എരുമകളെ വളർത്താൻ പശുക്കളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ തൊഴുത്ത് നിർമിക്കാം. വീടിനോട് ചേർന്ന് ചേർപ്പ് ആയോ പ്രത്യേകമായോ തൊഴുത്ത് നിർമ്മിക്കാവുന്നതാണ്.
തൊഴുത്ത് നിർമ്മിക്കുന്ന സ്ഥലം ഭൂനിരപ്പിൽ നിന്നും ഉയർന്നതും വെള്ളം കെട്ടി നിൽക്കാത്തതും ആയിരിക്കണം.
എരുമകൾക്ക് തൊഴുത്ത് നിർമ്മിക്കുമ്പോൾ യഥേഷ്ടം ശുദ്ധമായ വെള്ളം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കണം. തൊഴുത്ത് കിഴക്ക് പടിഞ്ഞാറ് ദിശയിൽ ആയിരിക്കണം നിർമ്മിക്കേണ്ടത്. തറ ഭൂനിരപ്പിൽ നിന്ന് ഒരടിയെങ്കിലും ഉയരത്തിൽ ആയിരിക്കണം.
തൊഴുത്തിന് ഒരു മീറ്റർ ഉയരത്തിൽ ഭിത്തി കല്ല്, ഇഷ്ടിക എന്നിവ ഉപയോഗിച്ച് നിർമ്മിക്കാം. ബാക്കി ഭാഗം മുള, പാഴ് തടി ,ഈറ്റ എന്നിവകൊണ്ട് യഥേഷ്ടം വായു സഞ്ചാരം ലഭിക്കുന്ന രീതിയിൽ നിർമ്മിക്കേണ്ടത് ആണ്.
തൊഴുത്തിന്റെ മോന്തായത്തിന് 4.8 മീറ്റർ ഉയരവും വശങ്ങൾക്ക് മുന്നിൽ 3 മീറ്ററും പിൻഭാഗത്ത് 1.8 മീറ്റർ ഉയരം വേണം. എരുമ ഒന്നിന് തൊഴുത്തിൽ 3.6 മീറ്റർ നീളവും 1.3 മീറ്റർ വീതിയും വേണം. ഇതിൽ പുൽത്തൊട്ടിക്ക് 0.9 മീറ്ററും എരുമയ്ക്ക് നിൽക്കാൻ 1.8 മീറ്റർ സ്ഥലം ആവശ്യമാണ്.
മേൽക്കൂരയ്ക്ക് പകരമായി ഓട്, ഓല, ലൈറ്റ് റൂഫിംഗ്, കനം കുറഞ്ഞ കോൺക്രീറ്റ് എന്നിവയിൽ ഏതെങ്കിലുമൊന്ന് ഉപയോഗിക്കാം.
എരുമ കിടാരിക്ക് 3-3.5 ചതുരശ്ര മീറ്ററും കന്നു കുട്ടിക്ക് 2.5 ചതുരശ്ര മീറ്ററും തൊഴുത്തിൽ ഉണ്ടായിരിക്കണം.
കാലാവസ്ഥ വ്യതിയാനങ്ങൾക്കനുസരിച്ച് തൊഴുതു നിർമ്മിക്കാറുണ്ട്.
എരുമകൾക്ക് വേനൽക്കാലത്ത് ഓലകൊണ്ടുള്ള താൽക്കാലിക ഷെഡ്ഡുകൾ തെങ്ങിൻതോപ്പിൽ നിർമ്മിക്കുന്നവർ ഉണ്ട്.
മഹാരാഷ്ട്രയിലെ രക്നഗിരിയിൽ വേനൽക്കാലത്ത് ആവശ്യത്തിന് കാറ്റും വെളിച്ചവും കടക്ക് തക്കവിധത്തിൽ മണ്ണ് ,ഇല എന്നിവകൊണ്ട് തൊഴുത്ത് നിർമ്മിക്കാറുണ്ട്. മഴക്കാലത്തും തണുപ്പുകാലത്തും ഇവ പൊളിച്ചുമാറ്റി പ്രത്യേകം തൊഴുത്ത് നിർമ്മിക്കും.
കാസർകോട് ജില്ലയിലെ മഞ്ചേശ്വരം ബ്ലോക്കിൽ തൊഴുത്തിന് നിലം പ്രത്യേക രീതിയിലാണ് നിർമ്മിക്കുന്നത്. നല്ല ഇലകൾ വിതറും. ചാണകം എടുക്കാറില്ല. ദിവസേന ഇലകൾ വിതറി കൊണ്ടിരിക്കും. രണ്ടു മൂന്നു മാസത്തിലൊരിക്കൽ ഇവ നേരിട്ട് വളമായി ഉപയോഗിക്കുന്നു. തൊഴുത്തിന് അടുത്തുതന്നെ വളക്കുഴി വേണം. ചാണകം എടുത്തുമാറ്റാൻ സൗകര്യപ്രദമായ രീതിയിൽ തൊഴുത്തിന്റെ നിലം അധികം ചരിവു മിനുസം എന്നിവ ഇല്ലാതെ കോൺക്രീറ്റ് ചെയ്യണം.
മൂത്രം ഒഴുകിപ്പോകാൻ പ്രത്യേക മൂത്ര ചാലുകൾ നിർമിക്കണം. തൊഴുത്തിലേക്ക് എരുമകൾക്ക് കയറാൻ പടിയും നിർമ്മിക്കേണ്ടത് ആണ്.
തൊഴുത്ത് ദിവസേന അണുനാശിനി ലായനി തളിച്ച് വൃത്തിയാക്കണം.
ഇതിനായി കുമ്മായം , ബ്ലീച്ചിംഗ് പൗഡർ, സോഡാകാരം എന്നിവ ഉപയോഗിക്കാം. വളക്കുഴി ആഴ്ചതോറും ഇടപെട്ട് കുമ്മായം വിതറുന്നത് രോഗാണുബാധ നിയന്ത്രിക്കാൻ സഹായിക്കും.
തീറ്റയും തീറ്റക്രമവും
എരുമകൾക്ക് നിലനിൽപ്പിനായി ഒന്നര രണ്ട് കിലോഗ്രാം സമീകൃത തീറ്റയും ഓരോ രണ്ടുകിലോഗ്രാം പാലിന് ഒരു കിലോഗ്രാം തീറ്റ എന്ന തോതിലും നൽകണം. എരുമ ആറു മാസത്തിനു മേൽ ചെന ഉള്ളതാണെങ്കിൽ ഒരു കിലോഗ്രാം തീറ്റ കൂടുതൽ നൽകണം.
ബൈപ്പാസ് പ്രോട്ടീൻ തീറ്റ ആണെങ്കിൽ ഒരു കിലോഗ്രാം പാലിന് 450 ഗ്രാം എന്ന തോതിൽ നൽകേണ്ടിവരും. ആമാശയത്തിലെ ആദ്യത്തെ അറയായ റൂമനിലെ സൂക്ഷ്മാണുക്കളുടെ അമിതമായ പ്രവർത്തനത്തെ ചെറുക്കുന്നതിനാൽ ബൈപ്പാസ് പ്രോട്ടീൻ തീറ്റ നൽകുമ്പോൾ കൂടുതൽ പോഷകങ്ങൾ എരുമയ്ക്ക് ലഭിക്കും. പുരുഷാഹാരങ്ങൾ ആയി വൈക്കോൽ ,തീറ്റപ്പുല്ല് എന്നിവ നൽകണം.
തീറ്റപ്പുല്ല് നൽകിയാൽ തീറ്റച്ചെലവ് കുറയ്ക്കാം. ഒരു കിലോഗ്രാം തീറ്റയ്ക്ക് പകരമായി 10 കിലോഗ്രാം പച്ചപ്പുല്ല് നൽകിയാൽ മതി .കർഷകർ തീറ്റ യോടൊപ്പം നിലക്കടല പിണ്ണാക്ക് തേങ്ങാ പിണ്ണാക്ക് പരുത്തിക്കുരു എള്ള് കുരു പിണ്ണാക്കുകൾ നൽകാറുണ്ട് കൂടാതെ അരിത്തവിട് ഗോതമ്പ് തവിട് എന്നിവയെ നൽകാറുണ്ട് ഇവ എരുമയുടെ ആവശ്യത്തിന് അനുസരിച്ച് അതായത് 14 - 16 ശതമാനം ദഹ്യ പ്രോട്ടീൻ 70% ആകെ ദഹ്യ പോഷകങ്ങൾ എന്നിവ അടങ്ങിയ വിധത്തിലായിരിക്കണം.
വേനൽക്കാലത്ത് പോഷക ന്യൂനത പരിഹരിക്കാൻ വിറ്റാമിൻ എ അടങ്ങിയ മീനെണ്ണ, വിറ്റാമിൻ ധാതുലവണ മിശ്രിതം എന്നിവ തീറ്റയിൽ ചേർത്തു നൽകാം.
Share your comments