പാകമാകാത്ത അടയ്ക്ക തനിയെ ചവയ്ക്കുമ്പോഴാണ് പലപ്പോഴും വിഷലക്ഷണങ്ങൾ ഉണ്ടാകുന്നത്. അധികമായ അളവിൽ ഉള്ളിൽ ചെന്നാൽ ഛർദിയും വയറിളക്കവും ശക്തിയായ വയറുവേദനയും ഉണ്ടാകും. അരിക്കോളിൻ എന്ന ആൽക്കലോയ്ഡ് ഗ്രസികയിലെ (ഈസോഫാഗസ്) പെരിസ്റ്റാൾട്ടിക് ചലനത്തെ തകരാറിലാക്കുകയും അവിടവിടെ ദ്രാവക സ്രവണം ഉണ്ടാക്കുകയും ശ്വാസക്കുഴലുകളെ ശക്തിയായി ചുരുക്കുകയും ചെയ്യും.
ശരീരം വിയർക്കുക, വെള്ളദ്ദാഹം, തലകറക്കം, മോഹാലസ്യം, ശ്വാസം മുട്ടൽ എന്നിവയും ഉണ്ടാകും. തുടർച്ചയായി അടയ്ക്ക് ഉപയോഗിക്കുന്നത് ധാതുക്ഷയത്തിനും ഓജസ്സ് നശിക്കുന്നതിനും കാരണമാകുന്നു. അടയ്ക്ക് കൂട്ടി മുറുക്കുന്നതു കൊണ്ട് പല്ലിന് കേടുണ്ടാകാതെയിരിക്കും എന്നൊരു ധാരണയുണ്ട്. അത് ശരിയല്ല. സ്ഥിരമായി അടയ്ക്ക ഉപയോഗിക്കുന്നതുമൂലം മോണയിലെയും വായ്ക്കുള്ളിലെയും ശ്ലേഷ്മ കലകൾക്ക് വീക്കമുണ്ടായി നശിച്ച് പല്ലുകൾക്ക് ബലക്കുറവുണ്ടാകുന്നു. ഇതുമൂലം കാൻസർ രോഗം ഉണ്ടാകുന്നതായി ആധുനിക പരീക്ഷണങ്ങൾ തെളിയിച്ചിട്ടുമുണ്ട്.
ചികിത്സയും പ്രത്യൗഷധവും
അടയ്ക്കയുടെ വിഷത്തിന് അട്രോപ്പിൻ പ്രത്യൗഷധമായി കുത്തി വയ്ക്കാവുന്നതാണ്. പച്ചവെള്ളം കുടിക്കുകയും സ്നിഗ്ധപദാർഥങ്ങൾ ഉള്ളിൽ കഴിക്കുകയും ചെയ്യണം. ആവശ്യമെങ്കിൽ കൃത്രിമശ്വാസോച്ഛ്വാസം നൽകണം. ഉപ്പോ പഞ്ചസാരയോ തിന്നുകയോ ശംഖിന്റെ പൊടി മണപ്പിക്കുകയോ ചെയ്യുന്നതും അടയ്ക്കയുടെ ലഹരി കുറയ്ക്കുന്നതി ന് സഹായിക്കും.
Share your comments