<
Features

കർക്കിടകത്തിൽ മാത്രമാക്കണോ ഇലക്കറികൾ?

leaf
കർക്കിടകത്തിൽ മാത്രമാക്കണോ ഇലക്കറികൾ?

വറുതിയുടെ കർക്കിടകം, പട്ടിണി നിറഞ്ഞ പഞ്ഞമാസം. സമൃദ്ധിയുടെ കൊയ്ത്തിനും, ഉത്സവ നാളുകളിലേക്കുമുള്ള കാത്തിരിപ്പിന് മുന്നോടിയായുള്ള പേമാരിയുടെയും തീരാദുരിതത്തിന്റെയും മാസമാണ് മലയാളിക്ക് കർക്കിടക മാസം. എന്നിരുന്നാലും രാമായണ ശീലുകളാൽ ഭക്തി സാന്ദ്രമായ സന്ധ്യകളുടെയും, പൃതുക്കളുടെ ആത്മശാന്തിയ്ക്കുള്ള ബലിതർപ്പണത്തിന്റെയും പുണ്യമാസമാണ് കർക്കിടകം.
ഇതൊന്നുമല്ലാതെ, യമധർമ്മൻ, ചിത്രഗുപ്തന്റെ സഹായത്തോടെ തന്റെ വാർഷിക ടാർഗറ്റ് തികയ്ക്കുന്ന സമയമാണ് കർക്കടകം എന്ന് തമാശ പറയാറുണ്ട്. കാലവർഷത്തിന്റെ കാർക്കശ്യം കൊണ്ടും വറുതി മൂലമുള്ള പൊറുതിയില്ലായ്മ കൊണ്ടും വൃദ്ധജനങ്ങൾ കൂടുതലായി യമലോകം പൂണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു.

ശരീരത്തിന്റെ ബലം കുറയുന്ന സമയമാണിത്. അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണമാസം കൂടിയാണെന്ന് പറയാം.

ധനവാൻമാർക്ക് സുഖചികിത്സയുടെ കാലം

ദഹനശേഷിയും രോഗപ്രതിരോധ ശേഷിയും കുറയുന്ന സമയം ആയതിനാൽ തന്നെ അധ്വാന വർഗത്തിന് ശരീരം സ്വാസ്ഥ്യത്തോടെ നില നിർത്തേണ്ട ദിവസങ്ങൾ. ഈ ദിവസങ്ങളിൽ പത്തിലക്കറിയും ഔഷധക്കഞ്ഞിയും എണ്ണ തേച്ച് കുളിയുമൊക്കെ ഏറെ നന്നെന്ന് ആയുർവേദം പരാമർശിക്കുന്നു.

ഔഷധം ആഹാരം പോലെ വാങ്ങി വിഴുങ്ങുന്ന കാലത്ത് 'ആഹാരം തന്നെയാണ് ഔഷധം' എന്ന് മനസിലാക്കുകയാണെങ്കിൽ, ശാരീരിക ആരോഗ്യത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ല.

'ഒരു ചെടിയും പാഴല്ല' എന്ന് പ്രകൃതി നമ്മെ പഠിപ്പിക്കുന്നു. മണ്ണിൽ നിന്നും ജലവും ലവണങ്ങളും അന്തരീക്ഷത്തിൽ നിന്നും കാർബണും ജീവവായുവും ആകാശത്ത് നിന്നും കോസ്മിക് എനർജിയും സങ്കലിപ്പിക്കുന്ന ഏത് ചെടിയും, ഒരല്പം വിവേചനബുദ്ധിയോടെ ഭൂജിക്കുന്നതിൽ പേടിക്കേണ്ട ഒരു കാര്യവുമില്ല. അവ വിഷമുള്ളത് ആകരുത് എന്ന് മാത്രം.
ഭേദപ്പെട്ട രുചിയും, നമ്മെ മടുപ്പിക്കാത്ത മണവുമുണ്ടെങ്കിൽ തൊടിയിലെ ഏത് ചെടിയും ഭക്ഷണമാക്കാം. അങ്ങനെയാണല്ലോ നമ്മുടെ ആടുമാടുകളെല്ലാം നിലനിന്നു പോരുന്നത്.

ഇലക്കറികൾ എപ്പോഴും കഴിക്കാമോ?

പുറം രാജ്യങ്ങളിൽ നിന്നും പണം വരാൻ പാങ്ങില്ലാത്ത ഭൂതകാല കർക്കടകങ്ങളിൽ നമ്മുടെ ദരിദ്രനാരായണന്മാരുടെ ജഠരാഗ്നി ശമിപ്പിച്ചതിൽ തൊടിയിലെ ഇലച്ചെടികൾക്കുള്ള പങ്ക് നിർണായകമാണ്.

എല്ലാക്കാലത്തും കഴിക്കാവുന്ന, അല്ലെങ്കിൽ കഴിക്കേണ്ട ഭക്ഷണമാണ് ഇലക്കറികൾ. ആനയ്ക്ക് പനമ്പട്ട പോലെ, പശുക്കൾക്ക് പച്ചപ്പുല്ല് പോലെ, ആടിന് പ്ലാവില പോലെ, മനുഷ്യർ നിത്യവും ഇലക്കറികൾ കഴിക്കണം. അത് കുടലിന്റെ ചലന ശക്തി വർധിപ്പിക്കുന്നു. അതിലുള്ള ദഹിക്കുന്നതും ദഹിക്കാത്തതുമായ നാരുകൾ, കുടലിൽ കെട്ടി നിൽക്കാൻ സാധ്യതയുള്ള വിഷാംശത്തെ പുറത്തേക്ക് തള്ളുന്നു.
വിസ്സർജ്യത്തിന് ശരിയായ മാർദവം നൽകി ദഹന വ്യൂഹത്തിന്റെ അധോഭാഗങ്ങളെ ക്ഷതമേൽക്കാതെ കാക്കുന്നു. അങ്ങനെ നോക്കുമ്പോൾ പത്തരമാറ്റുള്ള ഭക്ഷണങ്ങൾ തന്നെയാണ് പച്ചിലകൾ.

സ്വാസ്ഥ്യത്തെ കുറിച്ച് അവബോധമുള്ള ഏത് ജനതയുടെ ഭക്ഷണരീതി പരിശോധിച്ചാലും അവരെല്ലാം വലിയ പ്രാധാന്യം പച്ചിലകൾക്ക് നൽകുന്നതായി കാണാം. ഭക്ഷണത്തിന് വിശ്വാസപരമായും ആചാരപരമായും ഉള്ള ചില നിബന്ധനകൾ നൽകിയിരിക്കുന്നത് ആ സുശീലങ്ങളിൽ നിന്നും നമ്മൾ വ്യതിചലിച്ച് പോകാതിരിക്കാൻ ആകുമെന്ന് കരുതാം.

'കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു, കർക്കിടകത്തിൽ പത്തില തിന്നണം, കർക്കടകത്തിൽ പട്ടിണി കിടന്നത് പുത്തരി കഴിച്ചാൽ മറക്കരുത്, കർക്കടകചേന കട്ടിട്ടായാലും കൂട്ടണം, കർക്കടകത്തിൽ പത്തുണക്ക്, കർക്കടകത്തിലെ കറുത്ത വാവിന് കരിമ്പോത്തിന്റെ തുട വിറയ്ക്കും എന്നിങ്ങനെ നിരവധി ചൊല്ലുകളുണ്ട്.

'കർക്കടകത്തിലെ കുശവനെ' പോലെ മറ്റ് പുറം പണികൾ ഒന്നും ചെയ്യാനാകാതെ പെരയ്ക്കകത്ത് ഇരിക്കേണ്ടി വരുമ്പോൾ പിന്നെ ദേഹരക്ഷയ്ക്ക് ഉള്ള കാര്യങ്ങൾ ചെയ്യുക തന്നെ കരണീയം.

ഈശ്വര വിശ്വാസത്തോടെ, പിതൃക്കളെ നന്ദിയോടെ സ്മരിച്ച്‌,വരാൻ പോകുന്ന നല്ല കാലത്തെ സ്വപ്നം കൊണ്ടിരിക്കുകയായിരുന്നു ഒരു കാലത്ത് കർക്കടകത്തിൽ കേരളത്തിന്റെ പഴക്കം. കൊല്ലാവസാനം (മലയാളം കലണ്ടർ പ്രകാരം ) വിശ്രമത്തിന്റെ നാളുകൾ. ആ സമയത്ത് സൂക്ഷിച്ചു വച്ചിരിക്കുന്ന ചക്കക്കുരുവും ആഞ്ഞിലിക്കുരുവും കശുവണ്ടിയുമൊക്കെ ചുട്ടുതിന്നുന്ന ഒരു കാലം. ഉരുക്കിയ ശർക്കരയിൽ ഉണക്കത്തവിട് ചേർത്ത് കുഴച്ചു പരത്തി ചട്ടിയിൽ തവിടപ്പം ചുട്ടെടുത്ത് രുചിയോടെ കഴിച്ച നാളുകൾ..

യൂറോപ്യനും ജപ്പാൻകാരനും ചൈനക്കാരനും, എന്തിന് തമിഴനും തെലുങ്കനും കഴിക്കുന്നത്ര ഇലക്കറികൾ ഒരു ശരാശരി മലയാളി കഴിക്കുന്നുണ്ടോ? അതും പോട്ടെ ഈ കർക്കടകത്തിൽ പത്തിലക്കറി ഉണ്ടാക്കാൻ ഉള്ള പത്ത് ചെടികൾ തികച്ചെടുക്കാൻ ഇന്ന് എത്ര വീടുകളിൽ ഉണ്ടാകും?
നെയ്യുരുണി, താള്, തകര, കുമ്പളം, മത്തൻ, വെള്ളരി, ആന കൊടിത്തൂവ, ചീര, ചേന, ചേമ്പില എന്നിവയാണ് പൊതുവേ പത്തിലകൾ ആയി കണക്കാക്കുന്നത്. അതിൽ ചില പാഠഭേദങ്ങൾ കാണാറുണ്ട്.
കൂടാതെ പറമ്പുകളിൽ ഒരു കാലത്ത് സുലഭമായിരുന്ന തഴുതാമ, മുള്ളൻ ചീര, സാമ്പാർ ചീര, പയറിന്റെ ഇല, ചങ്ങലം പരണ്ട എന്നിവയൊക്കെ കറികളിൽ ചേർത്ത് കഴിക്കാവുന്നതാണ്.

കുട്ടികളെക്കൊണ്ട് കഴിപ്പിക്കുന്നതിനായി ഇവയൊക്കെ, അടയുണ്ടാക്കുമ്പോൾ ചേർത്തോ, കുറുക്കിയോ, ഹൽവ ആയോ, ഓംലറ്റ്, ദോശ, ഇഡ്ഡലി എന്നിവയിൽ ചേർത്തോ ചമ്മന്തി അരയ്ക്കുന്നതിൽ ചേർത്തോ ഒക്കെ പരീക്ഷിക്കാവുന്നതാണ്. ഒപ്പം നല്ല കാന്താരി മുളക് ചേർത്ത് പാകം ചെയ്‌താൽ അതും ആരോഗ്യത്തിനു നല്ലത് തന്നെ. ഇലക്കറികൾ സ്ഥിരമായി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ പറയാവതല്ല.

  • ഹരിതകം പോലെയുള്ള വർണകങ്ങൾ നല്ല ആന്റി ഓക്സിഡന്റുകളാണ്. അവയിൽ ഉള്ള പോളിഫീനോളുകളും അപ്രകാരം തന്നെ.

  • കലോറി കുറഞ്ഞ ഭക്ഷണമാകയാൽ പൊണ്ണത്തടി കുറയ്ക്കും.

  • ഫോളിക് ആസിഡ് സമ്പുഷ്ടമാകയാൽ കോശവളർച്ചയെ ഉദ്ദീപിപ്പിക്കും.

  • ഉയർന്ന അളവിൽ നാരുകൾ ഉള്ളതിനാൽ വിസർജനം സുഗമമാക്കും.

  • ഉയർന്ന തോതിൽ വിറ്റാമിനും ധാതുക്കളും ഉള്ളതിനാൽ രോഗ പ്രതിരോധ ശേഷി കൂട്ടും.

  • നന്നായി മൂത്രത്തിന്റെ അളവ് കൂട്ടി വൃക്കകളെ ശുദ്ധീകരിക്കും.

  • രക്തത്തിലെ കൊഴുപ്പിനെ കുറയ്ക്കും.

  • കൊളസ്ട്രോളിനെ നിയന്ത്രിക്കും.

  • രക്ത സമ്മർദം ക്രമീകരിക്കും.

ചുരുക്കത്തിൽ ഇലക്കറികൾ ശീലമാക്കിയാൽ മലയാളി ഇന്ന് നേരിടുന്ന ഒരു പിടി ആരോഗ്യപ്രശ്നങ്ങൾ തീണ്ടാപ്പാടകലത്തിൽ നിർത്താൻ സാധിക്കും.

ഇംഗ്ലീഷ് ഇലക്കറികളെ ഇത്തരുണത്തിൽ മാറ്റി നിർത്തേണ്ട കാര്യമില്ല. ലെറ്റ്യൂസ് ,കാബേജ്, ബ്രോക്കോളി ഇലകൾ, സ്പിനാഷ്, കെയിൽ, ലീക്, സെലറി, മല്ലിയില, അരുഗുല(Rocket Lettuce ) എന്നിവയും ആഹരിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: കർഷക കവിതയുമായി ചാത്തന്നൂർ കൃഷി ഓഫീസർ പ്രമോദ് മാധവൻ

ഒപ്പം,വള്ളി ചീര, മധുര ചീര, പൊന്നാരി വീരൻ, ചായ മൻസ, സൗഹൃദ ചീര, പൊന്നാംകണ്ണി ചീര, മധുരക്കിഴങ്ങിന്റെ ഇല, കുടങ്ങൽ ഇല, കോവയ്ക്കയുടെ ഇല, ഇളം പ്ലാവില എന്നിവയൊക്കെ മാറി മാറി, വിരസതയുണ്ടാകാത്ത വിധം തീന്മേശകളിൽ എത്തിക്കാവുന്നതാണ്. കർക്കടക മാസത്തിൽ മുരിങ്ങയില മാത്രം തൽക്കാലം ഒഴിവാക്കുന്നത് നന്നായിരിക്കും, ചിലപ്പോൾ വയറ്റിന് പിടിച്ചെന്ന് വരില്ല.

(കടപ്പാട്: പ്രമോദ് മാധവൻ, കൃഷി ഓഫീസർ)

കൂടുതൽ വിജയഗാഥകൾ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Features'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും വിജയഗാഥ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.


English Summary: Is Leaf Vegetables Must Only For Karkkidakam? Read More

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds