ദുർബലകാണ്ഡ പ്രകൃതമുള്ള ശതാവരി വള്ളിച്ചെടിയായി തുറസ്സായ കാടുകളിൽ സ്വാഭാവികമായി കാണാം. നാട്ടുമ്പുറത്തെ പടർപ്പിലും ശതാവരി പടർന്നു വളരാറുണ്ട്. മണ്ണിനടിയിലുള്ള ഒരു കൂട്ടം കിഴങ്ങ് ഈ വള്ളിച്ചെടിയുടെ പ്രത്യേകതയാണ്. തണ്ടുകളിൽ കാണപ്പെടുന്ന മുള്ളുകൾ രൂപാന്തരീകരണം സംഭവിച്ച ഇലകളാണ്. ചെറിയ അരിവാളിന്റെ രൂപത്തിൽ 2-6 എണ്ണത്തിൽ കാണുന്നത് രൂപാന്തരം പ്രാപിച്ച ചെറുശിഖരങ്ങളാണ് വെളുപ്പ് നിറത്തിലുള്ള പൂക്കൾ പട്ടുകുട പോലെ കുലകളായിട്ടാണ് കാണപ്പെടുക. ശതാവരി ജൂൺ-സെപ്‌തംബർ മാസങ്ങളിലാണ് നമ്മുടെ കാലാവസ്ഥയിൽ പുഷ്പിക്കുക
ഔഷധപ്രാധാന്യം
അധികം മൂപ്പെത്താത്ത ശതാവരി കിഴങ്ങ് അച്ചാറ് തയ്യാറാക്കുവാനായി നമ്മുടെ നാട്ടിൽ ഉപയോഗിച്ചു വരുന്നു.
ശതാവരികിഴങ്ങ് ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് തുല്യമായി പാലും ചേർത്തു കഴിക്കുന്നത് അപസ്‌മാരത്തിനൊരു പ്രതിവിധിയാണ്.
പാലിൽ അല്പം ശതാവരികിഴങ്ങ് ചേർത്ത് കൊടുക്കുന്നത് കുട്ടികളുടെ വളർച്ചയ്ക്ക് നല്ലതാണ്.
കൈ/കാൽവീക്കത്തിന് ശതാവരിയുടെ കിഴങ്ങ് അരച്ചു പുരട്ടിയാൽ ഗുണം ചെയ്യും.
ശതാവരിക്കിഴങ്ങ്, ഞെരിഞ്ഞിൽ, ജീരകം, ചെറൂള വേര്, ചുണ്ട വേര് ഇവ ഓരോ കഴഞ്ചു വീതം ഇടിച്ച് 32 തുടംപാൽ ചേർത്ത് കഷായം വെച്ച് 2 തുടമാക്കി അത്താഴത്തിനു ശേഷം കഴിക്കുന്നത് ഉന്മാദരോഗ ശമനത്തിന് ഔഷധമാണ്.
ശതാവരി ചതച്ചു പിഴിഞ്ഞെടുത്ത നീര് ഒരു ടീസ്‌പൂൺവീതം ദിവസവും കഴിക്കുന്നത് പ്രമേഹരോഗശമനത്തിന് നല്ലതാണ്.
ശതാവരിയും ചതുകുപ്പയും ചേർത്തരച്ച് ഉളുക്കിയതോ ചതഞ്ഞതോ ആയ ഭാഗത്ത് പുരട്ടുന്നത് രോഗശമനത്തിന് ഫലപ്രദമാണ്.
ശതാവരിയുടെ ഇളംകിഴങ്ങിൻ്റെ കഷണങ്ങൾ പഞ്ചസാര പാനിയിൽ വിളയിച്ചെടുത്തത് മധുരപലഹാരമായി വിശപ്പു വർദ്ധിപ്പിക്കുവാൻ നല്ലതാണ്.
ദിവസേന തീറ്റയോടൊപ്പം 5 ശതാവരിക്കിഴങ്ങു കൂടി പശുവിന് നൽകിയാൽ പാൽ കൂടുതൽ ലഭിക്കും.
ശതാവരിവേര്, കുറുന്തോട്ടിവേര്, അമുക്കുരം, കുമിഴിൻവേര്, തഴുതാമ വേര് ഇവ കൊണ്ടുണ്ടാക്കിയ പാൽക്കഷായം സേവിക്കുകയാണെങ്കിൽ ഉരക്ഷതം ഭേദപ്പെടും.
പാലിൽ ശതാവരിക്കിഴങ്ങിൻ്റെ നീരുചേർത്ത് കഴിച്ചാൽ മൂത്രാശയ പഴുപ്പു ഭേദമാകും.
ശതാവരിക്കിഴങ്ങ്, അരത്ത, ആവണക്കിൻവേര്, കരിംകുറുഞ്ഞിവേര്, കൊടിത്തൂവവേര്, ആടലോടകത്തിൻവേര്, അമൃത്, ദേവതാരം, അതിവിടയം, മുത്തങ്ങ, വയൽചുള്ളി, കച്ചോലം, കൂവളത്തിൻ വേര് ഇവകൊണ്ടുള്ള കഷായം എണ്ണയും നെയ്യും മേമ്പൊടി ചേർത്ത് കഴി ച്ചാൽ വേദനയോടുകൂടിയ വാതരോഗം, കണങ്കാൽ, തുട, പാർശ്വഭാഗം,തുടയെല്ല് ഇവിടങ്ങളിൽ രക്തവാതം കൊണ്ടുണ്ടാകുന്ന നീര് എന്നിവ ശമിക്കും.
Share your comments