കീടനാശിനികളും മറ്റും ഉപയോഗിക്കാത്ത പച്ചക്കറികളാണെങ്കിൽ അവ വേവിക്കാതെ കഴിക്കുന്നതിലൂടെ ഇരട്ടി ഗുണം ലഭിക്കാറുണ്ടെന്ന് പറയുന്നു. പച്ചക്കറികൾ മിക്കവയും നമ്മൾ പാകം ചെയ്താണ് കഴിക്കാറുള്ളത്. എന്നാൽ വേവിച്ചാൽ അവയുടെ പോഷക ഗുണങ്ങൾ നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. പച്ചക്കറികൾ പച്ചയായി (raw vegetables), സാലഡാക്കിയോ ജ്യൂസാക്കിയോ കുടിച്ചാൽ ശരീരത്തെ ഫിറ്റാക്കി നിലനിർത്താനും പല രോഗങ്ങളും ഒഴിവാക്കാനും സഹായിക്കുമെന്ന് പറയപ്പെടുന്നു.
ഇത്തരത്തിൽ അസംസ്കൃത പച്ചക്കറികളിൽ (raw vegetables) അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാൽ അവ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും രോഗങ്ങൾ തടയുന്നതിനും ഇവയ്ക്ക് സാധിക്കും.
ഇങ്ങനെ പച്ചക്കറികൾ കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് ധാരാളം ഗുണങ്ങളുണ്ടെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ പച്ചയ്ക്ക് പച്ചക്കറികൾ അമിതമായി കഴിക്കുന്നത് ശരീരത്തിന് ഗുരുതരമായ ദോഷം (side effects) വരുത്തുമെന്നാണ് പറയുന്നത്. അവ എന്തെന്ന് നോക്കാം.
അസംസ്കൃത ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതിലൂടെ വയറ്റിൽ അണുബാധകളും ദഹനക്കേടും ഉണ്ടാകും. പാകം ചെയ്ത ഭക്ഷണത്തേക്കാൾ അസംസ്കൃത ഭക്ഷണങ്ങൾ ശരീരത്തിന് ദഹിപ്പിക്കാൻ പ്രയാസമാണ്. അസംസ്കൃത ഭക്ഷണങ്ങൾ ആഗിരണം മന്ദഗതിയിലാക്കുന്നു. ഇങ്ങനെ ദഹനത്തെ മന്ദഗതിയിലാക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കറിവേപ്പില മുരടിച്ച് പോകില്ല; നാരങ്ങ ഉപയോഗം കഴിഞ്ഞാൽ ഇങ്ങനെ ചെയ്യാം
ചില അസംസ്കൃത ഭക്ഷണങ്ങളിൽ പോഷക വിരുദ്ധ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിലെ പോഷക ആഗിരണത്തെ പൂർണമായും തടയുന്നു. അതിനാൽ ദഹനപ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്ന ഏതെല്ലാം പച്ചക്കറികളാണ് പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്തതെന്ന് അറിയാം.
പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത പച്ചക്കറികൾ
ചീര, സ്വിസ് ചാർഡ്, കോളിഫ്ലവർ എന്നിവയിൽ ഓക്‌സലേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വൃക്കയിൽ കല്ലുകൾ രൂപപ്പെടാൻ കാരണമാകും. മാത്രമല്ല വലിയ അളവിൽ കഴിക്കുമ്പോൾ ഇരുമ്പിന്റെയും കാൽസ്യത്തിന്റെയും ആഗിരണത്തെ തടയുകയും ചെയ്യും.
തൈറോയ്ഡ് പ്രവർത്തനത്തെ വലിയ അളവിൽ ബാധിക്കാവുന്ന ഗോയിട്രോജൻ ഇവയിൽ അടങ്ങിയിട്ടുണ്ട്.
കാബേജ്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികൾ കൂടുതലായി കഴിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്നു. വയറിളക്കം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു.
കാരറ്റ്, ബീറ്റ്റൂട്ട്, വെള്ളരി, ഗോതമ്പ് ഗ്രാസ്, ഇഞ്ചി, മല്ലിയില എന്നിവ എന്നാൽ ജ്യൂസ് ആക്കി കുടിക്കാവുന്നതാണ്. എന്നാൽ ഇവ കൂടുതൽ തവണ കുടിക്കരുത്. അതുപോലെ വയറു വീർക്കുന്നതും മറ്റും തടയാൻ ഒരു നുള്ള് ഉപ്പ് ചേർക്കുന്നതും നല്ലതാണ്.
വേവിക്കാതെ പച്ചക്കറികൾ കഴിക്കുന്നത് ഓക്കാനം, ക്ഷീണം, തലകറക്കം, വയറിളക്കം എന്നിവയ്കക്ക് കാരണമാകും. പച്ചക്കറികളുടെ പോഷകങ്ങൾ നഷ്ടപ്പെടാതെ കഴിക്കുന്നതിനായി അവ ചെറുതായി ആവിയിൽ വേവിക്കാം. അതുമല്ലെങ്കിൽ പച്ചക്കറികൾ തിളച്ച വെള്ളത്തിൽ ഇടുന്നതും നല്ലതാണ്. അലൂമിനിയത്തിലോ ചെമ്പ് പാത്രങ്ങളിലോ പച്ചക്കറികൾ പാകം ചെയ്യാൻ പാടില്ലെന്നതും ശ്രദ്ധിക്കുക.
Share your comments