Features

കുട്ടിക്കളിയല്ല കൃഷി

അഭിരാമും അശ്വിനും
അഭിരാമും അശ്വിനും

കുട്ടിക്കളിയല്ല കൃഷി എന്ന് തെളിയിച്ചിരിക്കുകയാണ് ഈ കർഷക പ്രതിഭകൾ. പച്ചക്കറി കൃഷി ചെയ്യുന്ന വിദ്യാർത്ഥികളിൽ കേരള സംസ്ഥാന സർക്കാരിൻറെ അവാർഡുകൾ യഥാക്രമം ഒന്നാം സമ്മാനവും, മൂന്നാം സമ്മാനവും കരസ്ഥമാക്കിയ അശ്വിനും അഭിറാം ഇന്നത്തെ യുവതലമുറയ്ക്ക് ഏറെ പ്രചോദനമാണ്. 

തൃശ്ശൂർ പൊറത്തിശ്ശേരി മഹാത്മ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അശ്വിന് കൃഷി ഒരു ഹരമാണ്. അഞ്ചു സെൻറിൽ ഉള്ള വീടിന്റെ മുകൾ ഭാഗമാണ് അശ്വിൻ തന്റെ കൃഷിയിടത്തിനായി തെരഞ്ഞെടുത്തത്. അഞ്ചാംക്ലാസ് മുതൽ സ്കൂളിലെ കാർഷിക പ്രവർത്തനങ്ങളിൽ അശ്വിൻ മുൻനിരയിൽ തന്നെയുണ്ട്. സ്കൂളിൽ നിന്നും കൃഷിഭവനിൽ നിന്നും ലഭ്യമാകുന്ന വിത്തുകൾ ഉപയോഗപ്പെടുത്തിയാണ് അശ്വിൻ ആദ്യമായി കൃഷിയിലേക്ക് ഇറങ്ങുന്നത്.

പിന്നീട് അശ്വിൻ കൃഷിയിൽ ഉള്ള താല്പര്യം തിരിച്ചറിഞ്ഞ മാതാപിതാക്കളും ഗുരുക്കന്മാരും എല്ലാവിധ പ്രോത്സാഹനങ്ങളും നൽകി ഒപ്പം കൂടി. കോവിഡ് സമയത്താണ് അശ്വിൻ തൻറെ കൃഷി വിപുലപ്പെടുത്തുന്നത്. ഈ കോവിഡ് സമയം ഏറെനേരം കൃഷിയിടത്തിൽ ചെലവഴിക്കാൻ കഴിഞ്ഞത് അവാർഡ് നേട്ടത്തിലേക്ക് തന്നെ എത്തിക്കാൻ ഏറെ സഹായിച്ചു എന്ന് അശ്വിൻ പറയുന്നു. വെണ്ട, മത്തൻ, ചീര, പയർ, തക്കാളി അങ്ങനെ എല്ലാമെല്ലാം അശ്വിൻ തൻറെ കൃഷിയിടത്തിൽ ഒരുക്കി. വീട്ടിലെ ആവശ്യങ്ങൾക്ക് അശ്വിൻ തന്റെ കൃഷിയിടത്തിൽ നിന്ന് കിട്ടുന്ന പച്ചക്കറി ആണ് പൂർണ്ണമായും ഉപയോഗപ്പെടുത്തുന്നത്. കൃഷിയോടൊപ്പം പാചകത്തിലും മിടുക്കനാണ് അശ്വിൻ. ഇതിൻറെ എല്ലാം ഭാഗമായി അശ്വിൻ സുടുസ് വ്ലോഗ് എന്ന യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്.

പച്ചക്കറി കൃഷിയിൽ മികച്ച വിദ്യാഭ്യാസ സ്ഥാപനം ആയി തിരഞ്ഞെടുത്ത സദാനന്ദപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിറാം കൃഷ്ണ. സദാനന്ദപുരം സ്കൂളിലെ വിദ്യാർത്ഥികളെ ഏകോപിപ്പിച്ച് അഭിറാം നടത്തിയ കാർഷിക പ്രവർത്തനങ്ങളാണ് ഈ പുരസ്കാരത്തിന് അർഹനാക്കിയത്. സ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾ തികഞ്ഞ അർപ്പണ ബോധത്തോടെ ചെയ്ത അഭിറാം കൃഷ്ണ ഇന്ന് വിദ്യാർത്ഥി സമൂഹത്തിനാകെ മാതൃകയാണ്. 

വിദ്യാലയത്തിൽ മാത്രമല്ല വീട്ടിലും അഭിറാം കൃഷിചെയ്യുന്നു. വീടിനോട് ചേർന്ന 20 സെൻറ് സ്ഥലതാണ് അഭിറാമിന്റെ കൃഷി. അഭിറാം പഠിക്കുന്ന സദാനന്ദപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നാലു വർഷങ്ങൾക്കു മുൻപാണ് കൃഷി ആരംഭിക്കുന്നത്. ഇവിടത്തെ കാർഷിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഈ സ്കൂളിലെ സംഗീത അധ്യാപകനായ മോഹൻലാൽ സാറിന് ആണ് ഈ വർഷത്തെ വിദ്യാലയങ്ങളിൽ കാർഷിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മികച്ച അദ്ധ്യാപകനുള്ള അവാർഡ് ലഭിച്ചുവെന്ന കാര്യം എടുത്തുപറയേണ്ടതാണ്. 

പച്ചക്കറികൃഷി ഇവിടെ ആരംഭിക്കുന്നത്. അന്യോന്യം വീടും വിദ്യാലയവും, ഒരു മുറം പച്ചക്കറി, ഒരു മുറി നിറയെ നൂറുമേനി, സ്വർണ്ണ ചോളം തുടങ്ങി വിവിധ തരത്തിലുള്ള കാർഷിക പദ്ധതികൾ ഈ കുറഞ്ഞ കാലയളവിൽ തന്നെ ഇവിടെ നടപ്പിലാക്കി കഴിഞ്ഞിരിക്കുന്നു. സ്കൂൾ വിദ്യാർഥികളെ ഗ്രൂപ്പുകളായി തിരിച്ചാണ് ഇവിടുത്തെ കാർഷിക പ്രവർത്തനം. ഇതിൽ കരനെൽകൃഷി ഗ്രൂപ്പിൻറെ ലീഡറാണ് അഭിറാം കൃഷ്ണ. കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറെ സന്തോഷം പകർന്നു നൽകുന്നുവെന്ന് അഭിറാം പറയുന്നു.

അഭിറാമിനും അശ്വിനും ലഭിച്ച ഈ ഈ അംഗീകാരങ്ങൾ നിരവധിപേർ കാർഷിക മേഖലയിലേക്ക് കടന്നു വരാൻ പ്രചോദനമാവട്ടെ. ഇവരുടെ കൂടുതൽ വിശേഷങ്ങൾ അറിയാം ഇന്ന് നാലുമണിക്ക് കൃഷി ജാഗരൺ ഫേസ്ബുക്ക് പേജിലൂടെ...


English Summary: Ashwin and Abhiram, who won first and third prizes respectively from the Kerala State Government Awards for Vegetable Growing Students, are a great inspiration to today's youth

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds