നമ്മുടെ നാട്ടിൽ സർവസാധാരണമായി കണ്ടുവരുന്ന ഔഷധസസ്യമാണ് ആനച്ചുവടി. തണലുള്ള ചതുപ്പു പ്രദേശങ്ങളിലാണ് ഈ ചെടി കൂടുതലായും കാണപ്പെടുന്നത്. ഒട്ടനവധി അസുഖങ്ങൾക്കുള്ള ഒരു ഒറ്റമൂലിയാണ് ആനച്ചുവടി. ആനയടിയൻ. ആനച്ചുണ്ട എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ഈ സസ്യത്തിന്റെ എല്ലാ ഭാഗവും ഔഷധയോഗ്യമുള്ളതാണ്.
പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം,അയൺ തുടങ്ങിയ ഒട്ടനവധി പോഷകഘടകങ്ങളും ഈ സസ്യത്തിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹം, കൊളസ്ട്രോൾ എന്നിവയ്ക്ക് പരിഹാരമേക്കുന്ന പ്രകൃതിദത്ത മരുന്നാണ് ആനച്ചുവടി. ആനയുടെ കാൽപാദം ഭൂമിയിൽ പതിഞ്ഞു കിടക്കുന്നതു പോലെ തോന്നിപ്പിക്കുന്ന ചെടിയായതു കൊണ്ടാണ് ആനച്ചുവടി എന്ന പേര് ഈ സസ്യത്തിന് വരാൻ കാരണം .ആഫ്രിക്ക, കിഴക്കൻ ഏഷ്യ, ഇന്ത്യ, ഏഷ്യ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ ഈ സസ്യം കാണുന്നു ഈ സസ്യം സമൂലം ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു.
ആനച്ചുവടി സമൂലം അരിഞ്ഞ് അതിന്റെ പകുതി മല്ലിയും ചേർത്ത് കഷായം വച്ച് 30 മില്ലി വീതം കുവപ്പൊടി മേമ്പൊടിയാക്കി കാലത്തും വൈകിട്ടും കഴിക്കുന്നത് മൂത്രച്ചുടിച്ചിലിനും അതിസാരത്തിനും വയറുകടിക്കും ഫലപ്രദമാണ്.
ആനച്ചുവടിവേരും വെളുത്തുള്ളിയും എള്ളെണ്ണയിൽ വറുത്ത് നല്ലവണ്ണം ചുവക്കുന്ന പാകത്തിൽ അരച്ചു മൂന്നു ഗ്രാം വീതം ഗുളികയാക്കി തേനിൽ ചാലിച്ച് ദിവസം മൂന്നു നേരം വീതം സേവിക്കുന്നത് കുടലിൽ ഉണ്ടാകുന്ന അമീബിയാസിസിനും ഗ്രഹണിക്കും അതിവിശേഷമാണ്.
ആനച്ചുവടി വേരും അരിപ്പൊടിയും കൂടി അരച്ച് കരിപ്പുകട്ടി ചേർത്ത് കുറുക്കിക്കഴിക്കുന്നത് രക്താർശസ്സിനു നന്നാണ്. കൂടാതെ കുടലിൽ തങ്ങിയിട്ടുള്ള മീൻ മുള്ള്, അസ്ഥിപ്പൊടി തുടങ്ങിയ ശല്യങ്ങളെ പുറത്തു തള്ളുന്നതിനും ഉപകരിക്കുന്നു. വിഷക്കടിയേറ്റ ഭാഗത്ത് ആനച്ചുവടി അരച്ചു ലേപനം ചെയ്യുന്നത് നന്നാണ്.
ആനച്ചുവടി അഞ്ചു ടീസ്പൂൺ കണക്കിന് എള്ളെണ്ണയിലോ തൈരിലോ സേവിക്കുന്നത് എല്ലാ വിധ അർശോരോഗങ്ങൾക്കും ഫലപ്രദമാണ്.
രക്തവാർച്ച ഉള്ള അർശോരോഗങ്ങൾക്ക് ആനച്ചുവടി വേര്, തവിടുകളയാത്ത അരി, കരിപ്പുകട്ടി ഇവ ഇടിച്ചു കുറുക്കി ലേശം നെയ്യും ചേർത്തു കഴിക്കുന്നത് വിശേഷമാണ്.
Share your comments