക് കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവര്‍ക്ക് സൗജന്യമായി കൃഷി ഭവനിൽ നിന്ന് കുരുമുളക് വള്ളികൾ വാങ്ങാം. കൃഷി ഭവനുമായി ബന്ധപ്പെട്ടാൽ മറ്റ് സഹായ പദ്ധതികൾ പ്രയോജനപ്പെടുത്താനുമാകും.
തൊഴിലാളിക്ഷാമവും, രോഗബാധയും, വിലതകര്‍ച്ചയും മൂലം പ്രധിസന്ധിയിലായ കേരകര്‍ഷകരെ സഹായിക്കാനായി സംസ്ഥാന കൃഷി വകുപ്പ് പഞ്ചായത്ത് മുഖാന്തരം നടപ്പാക്കുന്ന കേരശ്രീ നാളികേര വികസന പദ്ധതി. കേര ശ്രീ, കേര ഗ്രാം പദ്ധതികൾക്ക് കീഴിൽ തെങ്ങ് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കും. ഒരു തെങ്ങിന് തടയെടുക്കാൻ 35 രൂപ വീതം സഹായം ലഭിക്കും. ഒപ്പം വളം, കീടനാശിനി എന്നിവയ്ക്ക് സഹായം ലഭിക്കും. രോഗം ബാധിച്ച തെങ്ങുകൾ വെട്ടിമാറ്റുന്നതിനുമുണ്ട് ധനസഹായം. ജൈവ വളങ്ങൾക്കും രാസവളങ്ങൾക്കും പ്രത്യേക സബ്‍സിഡി ലഭ്യമാണ്.
Share your comments