കറ്റാർവാഴപ്പോള സ്ത്രീകൾക്കുണ്ടാകുന്ന ഗർഭാശയ ജന്യമായ രോഗങ്ങൾക്ക് അതിവിശേഷമാണ്. കൂടാതെ ക്യാൻസർ ബാധിക്കാതെ സൂക്ഷിക്കും. കഫപിത്തവാതരോഗങ്ങളെ ശമിപ്പിക്കുന്നു; ക്രമാധികമായി വിരേചന ഉണ്ടാക്കും. ഗർഭാശയ പേശികളേയും ഗർഭാശയധമനികളേയും ഉത്തേജിപ്പിക്കും.
രക്തശുദ്ധി ഉണ്ടാക്കും; ഔഷധയോഗങ്ങളിൽ ചേർക്കുന്ന ചെന്നിനായകം കറ്റാർ വാഴപ്പോളച്ചോറുണക്കിയാണ് ഉണ്ടാക്കുന്നത്. കറ്റാർവാഴപ്പോളച്ചാറ് കാലത്തും വൈകിട്ടും 10 മില്ലി വീതം കഴിക്കുന്നത് ആർത്തവസമയത്തുണ്ടാകുന്ന വയറുവേദനയ്ക്കു നന്നാണ്.
ദുഷ്ടവണം, കുഴിനഖം തുടങ്ങിയ അസുഖങ്ങൾക്ക് കറ്റാർ വാഴപ്പോളച്ചാറിൽ മഞ്ഞൾപൊടി കലമാക്കി കടുകെണ്ണ ചേർത്തു കാച്ചിവെച്ചിരുന്ന് പുറമേ ലേപനം ചെയ്യുന്നതു നന്നാണ്.
കറ്റാർവാഴപ്പോളനീരിന്റെ നാലിലൊരുഭാഗം ആവണക്കെണ്ണ ചേർത്തു കാച്ചിവെച്ചിരുന്ന് തുള്ളിക്കണക്കിനു കൊച്ചുകുട്ടികൾക്കു വിരേചനയ്ക്കു കൊടുക്കുന്നതു നന്നാണ്. 100 ഗ്രാം വീതം കറ്റാർവാഴപ്പോള, കയ്യോന്നി, ബ്രഹ്മി ഇവ ഇടിച്ചുപിഴിഞ്ഞ് അഞ്ജനക്കല്ല്, കൊട്ടം എന്നിവ (20 ഗ്രാം വീതം) കലമാക്കി 500 മില്ലി എണ്ണയോ വെളിച്ചെണ്ണയോ ശീലമനുസരിച്ച് കാച്ചി വെച്ചിരുന്ന് തലയിൽ പുരട്ടി കുളിക്കുന്നത് മുടി വളരുന്നതിനു നന്നാണ്.
കറ്റാർവാഴപ്പോളച്ചാറു കൊണ്ടുണ്ടാക്കുന്ന കുമാര്യാസവം 20 മില്ലിവീതം കാലത്തും വൈകിട്ടും കഴിക്കുന്നത് ഗർഭാശയ ശുദ്ധിക്കും ആർത്തവതടസ്സം അകറ്റുന്നതിനും ഗർഭാശയജന്യമായ ക്യാൻസറിനും അതിവിശേഷമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗർഭിണികളും ആർത്തവം കൃത്യമായുള്ളവരും രക്താർശസ്സുള്ളവരും ഈ ഔഷധം ഉപയോഗിക്കരുത്. ഇത് ആയുർവേദത്തിൽ കുമാരി, കന്യാ എന്നീ പേരുകളിൽ അറിയപ്പെടുന്നു.
Share your comments