വെറ്റിലയെ പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് 'ഉണ്ട്' എന്നും 'ഇല്ല' എന്നും പറയേണ്ടിവരും. കാരണം കുഞ്ഞുകുട്ടി മുതൽ വൃദ്ധന്മാർ വരെ എല്ലാവർക്കും അറിയുന്ന ഒരു ഇലയാണ് വെറ്റില.
എന്നാൽ അതിൻറെ ഔഷധഗുണങ്ങൾ എത്രമാത്രം അറിയാം.
ശുഭകാര്യങ്ങൾക്കെല്ലാം വെറ്റില ഒഴിച്ചുകൂടാനാവാത്ത വസ്തുവാണ്. വിവാഹങ്ങൾ തീർത്ഥാടനം തുടങ്ങിയ ശുഭകാര്യങ്ങളിൽ ദക്ഷിണ നൽകാൻ വെറ്റിലയാണ് ഉത്തമമായി കരുതി പോരുന്നത്.
പണ്ടുമുതലേ വെറ്റില അടക്ക ചുണ്ണാമ്പ് എന്നിവ ഉപയോഗിച്ച് മുറുക്കുന്നത് കേരളീയരുടെ ഒരു ശീലമാണ്. ഇപ്പോഴും മുറുക്കാൻ ഉപയോഗിക്കുന്ന പ്രായമായവരെ നമുക്കു ചുറ്റും കാണാൻ സാധിക്കും. വടക്കേ ഇന്ത്യയിൽ നിന്നും വരുന്ന പാൻ ഇപ്പോൾ കേരളത്തിലെ ചെറുപ്പക്കാരുടെ ഇടയിലും ട്രെൻഡ് ആണ്. യക്ഷികഥകളിലും വെറ്റിലയും ചുണ്ണാമ്പും ചോദിക്കുന്ന യ്ക്ഷികളെക്കുറിച്ച് എല്ലാവരും വായിച്ചിട്ടുണ്ടാകും. ചുരുക്കിപ്പറഞ്ഞാൽ ഭാരത സംസ്കാരവുമായി, പ്രത്യേകിച്ച് കേരള സംസ്കാരവുമായി, അടുത്ത ബന്ധമുള്ള ഒരു ഇലയാണ് വെറ്റില. ഒരു വിവാഹസദ്യയിൽ പങ്കെടുത്തു കഴിഞ്ഞാൽ വെറ്റിലയും അടക്കയും ചുണ്ണാമ്പും എടുത്ത് മുറുക്കാത്ത ഒരാളെ കണ്ടുപിടിക്കാൻ പ്രയാസമാണ്.
വെറ്റിലയെ സംസ്കാരവുമായി മാത്രം ബന്ധിപ്പിക്കുന്നത് ശരിയല്ല കാരണം വളരെ ഔഷധഗുണമുള്ള ഒരു ഇലയാണ് വെറ്റില. അതുകൊണ്ടുതന്നെയാണ് തുടക്കത്തിൽ വെറ്റിലയെ പരിചയപ്പെടുത്തേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന ഉത്തരം പ്രസക്തമാണെന്നു പറഞ്ഞത്. വളരെയധികം രോഗങ്ങൾക്ക് ഔഷധമായി വെറ്റില ഉപയോഗിക്കാം
കാൽസ്യം വളരെയധികം അടങ്ങിയിട്ടുള്ള ഒരു ഇലയാണിത്. തയാമിൻ നിയാസിൻ കരോട്ടിൻ തുടങ്ങിയവ വെറ്റിലയിൽ ധാരാളമടങ്ങിയിട്ടുണ്ട്
ആയുർവേദ ചികിത്സയിൽ വേദനസംഹാരിയായി വെറ്റില ഉപയോഗിക്കുന്നു. മുറിവിൽ വെറ്റില വെച്ച് ബാൻഡേജ് ഇട്ടാൽ വേഗം ഉണങ്ങി കിട്ടും. വെറ്റിലയുടെ നീര് കുടിക്കുകയാണെങ്കിൽ ശരീരത്തിനകത്തുള്ള വേദനയ്ക്ക് ശമനം ഉണ്ടാകും.
Share your comments