രവീന്ദ്രന് കൃഷി ഒരു ഹരം
1965 ൽ കാസർകോട് ജില്ലയിലെ കൊടക്കാട് ഗ്രാമത്തിൽ ഒരു പരമ്പരാഗത കർഷക കുടുംബത്തിൽ ജനിച്ച് വളർന്ന വ്യക്തിയാണ് രവീന്ദ്രൻ. അദ്ദേഹത്തിന്റെ അച്ഛൻ മികച്ച കർഷകൻ എന്നതിലുപരി നല്ല കന്നുപൂട്ടുകാരനും പ്രദേശത്തെ പ്രമുഖ കർഷക നേതാവുമായിരുന്നു. നെല്ല്, കവുങ്ങ്, തെങ്ങ്, വെറ്റില എന്നിവയായിരുന്നു പ്രധാന കൃഷികൾ. കൃഷിയിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ് മക്കളുടെ വിദ്യാഭ്യാസം ചെയ്യിച്ചത്. 1983 ൽ രവീന്ദ്രൻ ടെലികോം ജീവനക്കാരനായി കേന്ദ്ര സർക്കാർ സർവീസിൽ പ്രവേശിച്ചു.
37 കൊല്ലം സേവനം പൂർത്തിയാക്കി വിരമിക്കാൻ 5 വർഷം ബാക്കിയിരിക്കെ 2020 ജനുവരിയിൽ സർവീസിൽ നിന്നും സ്വയം വിരമിച്ചു - കഴിഞ്ഞ 14 വർഷമായി പൂർണ്ണമായും ജൈവ കൃഷിയിലേക്ക് മാറിയ ഈ കൃഷിക്കാരൻ ഇപ്പോൾ പൂർണ സമയ കർഷകനാണ്. ഒന്നര ഹെക്ടർ സ്വന്തം വയലിലും ഒന്നര ഏക്കർ പാട്ടത്തിന് എടുത്ത വയലിലും ഉൾപ്പെടെ അഞ്ചേക്കറിലധികം നിലത്ത് കഴിഞ്ഞ 15 വർഷമായി മുടക്കമില്ലാതെ നെൽകൃഷി നടത്തുന്നു. ജൂൺ ആദ്യം കൃഷിയിറക്കുന്ന വിരിപ്പ് കൃഷിയും സെപ്റ്റംബർ അവസാനം കൃഷിയിറക്കുന്ന പുഞ്ച കൃഷിയും - വിരിപ്പിന് മഴ കൂടുതൽ ആയാൽ ചിലപ്പോൾ പ്രതികൂലമായി ബാധിക്കാറുണ്ട്.
വിളവെടുക്കുന്ന സമയം മഴ പെയ്താൽ പുല്ലും നെല്ലും നഷ്ടമാവുന്ന സ്ഥിതിയാവും. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവർക്ക് ഇത് വലിയ പ്രയാസം ഉണ്ടാക്കും. പുഞ്ചയ്ക്ക് കതിരുറയ്ക്കുന്ന സമയത്ത് അതായത് ജനവരി അവസാനമാവുമ്പോഴേക്കും ജലദൗർലഭ്യം ആവും. വയലിന് നടുവിലൂടെ ഒഴുകുന്ന കൈത്തോട്ടിൽ തടയണ (നാടൻ ചിറ, മൺചിറ ) കെട്ടിയാണ് പാടത്തേക്ക് വെള്ളം എത്തിക്കുന്നത്. കുംഭമാസത്തിലെ നിലാമുള്ള രാത്രികളിൽ വയലിലേക്ക് വെള്ളമെത്തിക്കാനായി കാവൽ നിൽക്കുമ്പോൾ വയലിന്റെ (കണ്ടത്തിന്റെ ) കടി വായിൽ നിന്ന് വെള്ളമൊഴുകുന്ന കളകള ശബ്ദവും ചീവിടുകളുടെ നിലക്കാത്ത ഒച്ചയും ഇളം കാറ്റിൽ ഉലഞ്ഞാടുന്ന നെല്ലിൽ നിന്നുണ്ടാവുന്ന ഇളം ശബ്ദവും തവളകളുടെ കരച്ചിലും പരന്നൊഴുകുന്ന നിലാവ് സ്വർണവർണ്ണത്തിലേക്ക് രൂപം മാറ്റം വരുന്ന നെല്ലിലേക്ക് പതിച്ച് അതു പ്രതിഫലിപ്പിക്കുന്ന സൗന്ദര്യവും ഒക്കെ സൃഷ്ടിക്കുന്ന അവാച്യമായ അനുഭൂതി ജീവിതത്തിൽ മറ്റൊരിടത്തും അനുഭവിക്കാനാവാത്തതു കാരണമാണ് ഏറെ ബുദ്ധിമുട്ട് സഹിച്ചും നെൽകൃഷിയിൽ ഉറച്ചുനിൽക്കാൻ പ്രേരിപ്പിക്കുന്ന ചേതോ വികാരം - മറ്റു സ്വാഭാവിക കൃഷിയിൽ നിന്ന് തെങ്ങ്, കവുങ്ങ്, കുരുമുള്ക് , വാഴ, മഞ്ഞൾ, എന്നിവയിൽ നിന്ന് ലഭിക്കുന്ന മോശമല്ലാത്ത വരുമാനത്തിൽ നിന്നാണ് നെൽകൃഷിയിൽ നിന്നുണ്ടാകുന്ന ബാധ്യത മറികടക്കുന്നത്.
രണ്ടര ഏക്കറിലധികം വരുന്ന കരഭൂമിയിൽ കമുങ്ങ്, വാഴ തെങ്ങ്, പ്ലാവ്, , വിവിധയിനം വാഴകൾ, മഞ്ഞൾ ഇഞ്ചി, കുരുമുളക്,, പച്ചക്കറികൾ, ചേന ഇവയൊക്കെ നിറഞ്ഞ വിളവ് നൽകുന്നു. ഒരിഞ്ച് സ്ഥലം തരിശായിട്ടിട്ടില്ല. വയലിനോട് ചേർന്നുള്ള പറമ്പിലായി വിത്തുണക്കി സൂക്ഷിക്കുന്നതിനും കാർഷിക ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഫാം ഹൗസ് ഉണ്ട്. ഈ ഫാം ഹൗസിൽ നിന്ന് വിവിധ ഇനത്തിലുള്ള നെൽ വിത്തുകൾ, ഞാറ്റടികൾ, കവുങ്ങിൻ തൈകൾ എന്നിവ വില്പന നടത്തിവരുന്നു. ജലസേചനത്തിനായി നാല് കുളങ്ങൾ നിർമിച്ചിട്ടുണ്ട്.
കാസർകോട് ഇനത്തിലുള്ള രണ്ട് പോത്തുക്കളടക്കം അഞ്ച് കന്നുകാലികളെ പരിപാലിക്കുന്നു. ഇവയുടെ ചാണകവും മൂത്രവും ഉപയോഗിച്ചുണ്ടാക്കുന്ന ജീവാമൃതമാണ് മുഖ്യ ജൈവ വളം, പരമ്പരാഗത രീതിയും ആധുനിക രീതിയും സംയോജിപ്പിച്ചു കൊണ്ടുള്ള കൃഷി രീതിയാണ് ഇവിടെ നടത്തിവരുന്നത്. പരമ്പരാഗത നാടൻ നെൽ വിത്തുകളും അത്യുൽപാദന ശേഷിയുള്ള പുതിയ ഇനങ്ങളും ഇവിടെ കൃഷി ചെയ്യുന്നു. നെല്ല് മുഴുവൻ അരിയാക്കിയും വിത്താക്കിയും അവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നു. പുഴുക്കലരിയും ഉണക്കലരിയും ആവശ്യക്കാർ ഇവിടെ വന്ന് നേരിട്ട് വാങ്ങും. ഒരു കിലോയ്ക്ക് 75 രൂപയാണ്. ഇപ്പോഴത്തെ വില. - ഒരു കിലോ 400 രൂപ നിരക്കിൽ മഞ്ഞൾപ്പൊടിയും 600 രൂപ നിരക്കിൽ കുരുമുളക് പൊടിയും കലർപില്ലാതെ ഇവിടെക്കിട്ടും.
സർവീസിൽ നിന്നും വിരമിച്ച ശേഷം മുഴുവൻ സമയ കർഷകനായപ്പോൾ പുരയിടം പച്ചപ്പു കൊണ്ട് നിറഞ്ഞു. അത്യാവശ്യ സാധനങ്ങളൊഴിച്ച് ബാക്കിയെല്ലാം ഇവിടെത്തന്നെ വിളയിക്കുന്നു. ചെടികളോട് കുശലം ചോദിച്ചും പശുക്കളോടും, കിടാങ്ങളോടും കിന്നാരം പറഞ്ഞും ദിവസങ്ങൾ കടന്നു പോകുന്നതറിയുന്നതേയില്ല - ഇതോടൊപ്പം തന്നെ ഗ്രാമത്തിലെ 15 ആളുകളെ കൂട്ടിയിണക്കി രൂപീകരിച്ച കൊടക്കാട് കദളീവനം കാർഷിക ഗ്രാമം ഇന്ന് വളർച്ചയുടെ പടവുകൾ കയറുകയാണ്. ഇലട്രോണിക്സ് എഞ്ചിനീയറായ ബീനയാണ് ഭാര്യ. ഓട്ടോമൊബൈൽ എഞ്ചിനീയറായ ആനന്ദ് ഏക മകനാണ്.
English Summary: farmer named raveendran from the district kasargod former telecom officer
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments