<
  1. Features

ചോമ്പാലയിലെ നാട്ടുപുരാണങ്ങൾ !

ചോമ്പാലയിൽ ഹാർബ്ബർ റോഡ് തുടങ്ങുന്നതിനും വളരെ തൊട്ടടുത്ത് ദേശീയപാതയോട് ചേർന്ന റോഡരികിലെ പറമ്പിൽ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്നതോതിൽ ഉയർന്നുനിൽക്കുന്ന മനോഹരമായ ആരാധനാലയം ക്ഷേത്ര വാസ്‌തുഘടനയെ ഓർമ്മിപ്പിക്കുന്ന തോതിലുള്ള നിർമ്മാണരീതി

Arun T
O
-ദിവാകരൻ ചോമ്പാല

ചോമ്പാലയിൽ ഹാർബ്ബർ റോഡ് തുടങ്ങുന്നതിനും വളരെ തൊട്ടടുത്ത് ദേശീയപാതയോട് ചേർന്ന റോഡരികിലെ പറമ്പിൽ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്നതോതിൽ ഉയർന്നുനിൽക്കുന്ന മനോഹരമായ ആരാധനാലയം ക്ഷേത്ര വാസ്‌തുഘടനയെ ഓർമ്മിപ്പിക്കുന്ന തോതിലുള്ള നിർമ്മാണരീതി .ഇങ്ങിനെയൊരു സമാധി മണ്ഡപം ഇവിടെ പണിതുയർന്നിട്ട് അരനൂറ്റാണ്ടിലേറെക്കാലമായി .
കൃത്യമായി പറഞ്ഞാൽ 58 വർഷങ്ങൾക്ക് മുൻപ് .

ദേശീയ പാതയുടെ വികസനവും ബന്ധപ്പെട്ട നിർമ്മാണപ്രവർത്തനങ്ങളും ആസന്നമായ ഭാവിയിൽ നടക്കാനിരിക്കുന്നു. ദേശീയപാതയോട് ചേർന്ന സ്ഥലത്തായതുകൊണ്ടുതന്നെ ഈ സ്‌മൃതിമണ്ഡപം പൊളിച്ചുമാറ്റേണ്ടതായും വന്നേക്കാം .

ഈ ആരാധനാലയത്തിൻറെ സംരക്ഷണസമിതിയിലെ പ്രമുഖ പ്രവർത്തകനും സ്ഥലത്തെ ജീവിച്ചിരിപ്പുള്ള ഏക സ്വാതന്ത്ര്യ സമര സേനാനിയും വന്ദ്യവയോധികനുമായ കൊന്നപ്പാട്ട് കുന്നുമ്മൽ കുമാരേട്ടൻെറ അഭിപ്രായത്തിൽ തൊട്ടടുത്തുതന്നെ മണ്ഡപം മാറ്റിസ്ഥാപിക്കാൻ സ്ഥലം കണ്ടെത്തേണ്ടതായുണ്ട് എന്നുതന്നെ .

വിശ്വാസികളും ഭക്തജനങ്ങളുമായ നാട്ടുകാരുടെ താൽപ്പര്യത്തിലും കൂട്ടായ്‌മയിലും സമീപത്തുതന്നെ പുതിയ ഇടം കണ്ടെത്തി പുനർനിർമ്മാണവും പുനഃപ്രതിഷ്ഠയും ആഘോഷവും തുടരുമെന്നും പ്രതീക്ഷിക്കാം .

58 വർഷങ്ങൾക്ക് മുൻപ് ഈ സ്‌മൃതിമണ്ഡപം നിർമ്മിച്ചത് ഡോ .രാമമൂർത്തിയുടെ അഥവാ ഡോ .ആർ .മൂർത്തിയുടെ വീടിനോട് ചേർന്ന പറമ്പിലെ റോഡരികിൽ .
ഏതാനും വർഷങ്ങൾക്ക് മുമ്പും റോഡ് വികസനവുമായി ബന്ധപ്പെട്ടാണെന്നു തോന്നുന്നു ഈ മണ്ഡപം പൊളിച്ചുമാറ്റിയാണ് ഇപ്പോൾ നിൽക്കുന്നിടത്ത് പുനഃപ്രതിഷ്ഠനടത്തിയത് .
ചെങ്ങന്നൂരിലെ മങ്കട സ്വാമിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു പുനഃപ്രതിഷ്ഠയും ചടങ്ങുകളും നടന്നതാണെന്ന് നാട്ടറിവ് .

തുടക്കം മുതലേ ഈ മണ്ഡപത്തിൻറെ പ്രവേശന കവാടത്തിനോടുചേർന്ന ചുമരിൽ സിമന്റിൽ കൊത്തിവെച്ച അക്ഷരങ്ങളും മറന്നിട്ടില്ല .--''അവധൂത മാതാ സമാധിമണ്ഡപം''.

സമാധിമണ്ഡപത്തിൻറെ നിർമ്മാണത്തിനായി സ്ഥലം അനുവദിച്ചത് പ്രമുഖ തറവാട്ടുകാരായ കോമത്ത് ഞാലിക്കര പാർവ്വതി അമ്മ .

രാമമൂർത്തി ഡോക്‌ടറുടെ വീടിനോട് ചേർന്നുള്ള പറമ്പിൽ പണിതതുകൊണ്ടുതന്നെയാവാം ഈ സ്‌മൃതിമണ്ഡപത്തിന് നാട്ടുകാരിൽ പലരും 'മൂർത്തിക്കാവ് ' എന്നായിരുന്നു തുടക്കം മുതലേ വിളിപ്പേരിട്ട് വിളിച്ചത് ‌ .

പുറത്തുനിന്നും കേട്ടറിഞ്ഞെത്തുന്നവർ ഉഗ്രമൂർത്തിയായ ഏതെങ്കിലും പ്രതിഷ്ടയായിരിക്കാം അതുകൊണ്ടാവും മൂർത്തിക്കാവെന്ന് വിളിക്കുന്നതെന്നും, ഒരുപക്ഷെ വിശ്വസിച്ചുകൂടെന്നുമില്ല .
പൊതുവെ ക്ഷേത്രങ്ങളും പള്ളികളും കൃസ്ത്യൻ ദേവാലയവും ശ്രീനാരായണ മഠവും അയ്യപ്പക്ഷേത്രവും എല്ലാം കൂടി ഭക്തിയുടെ , ഭക്തരുടെ നല്ല കൂട്ടായ്‌മയുടെ വിളനിലമായിരുന്നു ഇവിടം ഈ ഗ്രാമപ്രദേശം .വാഗ്ഭടാനന്ദഗുരുവിന്റെ പേരിൽ ആത്മവിദ്യാ സംഘവും ഇവിടെ തഴച്ചുവളർന്നിരുന്നു .
നാനാതരം വിശ്വാസികൾക്ക് ഇവിടെ ഏറെ പഞ്ഞമില്ലാത്തതുകൊണ്ട് തന്നെ അടുത്തും അയലത്തുമായി ആഴത്തിൽ വേരിറങ്ങിയ നിരവധി തണൽമരങ്ങൾ പോലെ ഇവിടെ നിരവധി 'അവതാരക്കാഴ്ച്ചകൾ 'വേറെയും .

ഇവരിൽ പലരുടെ മുൻപിലും എന്തിന് വേണ്ടിയെന്നറിയാതെ വെറുതെ വിശ്വാസത്തിൻറെ ഭാഗമായും ഒരന്വേഷകൻറെ ഭാവത്തിലും ഞാനും തൊഴുതു നിന്നിട്ടുണ്ട് .

അവധൂതസമാധിമണ്ഡപം !

അരനൂറ്റാണ്ടിനുമപ്പുറം ,കൃത്യമായി പറഞ്ഞാൽ ആറിലോ ഏഴിലോ പഠിക്കുന്നപ്രായം .
എന്താവാം ഈ അവധൂത എന്ന വാക്കിനർത്ഥം ?  
സത്യം പറഞ്ഞാൽ ഒരു വ്യക്തതയുമില്ല .ദൈവത്തിൻറെ പ്രതിരൂപമോ പ്രതിഛായയോ  ഏന്തെങ്കിലുമായിരിക്കാം  .ദേവതാ സങ്കൽപ്പമാണെന്ന് മറ്റുചിലർ. യോഗിനിയാണെന്നും അവധൂതയാണെന്നും അറിവുള്ളവർ .

പക്വതയില്ലാത്ത അന്നത്തെ ചെറിയ മനസ്സിൽ ആരും തിരിഞ്ഞുനോക്കാനില്ലാത്ത അനാഥയായ ഒരു പാവം സ്ത്രീ മരിച്ചു .അവരുടെ ഓർമ്മക്കായി ഒരു മണ്ഡപം .അത്രയേ അന്ന് തോന്നിയുള്ളൂ .അതിനപ്പുറം ചിന്തിക്കാൻ മനസ്സ്‌ തിടുക്കം കൂട്ടിയതുമില്ല .
 ''സന്യാസിനികളും യോഗികളും മരിച്ചെന്നു പറയരുത് .സമാധിയാണെന്നേ പറയാവൂ.''
.എൻറെ അച്ഛൻറെ അഛൻ പറഞ്ഞുതന്നതെങ്ങിനെ .
.സമാധിയാകുന്ന അവസ്ഥയിൽ ഇവരുടെ ആത്മാവ് മൂർദ്ധാവ് പൊട്ടിപുറത്തേക്ക് പറന്നുപോകും എന്നൊക്കെ യാണ് കുട്ടികളായ ഞങ്ങൾക്ക് ചില നാട്ടുകാരിൽ നിന്നും ആ കാലങ്ങളിൽ കിട്ടിയ നാട്ടറിവുകൾ . ശരിയോ എന്തോ ?

കാലമേറെ കഴിഞ്ഞെങ്കിലും അവധൂത എന്ന വാക്കിൻറെ അർത്ഥതലങ്ങളിലേക്ക് അധവാ  അകംപൊരുൾ  അറിയാനുള്ള ജിജ്ഞാസ അതുമല്ലെങ്കിൽ  അന്വേഷണത്തിന് വിടാതെ മനസ്സ് കൊതിച്ചുകൊണ്ടിരുന്നുവന്നതും സത്യം .

ആത്മബോധത്തിൻറെ അതിതീവ്രമായ പരിണാമ അവസ്ഥയെയാണ് അവധൂതാവസ്ഥ എന്ന് പറയുന്നതെന്ന് ആത്മീയഗുരുക്കന്മാർ വ്യക്തമാക്കുന്നു .
ശരാശരി നിലവാരത്തിലുള്ള ഒരാൾ തൻറെ കേവലാവസ്ഥയിൽ നിന്നും പടിപടിയായി ഉയരങ്ങളിലേക്കുയരുന്നു .
മനഃശുദ്ധിയും ഉയർന്ന ലക്ഷ്യബോധവും മനസ്സിൽ ഊട്ടിയുറപ്പിച്ചുകൊണ്ട്  ഈശ്വര സാക്ഷാത്കാരത്തിനായുളള അന്വേഷണയാത്രയിൽ ലാഭമോഹങ്ങളില്ലാതെ ദൈവീക സന്നിധിയിലേക്ക് അടിവെച്ചടിവെച്ച് കയറിയെത്തുന്ന ആത്മീയാന്വേഷകരെയാണത്രെ അവധൂതന്മാർ എന്ന് വിളിക്കുന്നത് 

വൈകിയറിഞ്ഞ അറിവുകളും കണ്ടറിഞ്ഞ പഴയകാല അനുഭവങ്ങളും കൂട്ടിയോജിപ്പിക്കാൻ ശ്രമിക്കുന്നതും മനസ്സിൻറെ ചില കുസൃതിക്കളികൾ .

62 വർഷങ്ങൾക്ക് മുൻപ്‌  ചോമ്പാല ഗ്രാമത്തിലെ ചെറിയ അങ്ങാടിയുടെ പേരാണ് മുക്കാളി ടൗൺ.
പത്തോ ഇരുപതോ പീടികൾ .ഒട്ടുമുക്കാലും ഓലമേഞ്ഞത് .മീൻചാപ്പ എന്ന പേരിൽ ഒരു മത്സ്യമാർക്കറ്റ് ,ചായക്കടകൾ . സൈക്കിൾ വാടകക്ക് കൊടുക്കുന്ന ചിലകടകൾ ,സ്റ്റേഷ്യനറി ,പലചരക്ക് കടകൾ ,തറിമരുന്ന് ഔഷധശാലകൾ ,മുടിമുറിക്കാനുള്ള കടകൾ ,കൊല്ലന്മാർ പണിയെടുക്കുന്ന കൊല്ലപ്പുരകൾ ,പശുവിൻ നെയ്യിട്ട കണ്ണേട്ടൻറെ പ്രശസ്‌തമായ നാടൻ ശർക്കരക്കാപ്പിക്കട . തയ്യൽ കടകൾ , കുടനന്നാക്കാൻ പൊക്കുവച്ഛൻ എന്നൊരാൾ  ,മികച്ച നാടൻ ഊണ് കിട്ടുന്ന ബാപ്പു അച്ഛൻറെ ഹോട്ടൽ . ആട്ടിനെ അറുത്തുവിൽക്കുന്ന ഇറച്ചിക്കടകൾ .

മുക്കാളി ടൗണിലെ വീതികുറഞ്ഞ പഴയകാല നിരത്തിലൂടെ നിസ്സംഗഭാവത്തിൽ വെറുതെ തെക്കോട്ടും  വടക്കോട്ടും ലക്ഷ്യമില്ലാതെ നടക്കാറുള്ള ,ഊരും പേരുമറിയാത്ത മധ്യവയസ്‌കയായ ഒരു പാവം സ്ത്രീ. മുക്കാളി ടൗണിനെ ചുറ്റിപ്പറ്റി കാലപ്പഴക്കത്തിലും മങ്ങലേൽക്കാത്ത  എൻറെ ചില ഓർമ്മ കാഴ്ച്ചകളിൽ ഇപ്പോഴും പാവം ആ സ്ത്രീ നിറഞ്ഞുനിൽക്കുന്നു .

ശുഷ്ക്കിച്ചുണങ്ങിയ മെല്ലിച്ച  ശരീരം ,കൃത്യമായ കുളിയും നനയും വെടിപ്പും വൃത്തിയുമില്ലാതെ അഴുക്കും പൊടിമണ്ണും കട്ടപിടിച്ച് , ഇടയിലവിടവിടെ  ജടകെട്ടി  , തോളറ്റം തൂങ്ങിനിൽക്കുന്ന വിതർത്തിട്ട ചെമ്പൻ തലമുടി .
അലസവും അശ്രദ്ധാപൂർണ്ണവുമായ വേഷവിധാനം . പലപ്പോഴും അടിപ്പാവാടപോലുമില്ലാതെ ഒരു നീളൻ ചേലക്കഷണം വെറുതെ വാരിചുറ്റിയപോലെ .അൽപ്പവസ്ത്രത്തിനടിയിലെ  അർദ്ധനഗ്നതയിൽ ശുഷ്ക്കിച്ചുണങ്ങിയ മുലകൾ പാതിയും പുറത്ത് .

ഏതോ ഒരു കാലിൽ പഴുത്തഴുകിയ വ്രണം .വ്രണത്തിനു ചുറ്റും സദാ  ഈച്ചകൾ വട്ടമിട്ട് പറക്കുമ്പോഴും  ഒരിക്കൽ പോലും ഈച്ചകളെ അവർ ആട്ടിയോടിക്കാൻ ശ്രമിക്കുന്നതും കണ്ടിട്ടില്ല .
കരിയുന്ന വെയിലിലും കനത്ത മഴയിലും ഭാവവ്യത്യാസമില്ലാതെ അങ്ങാടിയിലൂടെ വെറുതെ നടക്കും .പെരുമഴയത്ത് നനഞ്ഞൊലിച്ചാലും തലതുവർത്തുന്നശീലവുമില്ല .
ആരോടും ഉരിയാടാത്ത ,ആരോടും പരിഭവിക്കാനറിയാത്ത ,അടുത്തിടപെടാൻ ആരുമാരുമിഷ്ടപ്പെടാത്ത ആൾ രൂപമായിരുന്നു ദീർഘകാലം മുക്കാളി ടൗണിൻറെ ഭാഗമായിരുന്ന ആ പാവം സ്ത്രീ .'
ഇങ്ങിനെയൊരു സ്‌ത്രീ ഇവിടെ ചുറ്റിക്കറങ്ങിയത്‌ കണ്ടവരിൽ പ്രായക്കൂടുതലുള്ള ഒരുപാട് പേർ ഇന്നും ഇവിടെ ജീവിച്ചിരിപ്പുണ്ട് .

ഏതെങ്കിലും കച്ചവടപ്പീടികയുടെ തിണ്ണക്കരികിലെത്തിയാൽ അഴുകിയ വ്രണത്തിൽ നിന്നുമെത്തുന്ന ദുർവ്വാസന സഹിക്കാനാവാതെ പലരും അവരുടെ മുഖത്തു നോക്കാതെ പുറം കൈയ്യിളക്കി പതിയെ ആ പാവം സ്ത്രീയെ ആട്ടിയോടിക്കുന്നതും അന്നത്തെ പതിവ് കാഴ്‌ച്ച .
ആരോടും അവർ ഒന്നും ആവശ്യപ്പെടുന്നതും കണ്ടില്ല .ഭിക്ഷയാചിക്കുന്ന സ്വഭാവമില്ലാത്തതുകൊണ്ടു തന്നെ ഭിക്ഷക്കാരി എന്നുപറയാനുമാവില്ല .
ഭ്രാന്തിയാവാമെന്ന് ചിലർ പറഞ്ഞെങ്കിലും അവർക്ക് കടുത്ത മാനസിക വിഭ്രാന്തി ഉള്ളതായും തോന്നിയില്ല .

വടകര ടൗണിലെ ബസ്‌റ്റാൻഡ്‌ പരിസരത്ത് നേരത്തെ ഈ സ്ത്രീ  ചുറ്റിക്കറങ്ങിയിരുന്നത് കണ്ടതായി ചിലർ .ഇവരുടെ പേരെന്താണെന്നോ ഭാഷ ഏതാണെന്നോ ആർക്കുമൊട്ടറിവുമില്ല  .കെ ടി ബസാറിൽ എപ്പഴോ കണ്ടിരുന്നതായി ഒരു മൂരി വണ്ടിക്കാരൻ പറഞ്ഞതോർക്കുന്നു .
രഹസ്യാന്വേഷണത്തിനെത്തിയ സി ഐ ഡി ആവാമെന്ന്  ചില ഭാവനാസമ്പന്നർ .
ഈ സ്ത്രീ അന്തിയുറങ്ങുന്നത് ഏതെങ്കിലും കടത്തിണ്ണയിൽ .
ഇടക്കെപ്പോഴോ തൻറെ കാലിലെ വ്രണത്തിൽ തെരുവ് നായ കടിച്ച മുറിപ്പാടുമായി എൻറെ  അഛന്റെ ആയുർവ്വേദ മരുന്നുഷാപ്പിൻറെ  മുന്നിലവരെ കണ്ടതോർക്കുന്നു  .
വെറുതെ ഒരു നിൽപ്പ് . മിനിറ്റുകളോളം .മുറിവിൽ വെച്ചുകെട്ടാൻ ജാത്യാദിതൈലം ഒരു നീണ്ട തുണിക്കഷണത്തിൽ മുക്കിയത് അച്ഛൻ അവരുടെ  കയ്യിലിട്ടുകൊടുത്തെങ്കിലും  അവരത് കൂട്ടാക്കാതെ മണ്ണിലെവിടെയോ വലിച്ചെറിഞ്ഞു നടന്നു നീങ്ങി .
ഈ സ്ത്രീയെപ്പറ്റി പറയുമ്പോൾ ഒഴിവാക്കാനാവാത്ത  ചില ‌വ്യക്തിത്വങ്ങളുടെ മുഖങ്ങൾ കൂടി തെളിഞ്ഞുവരുന്നു .
തയ്യൽ തൊഴിലിനിടയിലും സാധുജനസേവ മുഖമുദ്രയാക്കിയ കേളുമേസ്‌തിരി എന്നൊരാൾ അക്കാലത്ത് മുക്കാളി ടൗണിലുണ്ടായിരുന്നു .
ഇവിടെയെത്തുന്ന അഗതികൾക്കും ,തെരുവ്‌ സർക്കസ്സുകാർക്കും ,പാമ്പാട്ടികൾക്കും ,കുരങ്ങ് കളിക്കാർക്കും ,വിശക്കുന്നവർക്കും ,വണ്ടിക്കൂലിയില്ലാത്തവർക്കും വേണ്ടി കൈയ്യിൽ പരന്ന പിഞ്ഞാണപ്പാത്രവുമായി അങ്ങാടിയിൽ കാണുന്നവരുടെ മുൻപിലും ,ഓരോ പീടികക്കാരൻറെ മുമ്പിലുമെല്ലാം ഒരണയും അരക്കാലും ഓട്ടമുക്കാലും കിട്ടാൻ കൈ നീട്ടുന്ന പരോപകാരി.   .

അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഈ സ്ത്രീക്ക്  ഇടക്ക് സ്വന്തം ചിലവിൽ ചായയും പലഹാരവും പറമ്പത്ത് അച്ചുവേട്ടൻറെ ചായക്കടയിൽ നിന്നും കേളുമേസ്‌തിരി വാങ്ങിക്കൊടുക്കുന്നതും ഞാൻ മറന്നിട്ടില്ല .
രണ്ടാമതൊരാൾ എളമ്പാളി ബാലൻ മേസ്‌തിരി എന്ന തുന്നക്കാരൻ ബാലൻ അഥവാ ഇ .എം . ബാലൻ എന്ന ഇവിടുത്തെ ആദ്യകാല കാമ്യുണിസ്റ് പാർട്ടിയുടെ കരുത്തനായ പ്രവർത്തകൻ.
ഇവിടെയെത്തുന്ന അഗതികൾക്കും അശരണർക്കും എന്ന് കൈത്താങ്ങായിരുന്നു ഇദ്ധേഹം .
സ്വന്തം   ജോലിക്കിടയിലും സഹായങ്ങൾ പിരിച്ചുണ്ടാക്കി സഹായിക്കുന്ന കാര്യത്തിൽ  കേളു മേസ്‌തിരിയും  ബാലൻ മേസ്‌തിരിയും ഒരേ നാണയത്തിന്റെ അകവും പുറവും എന്ന് പറഞ്ഞാൽ തെറ്റാവില്ല .

അങ്ങാടിയിലൂടെ അലഞ്ഞുനടക്കുന്ന ഈ സ്‌ത്രീക്ക് തണുപ്പുകാലത്ത് പുതച്ചുനടക്കാൻ പുതപ്പുപോലൊരു തുണി സ്വന്തം ചിലവിൽ നൽകിയതും ഇ എം ബാലൻ എന്ന നല്ല മനുഷ്യൻ .ഒളവിൽ ചോയി എന്ന ആളുടെ പലചരക്കുകടയോടു ചേർന്ന തുണിക്കടയിലായിരുന്നു ബാലൻ മേസ്ത്രിയുടെ തയ്യൽകേന്ദ്രം .ഇടക്ക് ചില്ലറ ആഹാരവും അദ്ധേഹം വാങ്ങിക്കൊടുക്കും .

പൊതുജന സേവകനായി ഈ അങ്ങാടിയിലെ മൂന്നാമത്തെ ആൾ കണാരൻ എന്ന കച്ചവടക്കാരൻ .
ധേബാർ കണാരൻ എന്നപേരിലറിയപ്പെടുന്ന ചെറുപ്പക്കാരനായ  കോൺഗ്രസ്സുകാരൻ .
വാഹനങ്ങൾ കൂട്ടിമുട്ടിയാൽ ,ആളുകൾ തല്ലുകൂടിയാൽ, വാഹനാപകടമുണ്ടായാൽ ആദ്യമോടിയെത്തുക ധേബാർ  കണാരനാവും . ചിലപ്പോൾ അയാളുടെ  പീടിക പൂട്ടിയാവും അപകടത്തിൽപെട്ട ആളിനെ ആശുപത്രിയെത്തിക്കാൻ കണാരൻറെ  ഓട്ടം .

പ്രശ്‌നപരിഹാരങ്ങൾക്കുള്ള ഉപദേശിയും, മദ്ധ്യസ്ഥനും ,ശാന്തി ദൂതനും എല്ലാമായി വിധറോളുകളിൽ മുഴുനീളെ കണാരൻറെ സാന്നിധ്യവും സഹായവും  ഒരുപാടുപേർക്ക് കിട്ടിയിട്ടുണ്ട് ,
ഈ സ്ത്രീയെ ആരെങ്കിലും ക്രൂരമായി ആട്ടിയോടിക്കാൻ ശ്രമിക്കുമ്പോഴെല്ലാം കരുണാമയനായ കാവൽക്കാരനെപ്പോലെയായിരുന്നു പലപ്പോഴും കണാരൻറെ ഇടപെടൽ .പാവം നല്ല മനുഷ്യൻ .
അദ്ദേഹം  ഇല്ലതായിട്ടേറെയായി .

ശുദ്ധമായ നാടൻ ഭക്ഷണം വെച്ചുവിളമ്പുന്നതിൽ അക്കാലത്ത്  ഏറെ കേമനായിരുന്നു മുക്കാളി ടൗണിലെ ഹോട്ടൽ കച്ചവടക്കാരൻ ബാപ്പു അച്ഛൻ ,ഒപ്പം ഭാര്യ ചീരു അമ്മ .
ചോമ്പാൽ കടപ്പുറത്തെ അക്കാലത്തെ ചവിട്ടുവലക്കാർക്ക്‌ കിട്ടുന്ന നല്ലയിനം മീനുകളും പൂക്കൊഞ്ചൻ എന്ന ചെമ്മീനും ആദ്യം എത്തുക ബാപ്പു അച്ഛന്റെ ഹോട്ടലിൻറെ അടുക്കളപ്പുറത്ത് .
ഉച്ചമുതൽ ലോറിക്കാരും ,നാട്ടുജോലിക്കാരും സ്‌കൂൾ അദ്ധ്യാപകരും അങ്ങാടിയിലുള്ള ചില കച്ചവടക്കാരും ഭക്ഷണത്തിനെത്തുന്നതും ഇവിടെ .

ഇരിക്കാൻ ബഞ്ചിലിടമില്ലാതെ ഈ ഹോട്ടലിൽ കാത്തുനിൽക്കുന്നവരുടെ എണ്ണവും അന്ന്  കുറവല്ല .
മുളകും നാളികേരവും അമ്മിക്കല്ലിലരച്ചു വെച്ച നല്ല ഒന്നാംതരം മീൻകറി ,സാമ്പാർ ,പച്ചടി ,കൂട്ടുകറി ,അച്ചാർ ,പപ്പടം ,രസം ,ഒപ്പം ഇഞ്ചിയും കറിവേപ്പിലയുമിട്ട നാടൻ മോര് ,ചോറ് വേണ്ടത്ര .
ഊണിൻറെ വില നിരപ്പലകയിൽ ചോക്കുകൊണ്ട് എഴുതിവെച്ചിരിക്കും .
മുഴുവൻ ചോറ് അഞ്ചണ .അരച്ചോറ് മൂന്നണ .
കടമായി ഊണുകഴിക്കുന്നവരുടെ കണക്കെഴുതി സൂക്ഷിക്കുന്ന പരിപാടിയും ബാപ്പു അച്ഛനില്ല .കൊടുക്കാനുള്ളവർ ഓർമ്മിച്ചുകൊടുത്താൽ മതി .കൊടുക്കാൻ സന്മനസ്സില്ലാത്ത ആരെയും അദ്ദേഹം ചീത്ത വിളിക്കാറുമില്ല .

സാധുജനങ്ങളോടും വിശക്കുന്നവരോടും മക്കളില്ലാത്ത ബാപ്പു അച്ഛനും  ഭാര്യ ചീരുഅമ്മയ്ക്കും ഒരുതരം പ്രത്യേകവാത്സല്യമായിരുന്നു.
അത്തരക്കാർക്കെല്ലാം വിശപ്പുമാറുന്നവരെ ഭക്ഷണം വിളമ്പിക്കൊടുക്കുന്നതിൽ  എന്തോ ഒരു സുഖം ഈ വൃദ്ധ ദമ്പതികൾക്ക് ഉണ്ടായിരുന്നുവെന്ന് വേണം കരുതാൻ .
 മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടും കരുണകാണിക്കുന്നത്  ബാപ്പു അച്ഛൻറെ  വേറിട്ട ജീവിത ശൈലി .

ഒരുപറ്റം എരുമകളെ കൂട്ടമായി അറവുശാലയിലേക്ക് റോഡിലൂടെ തെളിച്ചു കൊണ്ടുപോകുമ്പോൾ കൂട്ടം തെറ്റി ഒറ്റപ്പെട്ടുപോയ ,നടന്നു തളർന്ന് അവശയായ ഒരു എരുമക്കന്നിനെ വീണുകിട്ടിയപോലെയാണ് ബാപ്പു അച്ഛന്റെ കൈകളിലെത്തിയത് .
പാലും കഞ്ഞിവെള്ളവും മറ്റും കൊടുത്ത് മക്കളെ പോറ്റുന്നപോലെയാണ് ഈ എരുമക്കന്നിനെ ബാപ്പുഅച്ഛൻ വളർത്തി വലുതാക്കിയത്.എരുമക്കന്നിന് പാറു എന്ന് പേരുമിട്ട് .
ഏതാനും മാസങ്ങൾക്കകം തടിച്ചുകൊഴുത്ത പാറു എന്ന എരുമയുടെ കുളമ്പടിയൊച്ചയും , കഴുത്തിൽ കെട്ടിയ ചെറിയ ഓട്ടുമണിയുടെ കിലുക്കവും കേൾക്കാത്തവരായി അക്കാലത്ത് ഈ മുക്കാളി ടൗണുമായി ബന്ധപ്പെട്ടവരായി ആരുമുണ്ടാവില്ല തീർച്ച .
ബാപ്പു അച്ഛന്റെ മുഖ്യ സഹായികളും സഹകാരികളുമായി ബാലൻ എന്നുപേരുള്ള രണ്ടുപേർ.

അങ്ങാടിയിലൂടെ അലഞ്ഞുതിരിഞ്ഞുനടക്കുന്ന ഊരും പേരുമില്ലാത്ത ഈ സ്ത്രീ ഉച്ച ഊണിൻറെ സമയമായാൽ മുടങ്ങാതെ ബാപ്പു അച്ഛൻറെ ഹോട്ടലിൻറെ മുന്നിലെത്തും .
ചന്ത്രോത്ത് കുഞ്ഞിരാമൻ വൈദ്യരുടെ മരുന്നുപീടികയുടെ മുറ്റത്ത് വളർന്നു നിന്നിരുന്ന ആവണക്ക് ചെടിയുടെ തണലിൽ ഇവർ വന്നിരിക്കേണ്ട താമസം ബാപ്പുഅച്ഛൻറെ വകയായി ഒരിലയിൽ ചോറും കറികളും അവരുടെ മുന്നിലെത്തും .മുടക്കമില്ലാതെ . എന്നും .
റോഡുവക്കിലിരുന്ന് ഇലയിലെ ചോറിൽ കൈ വെച്ചാൽ ആസ്ത്രീ ആദ്യം ചെയ്യുക ഏതാനും ചോരുളകൾ നന്നായി ഉരുട്ടി മയപ്പെടുത്തി എടുക്കുക എന്ന കർമ്മം .
പിന്നീട് ഉരുട്ടിയെടുത്ത ചോറുരുളകൾ ഇലത്തുമ്പിൽ നിരത്തിവെക്കും , കാക്കകൾക്ക് അന്നമൂട്ടാണത്രെ ഇങ്ങിനെ വെക്കുന്നത് .
പതിവായി മുടങ്ങാതെ ചോരുളകൾ കിട്ടിക്കൊണ്ടിരുന്ന കാക്കകൾ ഈ തെരുവ് സ്ത്രീക്കു ചുറ്റും വട്ടമിട്ടിരിക്കും .
മുടങ്ങാതെ ഭക്ഷണം കിട്ടിത്തുടങ്ങിയതിനാൽത്തന്നെയാവണം ഈ സ്ത്രീയുമായി കാക്കകൾ അകലം പാലിക്കാതെയുള്ള ഒരാത്മ ബന്ധം വളർത്തിയെടുത്തതെന്നുവേണം കരുതാൻ .
കാക്കകൾക്ക് ഈ സ്ത്രീയുമായി അടുത്തിടപെടാൻ ഭയമില്ലാത്ത ഒരവസ്ഥ ഉണ്ടായിരുന്നുവെന്നതും സത്യം .

എന്റെ അച്ഛൻറെ ആയുവ്വേദ ഷോപ്പ് തൊട്ടടുത്തായതുകൊണ്ടുതന്നെ ഈ കാഴ്‌ച്ചകളെല്ലാം നോക്കിക്കാണാനുള്ള അവസരവും എനിയ്ക്ക് കൂടുതൽ .
അനാഥയും അഗതിയുമായ അലഞ്ഞുനടക്കുന്ന ഈ പാവം സ്ത്രീ വളരെ പെട്ടെന്നാണ് ശ്രദ്ധേയയായതും സംസാര വിഷയമായി മാറിയതും,അതും ഏതോ ഒരു കാക്കയുടെ പേരിൽ !.
കേവലം എണ്ണയിൽ കാച്ചിയെടുത്ത ഒരു പപ്പടത്തിൻറെ പേരിൽ !.
എപ്പോഴോ ഒരിക്കൽ ബാപ്പു അച്ഛൻറെ ഹോട്ടലിനരികിൽ റോഡിലിരുന്ന് ഉച്ചഭക്ഷണം കഴിച്ചിരുന്ന ഈ സ്ത്രീയുടെ ഇലച്ചോറിനു മുന്നിലേക്ക് പതിവായി വട്ടമിട്ട് പറന്നിറങ്ങുന്ന കാക്കകൾ കാവൽക്കാരെ പോലെ ഇലക്ക് ചുറ്റും കലപില കൂടിക്കൊണ്ടിരുന്നു .

അതിനിടയിൽ കൊക്കിലിറുക്കിപ്പിടിച്ച ഉടയാത്ത കാച്ചിയ പപ്പടവുമായി ഒരു കാക്ക ഇവരുടെ മുന്നിലെ ഇലച്ചോറിനരികിലേക്ക് പറന്നുവന്നിരുന്നെന്നും കൊക്കിലുണ്ടായിരുന്ന പപ്പടം അവരുടെ ഇലയിലേക്ക് ഇടുന്നതായി ആരോ കണ്ടെന്നും മറ്റുമാണ് വാർത്ത .ഉച്ചഭക്ഷണത്തിനിരുന്ന അവർക്ക് ഇലയിൽ പപ്പടവുമായി ഒരുകാക്ക പറന്നു വന്നു എന്ന വാർത്താക്കാണ് വളരെപ്പെട്ടെന്ന് ചിറകുമുളച്ചത് .
ഞാനിതിന് സാക്ഷിയല്ല .വാർത്തയുടെ കേട്ടറിവ് സാക്ഷിമാത്രം .
ഈ സംഭവത്തിന് ശേഷമാണ്‌ ഈ സ്ത്രീക്ക് ദൈവീക പരിവേഷം നാട്ടുകാരിൽ ചിലർ നൽകിത്തുടങ്ങിയത് .ഇവർ സാധാരണ സ്ത്രീയല്ല ,ദേവിയാണ് ,ദൈവമാണ് യോഗിനിയാണ് ,മഹാ മായയാണ് ,മഹാത്ഭുതമാണ് .....ഓരോരുത്തരും സ്വന്തം ഭാവനക്കും വാഗ്വിലാസത്തിനമനുസരിച്ച് വാർത്തകൾക്ക് നിറം പകർന്നു .കൂടുതലും സ്ത്രീകൾ .
പിന്നീടുള്ള ദിവസങ്ങളിൽ പലരും അവരെ ഭയഭക്തിബഹുമാനങ്ങളോടെ നോക്കിക്കണ്ടിരുന്നുവെന്നത് സത്യം .

ഇത്രയൊക്കെ മഹത്വം അവർക്കുണ്ടെന്നു പറയാൻ ആളുകളുണ്ടായിട്ടും ഒരു മനുഷ്യ സ്ത്രീ ആയി അവരെ അംഗീകരിക്കാനും ഒരുനേരത്തെ ഭക്ഷണം സ്നേഹപൂർവ്വം ദയാപൂർവ്വം വെച്ച് നീട്ടാനും ഹോട്ടൽക്കാരൻ ബാപ്പു അച്ഛനെപ്പോലെ വിരലിലെണ്ണാവുന്ന ചില്ലറ ചില പേർ മാത്രം .
അശുദ്ധിയും ദുർവ്വാസനയും കാരണം ഒട്ടുമുക്കാൽ ആളുകളും അകലം പാലിച്ചുനിൽക്കുക മാത്രം .
മുക്കാളി അങ്ങാടിയുടെ ശാപമാണ് ഈ സ്ത്രീ എന്ന നിലയിലായിരുന്നു അന്ന് പലരുടെയും അവസ്ഥ .കച്ചവടപ്പീടികളുടെ മുറ്റത്ത് പോലും കൂടുതൽ നേരം അവരെ നിൽക്കാൻ അനുവദിക്കില്ല .
ഈ നിലയിലും ബാപ്പു അച്ഛൻറെ ഹോട്ടലിൽ ഭക്ഷണം വെന്തുപാകമായാൽ ആദ്യത്തെ ഒരിലച്ചോറ് ആ സ്ത്രീക്കുള്ളതായിരുന്നു .

ആരോരുമില്ലാത്ത അഗതിക്ക് ആദ്യത്തെ ഇലച്ചോറ് .അതുതന്നെ ബാപ്പു അച്ഛൻറെ അന്നത്തെ കച്ചവടത്തിൻറെ ശുഭാരംഭവും കൈ നീട്ടവും .
ഇഷ്ട്ടപ്പെട്ട ചിലയിടങ്ങളിൽ നിന്നുമാത്രമേ അവർ ആഹാരം സ്വീകരിച്ചിരുന്നുള്ളൂ .
മീത്തലെ മുക്കാളിയിൽ പാറേമ്മൽ കൃഷ്‌ണൻ എന്ന ആളുടെ ചായപ്പീടികക്ക് മുൻപിൽ കൈയ്യിൽ ഒരു ചിരട്ടയുമായി അവർ വന്നു നിക്കും നിൽക്കും . അൽപ്പം ചായക്ക് വേണ്ടി . ഗ്ളാസിൽ അവർക്കു ആരും ചായകൊടുത്തിരുന്നില്ല .
ഇതുപോലെ അവർക്കിഷ്ട്ടപ്പെട്ട ചിലയിടങ്ങളിലെ അവരെത്തൂ .

അടുത്തെത്തുമ്പോൾ നേരിയ ചൂട് വെള്ളം തെറിപ്പിക്കുന്നവരുടെയും വടിയെടുത്ത് ആട്ടിയോടിക്കാൻ ശ്രമിക്കുന്നവരുടെയും ഏഴയലത്തുപോലും അവരടുക്കാറില്ല .പരദേശിയായ ഈ സ്ത്രീ ഏതു നാട്ടുകാരി?

ഏതു ഭാഷക്കാരി ? എങ്ങിനെ എപ്പോൾ മുക്കാളയിലെത്തി ?
62 വർഷങ്ങൾക്കു മുൻപ് ഈ സ്‌ത്രീ മുക്കാളിയിലെത്തിയത് നേരിൽ കണ്ടവർ മൂന്നേ മൂന്നുപേർമാത്രം ,കൊളരാട് തെരുവിലെ നെയ്ത്തു തൊഴിലാളിയും കമ്യുണിസ്റ് പ്രവർത്തകനുമായ മന്നൻ ബാലൻ ,SP എന്ന് വിളിപ്പേരുള്ള നാടകനടനും സരസനുമായ തെരുവിലെ മറ്റൊരു നെയ്ത്തു തൊഴിലാളി ശങ്കരേട്ടൻ ,ഇവർ രണ്ടുപേരും ഇന്ന് ജീവിച്ചിരിപ്പുമില്ല . തട്ടോളിക്കരയിലെ സി പി ഐ പ്രവർത്തകൻ രവീന്ദ്രൻ മാസ്റ്ററുടെ ഭാര്യയുടെ അച്ഛനാണ് ശങ്കരേട്ടൻ . ജീവിച്ചിരിക്കുന്ന ഏക വ്യക്തി മൂന്നാമനായി ഞാൻ മാത്രം .
എഴുപത്തിയഞ്ചാമത്തെ വയസ്സിന്റെ നിറവിലും 62 വർഷങ്ങൾക്ക് മുമ്പ് കണ്ടറിഞ്ഞ കാര്യങ്ങൾ സത്യസന്ധതയോടെ ഇളം തലമുറക്കാക്കായി ഞാൻ പങ്കുവെയ്ക്കുന്നു.
മയ്യഴിയിലെ മാഹി ടാക്കീസിൽ നിന്നും സിനിമ കണ്ട് രാത്രിയിൽ മുക്കാളിക്ക് നടക്കുകയായിരുന്നു ഞങ്ങൾ .അവസാന ബസ്സായ PMS പോയിക്കഴിഞ്ഞാൽ പിന്നെ ബസ്സില്ല . ഇന്നത്തെപ്പോലെ വാഹന സൗകര്യങ്ങളില്ലാത്ത കാലം .നടപ്പുതന്നെ .വിജനമായ കുഞ്ഞിപ്പള്ളി പ്രദേശം കടന്നുവേണം മുക്കാളിയിലെത്താൻ ,അഴിയൂർ തീപ്പെട്ടിക്കമ്പനി കടന്നു രാത്രികാലങ്ങളിൽ മുക്കാളി ഭാഗത്തേക്ക് ഒറ്റക്ക് നടന്നുവരണമെങ്കിൽ അക്കാലത്ത് നല്ല ധൈര്യം വേണം .

ആൾപ്പാർപ്പ് നന്നേ കുറവ് .റോഡിൽ തടിയൻ കൊമ്പുകൾ പടർന്ന കൂറ്റൻ പേരാൽ മരങ്ങൾ .
നത്തും കടവാതിലുകളും ചേക്കേറുന്ന കൂറ്റൻ പേരാലിൻറെ മരപ്പൊത്തിലും മറവിലും പിടിച്ചുപറിക്കാരുടെ താവളം . നട്ടുച്ചയ്ക്കുപോലും ഉച്ചത്തിൽ നിലവിളിച്ചാൽപോലും ഒരാൾ എത്തിനോക്കാനിടയില്ലാത്ത ഭൂപ്രകൃതിയായിരുന്നു അന്നത്തെ കുഞ്ഞിപ്പള്ളി പ്രദേശം,
''ചോമ്പാപ്പറത്ത് നിന്ന് ചൂട്ട കേട്ടപോലെ'' -എന്നൊരു പറച്ചിൽ തന്നെയുണ്ടായിരുന്നു .
രാത്രികാലങ്ങളിൽ പഞ്ചായത്ത് വിളക്കിൻറെ വെളിച്ചത്തിൽ കുഞ്ഞിപ്പള്ളിയിലെ
ഖബറിടങ്ങളിലെ വെള്ളപൂശിയ മീസാൻ കല്ലുകൾ പ്രേതങ്ങൾ പല്ലിളിക്കുന്നതായി തോന്നും. അൽപ്പസ്വൽപ്പം ഭയമുള്ളതുകൊണ്ടുതന്നെയാണ് അന്നത്തെ രാത്രി സിനിമ കഴിഞ്ഞുനടക്കാൻ മന്നൻ ബാലനെയും ശങ്കരേട്ടനെയു കൂട്ടുപിടിച്ചത് .
ഇന്നുള്ളപോലെ വാഹനത്തിരക്കില്ല .അഞ്ചും പത്തും മിനിറ്റിനിടയിൽ ഏതെങ്കിലും ലോറിയോ കാറോ വന്നെങ്കിലായി .

കുഞ്ഞിപ്പള്ളിയും കടന്നു മുക്കാളി ഭാഗത്തേക്കുള്ള നടപ്പിനിടയിലാണ് തെക്കു ഭാഗത്തുനിന്നും ഒരുവാഹനം വരുന്നത് കണ്ണിൽപെട്ടത് .
കുഞ്ഞിപ്പള്ളി മൈതാനത്തിൻറെ കിഴക്കു വശത്ത് ജവഹർലാൽ നെഹ്‌റുവുവിനുവേണ്ടിഅക്കാലത്ത് നിർമ്മിച്ച പ്രസംഗമണ്ഡപത്തിന്‌ ഏകദേശം അടുത്തായി ആ വാഹനം നിർത്തി ലൈറ്റ് ഓഫ് ചെയ്‌തു.
വർഷങ്ങൾക്ക് മുൻപ് മുക്കാളിയിലെ സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ്സുകാരനുമായിരുന്ന മുല്ലപ്പള്ളി ഗോപാലൻ എന്നവരുടെ മുഖ്യ നിയന്ത്രണത്തിലാണ് ഈ പ്രസംഗമണ്ഡപം ഇവിടെ നിർമ്മിക്കപ്പെട്ടത് .

മുൻ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയും കെ പി സി സി പ്രസിഡണ്ടുമായിരുന്ന മുക്കാളിക്കാരൻ ശ്രീ .മുല്ലപ്പള്ളി രാമചന്ദ്രൻറെ പിതാവ് കൂടിയായിരുന്നു ശ്രീ മുല്ലപ്പളളി ഗോപാലൻ .
ലോറിയിൽനിന്നും ഇരുട്ടിൽ എന്തോ ഒരു വലിയ സാധനം റോഡരികിലേക്ക് തള്ളിയിട്ടുകൊണ്ട് ലോറി വളരെപെട്ടെന്നുതന്നെ വളച്ചുതിരിച്ചുകൊണ്ട് വടകര ഭാഗത്തേക്ക് തന്നെ തിരിച്ചുപോയി.
വടകര മുനിസിപ്പാലിറ്റിയുടെതാണ് ലോറിയെന്ന് ടോർച്ചിന്റെ വെളിച്ചത്തിൽ ബാലൻ സ്ഥിരീകരിച്ചു . ലോറിയിൽ നിന്നും റോഡരികിൽ തട്ടിയ സാധനം എന്താണെന്നറിയാനുള്ള ജിജ്ഞാസ ഉള്ളിലുണ്ടെങ്കിലും ശങ്കരേട്ടൻറെ വാക്കുകളിൽ അൽപ്പം ഭയം മുളപൊട്ടി .
''വല്ലോരും കൊന്നിട്ട ശവമാണെങ്കിൽ നമ്മള് കുടുങ്ങും ..വാ പൂവ്വാം '' -എന്നായി അദ്ദേഹം .
പൊതുവെ ധരീരനായ മന്നൻ ബാലൻ ഒന്നും വകവെക്കാതെ നടന്നടുത്തു . ടോർച്ച് തെളിച്ചപ്പോൾ കണ്ട കാഴ്ച്ച ശരിക്കും ഞെട്ടിക്കുന്നതായിരുന്നു .

ഞരങ്ങിയും നീങ്ങിയും, ഇഴയുന്ന പാമ്പിനെപ്പോലെ റോഡരികിലെ മണ്ണിൽ എഴുന്നേറ്റിരിക്കാൻ ശ്രമിക്കുന്ന ഒരു പാവം സ്ത്രീരൂപം .കഠിനമായ വിശപ്പ് കൊണ്ടോ എന്തോ അവരാകെ തളർന്നിരുന്നു .
ആരാണെന്താണ് പലതും ചോദിച്ചുനോക്കി .മിണ്ടാട്ടമില്ല മുഖത്തുകൂടെ നോക്കുന്നില്ല .വാഹനത്തിനടിപ്പെടാതിരിക്കാൻ ഈ സ്ത്രീരൂപത്തെ റോഡരികിൽ നിന്നും മൈതാനത്തിൻറെ ഭാഗത്തേക്ക് ഒരു കൈയ്യിൽ ടോർച്ചുമായി മാറ്റിയിടാൻ മനസ്സുകാണിച്ച മനുഷ്യസ്നേഹിയായ മന്നൻ ബാലൻ ഇന്ന് നമ്മോടോപ്പമില്ല .ഒരുപക്ഷെ ബാലൻ അന്ന് അവരെ റോഡരികിൽ നിന്നും അൽപ്പം മാറ്റി വലിച്ചു കിടത്തിയിരുന്നില്ലെങ്കിൽ അന്നുരാത്രി ഏതെങ്കിലും വാഹനത്തിനടിയിലാകുമായിരുന്നു ആ പാവം സ്ത്രീ .

ഒരു പക്ഷെ അന്നുരാത്രിതന്നെ ആ സ്ത്രീ കുഞ്ഞിപ്പള്ളിയിൽ നിന്നും മുക്കാളി വരെ നടന്നെത്തയിയെന്നുവേണം കരുതാൻ .
അടുത്ത ദിവസം രാവിലെ ചോമ്പാൽ വീവേഴ്‌സ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ മുക്കാളിയിലെ വിൽപ്പന കേന്ദ്രം തുറക്കാനെത്തിയ കൊളരാട് തെരുവിലെ നാരായണേട്ടൻ കണ്ടതായ കാഴ്ച അവരുടെ ഷാപ്പിൻറെ കോലായിൽ ഈ സ്ത്രീ ചുരുണ്ടുകൂടിക്കിടന്നുറങ്ങുന്നതായാണ് .
വൃത്തിയും വെടിപ്പുമില്ലാതെ കിടക്കുന്ന സ്ത്രീരൂപത്തെ തൊട്ടു വിളിക്കാൻ മടിയുള്ളതുകൊണ്ടുതന്നെ ഒരു വടിക്കഷ്ണംകൊണ്ട് തട്ടിയുണർത്തിയെങ്കിലും വയ്യായ്മ കൊണ്ടോ എന്തോ ആ സ്ത്രീ എഴുനേൽക്കാൻ ഭാവമില്ല . ഇവരെ എഴുനേൽപ്പിക്കാതെ പീടിക തുറക്കാനും കഴിയില്ല .
ഒരു ഗതിയുമില്ലാതെ വന്നപ്പോഴാണ് തൊട്ടടുത്തുള്ള പറമ്പത്ത് അച്ചുവേട്ടൻറെ ചായപ്പീടികയിൽ നിന്നും അൽപ്പം ചൂടുവെള്ളം ഒരു ഗ്ളാസ്സിൽ വാങ്ങി അദ്ധേഹം പതിയെ തുള്ളിതുള്ളിയായി ആ സ്ത്രീയുടെ ശരീരത്തിലേക്ക് തളിച്ചു .
ചൂടുള്ള വെള്ളത്തള്ളികൾ പുണ്ണിൽ വീണ ഉടനെ പിടഞ്ഞെണീറ്റ് അവർ വെറുതെ റോഡിലൂടെ യാത്രതുടർന്നു .

അവർ കിടന്നിടത്ത് ഫിനോയിൽ വാങ്ങിതളിച്ചാണ് അന്ന് നാരായണേട്ടൻ പീടിക തുറന്നത് .സൗമ്യനും സുന്ദരനുമായിരുന്ന നാരായണേട്ടന്റെ മുഖം ഞാൻ മറന്നിട്ടില്ല.
ചന്തൻ വൈദ്യരുടെ വീടിൻറെ ഗേറ്റിന് വാതുവശത്തായിരുന്നു സൊസൈറ്റിക്കാരുടെ പീടിക .
അന്നുതുടങ്ങി ഈ സ്ത്രീക്ക് മുക്കാളിയുമായുള്ള ബന്ധം . ദീർഘകാലം ഇവർ മുക്കാളി അങ്ങാടിയുടെ ഭാഗമായിരുന്നു .വടകര ടൗണിലും ബസ്റ്റാൻഡ്‌ പരിസരങ്ങളിലും അഴുകിയ വ്രണവുമായി ആൾക്കൂട്ടത്തിലൂടെ നടന്നു നീങ്ങിയ ഈ സ്ത്രീയെ മുൻസിപ്പാലിറ്റി ഏരിയായിൽ നിന്നും വടകര പുറങ്കര ഭാഗത്ത് ആരുമറിയാതെ കളയാൻ ശ്രമിച്ചെങ്കിലും ആരൊക്കൊയോ കണ്ടു പ്രശനമുണ്ടാക്കിയപ്പോൾ പിന്തിരിയുകയാണ് ഉണ്ടായതെന്നും പിൽക്കാലത്തെ ചില നാട്ടറിവുകൾ .
മുൻസിപ്പാലിറ്റി ലോറിയിൽ ആളൊഴിഞ്ഞ കുഞ്ഞിപ്പള്ളി ഭാഗത്ത് കൊണ്ടുവന്നിട്ട് വടകര ‌നഗരത്തിൽ നിന്നും ശല്യമൊഴിവാക്കിയതാണെന്നും അക്കാലത്തെ ഇവിടുത്തെ നാട്ടുകാർ പറഞ്ഞുനടക്കുന്നതും കേട്ടിട്ടുണ്ട് .

തിരിച്ച് ഒരുലോറിയിൽ കയറ്റി ഇവരെ വടകര മുൻസിപ്പാലിറ്റി ഏരിയയിൽത്തെന്നെ കൊണ്ടിടുകയാണ് വേണ്ടതെന്ന് പറഞ്ഞ മുണ്ടിയാട്ട് കുഞ്ഞിരാമേട്ടനെപ്പോലുള്ള പൗരബോധമുള്ള ,പ്രതികരിക്കാനറിയുന്ന ഉശിരുള്ള രാക്ഷ്ട്രീയക്കാരും അക്കാലത്ത് ഇവിടെയുണ്ടായിരുന്നു.
ഏറെക്കാലം മുക്കാളി അങ്ങാടിയിൽ അനാഥമായ നിലയിൽ അലഞ്ഞുതിരിഞ്ഞുനടന്ന ഈ സ്‌ത്രീ മീത്തലെ മുക്കാളിയിലെ കുഞ്ഞിക്കണ്ണൻ വൈദ്യരുടെ പീടികക്കടുത്ത് മരിച്ചുകിടക്കുന്നുവെന്ന വാർത്ത മുക്കാളി ടൗണിലെ കച്ചവടക്കാരിൽ പലരും ആശ്വാസത്തോടെയാണ്‌ അന്ന് പങ്കുവെച്ചത് .

ഒരു തീരാ ദുരിതം ഒഴിഞ്ഞുകിട്ടി എന്ന നിലയിൽ .ഹാവൂ രക്ഷപ്പെട്ടു എന്ന നിലയിൽ .
എന്നാൽ വളരെപ്പെട്ടാണെന്നാണ് സംഭവങ്ങളുടെ ഗതി മാറിമറിഞ്ഞു വന്നത് . പപ്പടം കൊത്തിയെത്തിയ കാക്കയുടെ കഥകളുടേതിനേക്കാൾ മറ്റുചില കഥകളാണ് നാട്ടിൽ പെട്ടെന്ന് പരന്നത് .
കാരക്കാട്ടുള്ള സൂര്യനാരായണ സ്വാമിക്ക് ഈ സ്ത്രീ ഇന്ന് സമാധിയാകുമെന്ന് അശരീരി ഉണ്ടായെന്നും സ്വാമി മുക്കാളിയിലേക്ക് വന്നുകൊണ്ടിരിക്കുന്നതായും പുതിയ വാർത്ത .
കിട്ടിയവർ കിട്ടിയവർ വാർത്തകൽ നിറംപകർന്ന് കൈമാറിത്തുടങ്ങി . പീടികക്കോലായിയിൽ ജീവനറ്റുകിടക്കുന്ന അവരെ കാണാനും അന്ത്യദർശനത്തിനുമായി തിക്കും തിരക്കും വരെയായി .ആവിക്കര കൊളരാട് തെരു ,തട്ടോളിക്കര ,കണ്ണൂക്കര തുടങ്ങിയ പല ഭാഗങ്ങളിൽ നിന്നും പലരും കാണാനെത്തി
അഴിയൂർ തീപ്പെട്ടി കമ്പനിക്കടുത്തും നെട്ടൂരിലുമുള്ള വലിയ നെയ്‌ത്തുശാലകളുടെ ഉടമയും സൂര്യനാരായണ സ്വാമിയുടെ ഭക്തനുമായ രാമൻ നായരും കൂട്ടരും മുക്കാളിയിലെത്തി .നേരത്തെ കുന്നമ്പത്ത് നാരായണക്കുറുപ്പിന്റെ കെ എൻ കെ നെയ്ത്തുശാലയിലെ മാനേജരായിരുന്നു രാമൻ നായർ .
ഋഷിതുല്യമായതോതിൽ ആചാര്യവിധിപ്രകാരം സംസ്ക്കാരച്ചടങ്ങുകൾ നടത്താനുള്ള മുന്നൊരുക്കങ്ങളുടെ ചുമതലക്കാരായി നിരവധിപേർ .
ചെമ്പ്രക്കുന്നിലെ സ്വാമി ദയനാന്ദ സരസ്വതിയുടെയും സാന്നിദ്ധ്യം വേറെ .
ഇന്നലെവരെ ഈ ടൗണിലൂടെ ഈ സ്ത്രീ നടന്നുപോകുമ്പോൾ അകലം പാലിച്ചവരിൽ പലരും. ആട്ടിയോടിച്ചവരിൽ പലരും അന്ത്യദർശനത്തിനെത്തിയതാവട്ടെ തൊഴുകൈയ്യുമായി .
അവരെ തൊടാനും കുളിപ്പിച്ചു വൃത്തിയാക്കാനും അന്ത്യകർമ്മങ്ങളിൽ പങ്കാളികളാവാനും പലരും തിടുക്കം കൂട്ടുന്ന അവസ്ഥ .

ആർക്കും ഉപകാരം ചെയ്യന്നതിൽ ഏറെ മുൻപിലായിരുന്ന മീത്തലെ മുക്കാളിയിലെ ചാർത്താൻ കണ്ടിയിലെ മാതു അമ്മ എന്ന പരോപകാരി .
ഒളവിൽ രാമൻ എന്നയാളുടെ ഭാര്യ കല്ല്യാണി അമ്മ തുടങ്ങിയ ഒരുകൂട്ടം മുതിർന്ന സ്ത്രീകളുടെ നേതൃത്വത്തിൽ മൃതശരീരത്തിലെ അഴുകിയ വ്രണങ്ങളിൽ ഒട്ടിപ്പിടിച്ച അഴുക്കും ചെളിയും ചലവും എല്ലാം നനച്ചും തുടച്ചും കുളിപ്പിച്ച് വൃത്തിയാക്കി . ചന്ദനവും പനിനീരും കളഭവും ചാർത്തി സുഗന്ധപൂരിതമാക്കി .
അന്നത്തെ ഏറ്റവും വലിയ നാട്ടുവാർത്തയും അതായിരുന്നു .പലഭാഗത്തുനിന്നും ദർശനത്തിനായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകൂട്ടം മുക്കാളിയിലേയ്ക്ക് .

സാധാരണ കാണാറുള്ള ശവസംസ്ക്കാരച്ചടങ്ങിൽനിന്നും വേറിട്ടരീതിയിൽ കുഴിയെടുപ്പും മറ്റ് കർമ്മങ്ങങ്ങളും .

ചന്ദനമുട്ടിയും രാമച്ചവും നിറച്ച കുഴിയിൽ വിധിപ്രകാരം നടന്ന സംസ്‌കാരച്ചടങ്ങിൽ സ്വാമിമാർ മാത്രമല്ല രാമൻ നായരെപ്പോലുള്ള പ്രമുഖ വ്യക്തിത്വങ്ങൾക്കൊപ്പം വിശ്വാസികളായ സ്ഥലത്തെ പൗരപ്രധാനികളും നാട്ടുകാരിൽ പലരും വിശ്വാസികളായ ഒരു കൂട്ടം ആളുകൾ വേറെയും ഭക്ത്യാദരവോടെ പങ്കാളികളായി. വളരെപ്പെട്ടെന്നുതന്നെ തൽസ്ഥാനത്ത് സ്‌മൃതിമണ്ഡപമുയർന്നു .''അവധൂത മാതാ സ്‌മൃതി മണ്ഡപം '' .
അൽപ്പം മാറി രാമമൂർത്തി ഡോക്ടറുടെ ക്ലിനിക്കിനായുള്ള കെട്ടിടവും .
ആദ്യകാലങ്ങളിൽ ഇവിടെ മുടങ്ങാതെ സന്ധ്യക്ക് വിളക്കുതെളിയുക്കുന്ന കർമ്മം സ്വയം ഏറ്റെടുത്തത് അയൽവാസി കൂടിയായ അമ്പാടി മാസ്റ്റർ എന്നൊരാൾ .
ഇടക്ക് അദ്ധേഹത്തിന്റെ മകൾ മീറയും ആ കർമ്മം മുടങ്ങാതെ തുടർന്നു . മൂർത്തിക്കാവിൽ വിളക്ക് തെളിയിക്കാൻ വെളിച്ചെണ്ണ നേർച്ചയായി നൽകുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടേയിരുന്നു .

വാഹനം നിർത്തി ഭണ്ഡാരത്തിൽ നേർച്ചയിടുന്നവരുടെ അംഗസംഖ്യയിലും ക്രമാതീതമായ വർദ്ധനവ് .
എൻറെ അച്ഛന്റെ സഹോദരിയുടെ നിർദ്ദേശപ്രകാരം അവരുടെ വിശ്വാസത്തിന്റെ ഭാഗമായി ഞാനും അവിടെ വിളക്ക് തെളിയിക്കാൻ എണ്ണയുമായി കാത്തുനിന്നിട്ടുണ്ട് .
പുനത്തിൽ കൃഷ്‌ണൻ ആളുടെ നിർദ്ദേശപ്രകാരം അമ്പാടി മാസ്റ്ററുടെ മകൾ മീറ എന്ന പെൺകുട്ടിയുടെ കൈയ്യിലാണ്‌ അന്ന് ഞാൻ വെളിച്ചെണ്ണക്കുപ്പി ഏൽപ്പിച്ചത്.
ഇവിടെ ചോമ്പാലയിൽ വളരെപ്പെട്ടെന്ന് വേറിട്ട ചില ക്ഷേത്രരീതികളും ആത്മീയ സംസ്‌കാരവും വേരോടി വളരുകയായിരുന്നു .

അവധൂത മാതാവിൻറെ ഒന്നാം വാർഷികാഘോഷച്ചടങ്ങിൻറെ അദ്ധ്യക്ഷ പദവിയലങ്കരിച്ചാവട്ടെ അഖിലേന്ത്യാ നെയ്ത്തു തൊഴിലാളിയൂണിയൻ പ്രസിഡണ്ടും അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ടും പ്രമുഖ കമ്യുണിസ്റ്റ്കാരനുമായിരുന്ന മഹദ് വ്യക്തി ശ്രീ പി .ചാത്തു അവർകൾ .
അന്ന് പ്രസംഗമണ്ഡപത്തിലുണ്ടായിരുന്ന കിഴക്കേടത്ത് കുഞ്ഞിരാമൻ മാസ്റ്ററെപ്പോലുള്ള നിരവധിപ്രമുഖരിൽ പലരും ഇന്നില്ലെങ്കിലും ശ്രോതാക്കളായിരുന്നവരിൽ പലരും ഇന്നും ഇവിടെ ജീവിച്ചിരിപ്പുണ്ട് .

നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ മുൻനിരയിൽ .പഞ്ചാരിമേളം ,കരടിവേഷക്കാർ ,പാലക്കാടൻ ഭാഗത്തുനിന്നുമെത്തിയ കരകാട്ടം ,കുംഭനൃത്തം ,താലപ്പൊലിയെടുത്ത നൂറുക്കണക്കിന് ബാലികാബാലന്മാർ ,അവർക്കകമ്പടിയായായി യുവതികൾ ,അമ്മമാർ ,അമ്മൂമ്മാർ മറ്റു രക്ഷാകർത്താക്കൾ അയൽവീട്ടുകാർ !

മൂർത്തിക്കാവിലെ ആഘോഷപ്പൊലിമയുള്ള താലപ്പൊലി കാണാൻ വഴിനീളെ ആൾക്കൂട്ടം .റോഡിൽ വാഹനഗതാഗതം നിലച്ചനിലയിൽ .ആ കാലത്ത് ഇവിടെ പോലീസ് സ്റ്റേഷൻ ഇല്ലാത്തതിനാലാവാം എടച്ചേരി പോലീസ് സ്റ്റേഷനിൽ നിന്നാണ് പോലീസുകാർ എത്തിയത് .പൊലീസുകാരെ കണ്ടു ഭയന്ന് ചട്ടികളിക്കാർ ഓടിയതും ഞാൻ ഓർക്കുന്നു .
മുക്കാളി ടൗണിൽ നെടു നീളത്തിൽ ആനപ്പനയുടെ ഓലക്കീറുകളും കുരുത്തോലയിൽകൊളുത്തിയ ചുകന്ന ചെമ്പരത്തിപ്പൂവും കവുങ്ങിൻ പൂക്കുലകളും കുലവാഴകളും കൊണ്ട് തീർത്ത വലിയ വലിയ കമാനങ്ങൾ .

ആകാശത്തിൽ തലങ്ങും വിലങ്ങുമായി തീവാണങ്ങൾ ഇരച്ചു പായുന്നു .തിണ്ടിടിയുന്ന തരത്തിലുള്ള കതിനവെടികൾ .ഓലപ്പടക്കങ്ങൾ .വഴിയോരങ്ങളിൽ വർണ്ണപ്പൂ ക്കളം തീർക്കുന്ന മത്താപ്പൂ , ഇളന്നീർപൂ .സാമ്പ്രാണിയുടെയും കുന്തുരുക്കത്തിൻറെയും എരിഞ്ഞുയരുന്ന സുഗന്ധം വേറെയും
ഇവിടുത്തെ നാട്ടുമ്പുറം കണ്ടത്തിൽവെച്ചേറ്റവും വലിയ പ്രദക്ഷിണയയാത്ര !
ആദ്ധ്യാത്മിക പ്രഭാഷണം ,ഭക്തിഗാനം ,നൃത്തനൃത്യങ്ങൾ വിപുലമായ കലാപരിപാടികൾ ,കഥാപ്രസംഗം . സമീപത്തെ നാട്ടിടവഴികളിൽ കിലുക്കിക്കുത്തുകാരും ചട്ടികളിക്കാരും .

അവർക്കുചുറ്റും നാണയമെറിയാൻ വളഞ്ഞുകൂടിയ ആൾക്കൂട്ടം വേറെയും .
കാർണിവൽ ഷോ നടക്കുന്ന മൈതാനം പോലെ എന്നുപറയുന്നതാവും കൂടുതൽ ശരി .
ഉന്തുവണ്ടിക്കച്ചവടക്കാരും നിലംകടല വറുക്കുന്നവരും താൽക്കാലിക തട്ടുകടകളും ബലൂൺ കച്ചവടക്കാരും എല്ലാംകൂടി മീത്തലെ മുക്കാളിയുടെ അന്തരീക്ഷമാകെ മാറി ,
ഉത്സവത്തിന് ആനപ്പുറത്തിരുന്നവരിൽ ചിലരെ ഞാനോർക്കുന്നു .കാരായി നാണുവേട്ടൻ ,ശ്രീനാരായണ ഗുരുവിന്റേതാണെന്ന്‌ തോന്നുന്നു ഫോട്ടോ പിടിച്ചുകൊണ്ട് ആനപ്പുറത്തിരുന്നിരുന്നു. വശങ്ങളിൽ പെട്രോമാക്സുമായി കുറേപ്പേർ. ധേബാർ കണാരനാണെന്നു തോന്നുന്നു വെഞ്ചാമരം വീശിയത് .തൊട്ടുതാഴെ മരംമുറിക്കുന്നതിലും തെങ്ങു മുറിച്ചുമാറ്റുന്നതിലും ഏറെ വിദഗ്ദ്ധനായ കേളപ്പൻ എന്ന വ്യക്തി .

ആഘോഷപരിപാടിയുടെ ഭാഗമായി ഒരു ദിവസം മുമ്പേ അന്നദാനം എന്നപേരിൽ സമൂഹ സദ്യ .ജാതിമതഭേദമില്ലാതെ ആയിരങ്ങൾ പങ്കെടുക്കുന്ന ഈ സമൂഹസദ്യ ഈ നാടിൻറെ അഭിമാനമാണെന്നു പറയാതെ വയ്യ .ഈ സമൂഹസദ്യക്ക് പായസ ദാനം നടത്താൻ സാമ്പത്തികസഹായങ്ങൾ നേർച്ചയെന്നപോലെ മുടങ്ങാതെ നൽകുന്ന ഉദാരമതികളായ വിശ്വാസികളായ പ്രവാസികളും നാട്ടുകാരായി ഇവിടെയുണ്ട് .

കെടാമംഗലം സദാന്ദൻ മുതൽ വാസുദേവൻ കണ്ണൂക്കര വരെയുള്ള പ്രഗത്ഭ കാഥികന്മാർ കടന്നുപോയ 58 വർഷങ്ങളുടെ ഇടവേളകളിൽ ഇവിടെ വാർഷികോത്സവദിനങ്ങളിൽ അരങ്ങ് തകർത്തിയിട്ടുണ്ട് .
ആയിരക്കണക്കിന് ആളുകൾക്കായുള്ള അന്നദാന ചടങ്ങിനായി ഭീമമായ തുക സംഭാവനായായി മുടങ്ങാതെ നൽകാൻ സ്വയം സന്നദ്ധരായ നിലയിലുള്ള വിശ്വാസികളും ഈ ചുറ്റുവട്ടത്തിന്നുമുണ്ട് .
വിശന്നൊട്ടിയ വയറുമായി ഇഷ്ട്ടപ്പെട്ടവരുടെ ചായക്കടകളുടെ മുൻപിൽ കൈയ്യിൽ ഉയർത്തിപ്പിടിച്ച ചിരട്ടയുമായി യാചനാഭാവത്തിൽ നിന്നിരുന്ന ഈ പാവം സ്ത്രീയുടെ കൈയ്യിലെ ചിരട്ടയിൽ ചായപകർന്നുകൊടുത്തവരിൽ ആരും തന്നെ ഇന്നിവിടെയില്ല . താഴെ മുക്കാളിയിലെ അക്കാലത്തെ ചായക്കടക്കാരനായ കുഞ്ഞിക്കണ്ണൻ മാത്രം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് .
മുടങ്ങാതെ ഇലച്ചീന്തിൽ ചോറുവിളമ്പിക്കൊടുത്ത ഹോട്ടൽക്കാരൻ ബാപ്പു അച്ഛനും ചീരു അമ്മയും ആരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല. ഒരുപക്ഷെ ഇവരൊക്കെയായിരിക്കാം ആ സ്ത്രീയുടെ അക്കാലത്തെ കാണപ്പെട്ട ദൈവങ്ങൾ !

വിശന്നുവിശന്നു വയറു കത്തിക്കരിയുമ്പോൾ പുറംകൈയ്യിളക്കി ആട്ടിപ്പായിക്കുന്നതിനു പകരം  ആ സ്ത്രീക്ക്  അന്നം വെച്ചുനീട്ടിയ ബാപ്പു അച്ഛന്റെ ഹോട്ടലിൻറെ കെട്ടിടം പോലുമിന്നില്ല .അവിടുത്തെ ഭൂപ്രകൃതിപോലും മാറി . മുക്കാളിയിലെ ഇപ്പോഴത്തെ സൂപ്പർമാർക്കറ്റിന്റെ തൊട്ടടുത്തായിരുന്നു പണ്ട് ഈ ഹോട്ടൽ  ഉണ്ടായിരുന്നത് .പുതിയ തലമുറക്കാർ അറിയാതെപോകരുത് .
കൃതജ്ഞതാനിർഭരമായ മനസ്സോടെ നമ്മളുടെ മനസ്സുകളിലും  നമുക്ക്  പടുത്തുയർത്താം .
ബാപ്പു അച്ഛനെപ്പോലുള്ള നന്മനിറഞ്ഞ  നല്ല മനുഷ്യർക്കായി സ്‌മൃതിമണ്ഡപങ്ങൾ !!

English Summary: CHOMBALA NATTU PURANA OF KOZHIKODE

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds