കർക്കിടകത്തിൽ മുരിങ്ങയില കഴിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ ?
ആശയക്കുഴപ്പമുണ്ടാക്കുന്ന പല വിശദീകരണങ്ങളും അതിനോടനുബന്ധിച്ചുള്ള തർക്കങ്ങളും കേട്ടു .ആയുർവേദ വൈദ്യൻമാരോടും ഡോക്ടർമാരോടും ചോദിച്ചു. പലരും പലതും പറഞ്ഞു.
മുരിങ്ങയില പൊതുവേ ദഹനപ്രശ്നമുള്ളവർക്ക് നന്നല്ല. പ്രത്യേകിച്ചും കർക്കിടകത്തിൽ. ദഹനപ്രശ്നം ഇല്ലെങ്കിൽ കുഴപ്പമില്ല എന്ന് ഒരു ഡോക്ടർ. മഴക്കാലത്ത് മുരിങ്ങയിലയിൽ കട്ടുണ്ടാകുമെന്ന് മറ്റൊരു ഡോക്ടർ. കർക്കിടകത്തിലെ ചില പ്രത്യേക ദിവസങ്ങളിൽ മുരിങ്ങയിലയിൽ വിഷസാന്നിദ്ധ്യം ഉണ്ടാകുമെന്ന് വേറെ ഒരു വൈദ്യൻ.
മറ്റുള്ള ഇലകളെ അപേക്ഷിച്ച് എപ്പോഴും കഴിക്കാവുന്ന മുരിങ്ങയിലയ്ക്ക് മാത്രം കർക്കിടകത്തിൽ എന്താണ് ഇത്രയും പ്രശ്നം ?
ഇനി തമിഴ്നാട്ടിലെ ഒരു കുഗ്രാമത്തിലേക്ക്.
വഴിയരികിലും വീട്ടുപറമ്പിലും എവിടെ നോക്കിയാലും മുരിങ്ങയും ആര്യവേപ്പും മാത്രം. നൽവേളയും വെള്ളക്കൊടുവേലിയും എരിക്കും നിറഞ്ഞുനിൽക്കുന്ന വെളിമ്പറമ്പിൽ ഇടയ്ക്കിടെ മുരിങ്ങക്കമ്പ് നാട്ടി വയ്ക്കുകയാണ് വൃദ്ധനായ സിദ്ധവൈദ്യർ.....
എഴുത്തും വായനയും അറിയാത്ത അദ്ദേഹം സംശയലേശമെന്യേ ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞു തന്നു.
ആര്യവേപ്പ് ചുറ്റുമുള്ള വായു ശുദ്ധീകരിച്ചു അണുവിമുക്തമാക്കുന്നു. അതുപോലെ മുരിങ്ങ മണ്ണിലുള്ള വിഷം വേരുകളിലൂടെ വലിച്ചെടുത്തു ഭൂമിയും ശുദ്ധമാക്കുന്നു.ഔഷധച്ചെടികളുള്ള പറമ്പിൽ മുരിങ്ങ നടുന്നത് ഉത്തമം.
കൂടാതെ വഴിയോരങ്ങൾ, ശ്മശാന ഭൂമി, ചതുപ്പുനിലങ്ങൾ, അഴുക്കു പ്രദേശങ്ങൾ, കള്ളിമുൾ ചെടികൾ വളരുന്ന ഇടം തുടങ്ങിയ സ്ഥലത്തു നിന്ന് ഔഷധാവശ്യങ്ങൾക്കായുള്ള ചെടികൾ പറിക്കരുതെന്ന ഉപദേശവും നൽകി.
അപ്പോൾ കർക്കിടകത്തിലോ.?
മഴ വെള്ളം വീണ് മണ്ണ് നനഞ്ഞു കുതിരുമ്പോൾ മുരിങ്ങയുടെ വേരുകളിൽ ഈ പ്രക്രിയ ത്വരിതഗതിയിൽ ആകുന്നു. വേനൽക്കാലത്ത് തടിയുടെ മുകളിലെ തോൽ അടർന്നു പോകുമ്പോൾ തടിയിൽ ശേഖരിക്കുന്ന വിഷം ഇതിലൂടെ പുറത്തുകളയാറുണ്ട് മുരിങ്ങ എന്ന അത്ഭുത സസ്യം.
ആടി മാസത്തിൽ ഇത് സാധ്യമല്ല. കൂടാതെ സൂര്യപ്രകാശം വേണ്ടത്ര ലഭിക്കാത്തതുകൊണ്ട് ഇലകളിലെ ജൈവികപ്രവർത്തനവും മന്ദഗതിയിലാവുന്നു. അതുകൊണ്ട് ഈ സമയത്ത് ഇലകളിലും കട്ട് ഉണ്ടാവാൻ സാധ്യതയുണ്ട്. ഭക്ഷണത്തിനെടുക്കുന്നത് നല്ലതല്ല.
ഉത്തരം ഏതാണ്ട് വിശ്വാസയോഗ്യം തന്നെയാണ്. ഗുരുനാഥൻ ആയതുകൊണ്ട് മാത്രമല്ല. അദ്ദേഹം സിദ്ധവൈദ്യത്തിൽ മരുന്നിനായി ഉപയോഗിക്കുന്ന പച്ചിലകൾ എല്ലാം തന്നെ പാൽ വെട്ടിത്തിളപ്പിച്ച് അതിൽ നിന്നുള്ള ആവി കൊള്ളിച്ച് ശുദ്ധമാക്കിയ ശേഷമാണ് മരഉരലിൽ ഇടിച്ചു പിഴിഞ്ഞ് നീര് എടുക്കുന്നത് എന്ന കാര്യവും അനുഭവമാണ്.
അപ്പോൾ അത് അവിടെ നിൽക്കട്ടെ. വീണ്ടും കേരളത്തിലേക്ക് വരാം.
വൈദ്യന്മാരെയും ഡോക്ടർമാരെയും വിട്ടിട്ട് ഇതിന്റെ ശാസ്ത്രീയത അന്വേഷിച്ചറിയാൻ വേണ്ടി ഗവൺമെൻറ് അംഗീകൃത മരുന്ന് പരിശോധനാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്റെ അടുത്തേക്ക്.
സിദ്ധനെയും ആയുർവേദക്കാരനെയും അദ്ദേഹം നിഷേധിച്ചുമില്ല. അംഗീകരിച്ചുമില്ല. പക്ഷേ ഒരു കാര്യം പറഞ്ഞു.
പല മരുന്നുകൾ ചേർത്ത് വളരെ കൃത്യമായി ഉണ്ടാക്കിയ ഒരു ഔഷധത്തിന് പരിശോധനയിൽ വിഷാംശം കണ്ടെത്തി. മരുന്ന് ടെസ്റ്റ് പാസായില്ല.കാരണമറിയാൻ ഓരോ പച്ചമരുന്നുകളെയും വെവ്വേറെ പരിശോധിച്ചു.. പ്രശ്നങ്ങളൊന്നും കാണാനായില്ല. അവസാനം അന്വേഷണം നിർമ്മാതാവിന്റെ വീട്ടുമുറ്റത്തെ നിരുപദ്രവിയായ മുരിങ്ങയിലും എത്തി.. സംശയം വേണ്ട.വിഷാംശം വന്നത് മരുന്നിൽ ഉൾപ്പെടുത്തിയ മുരിങ്ങയിലയിലൂടെ തന്നെ ആയിരുന്നു. കാരണമോ അപ്പുറത്ത് മാറി കൂട്ടിയിട്ടിരുന്ന പൊട്ടിയതും പൊട്ടാത്തതുമായ ഉപയോഗശൂന്യമായ കുറച്ചു ട്യൂബ് ലൈറ്റുകളും. നിസ്സാരക്കാരനായ മുരിങ്ങ വലിച്ചുകൊണ്ടുവന്നത് ഭീകരനായ മെർക്കുറിയെ ആയിരുന്നു.
മനസ്സിലാക്കിയ അറിവുകൾ വച്ച് സിദ്ധയും ആയുർവേദവും ശാസ്ത്രീയതയും ഒക്കെ പറഞ്ഞു എന്നുമാത്രം. അഭിപ്രായങ്ങളും തർക്കങ്ങളും ഉണ്ടായേക്കാം. മറുപടി ഒരേയൊരു ചോദ്യത്തിൽ ഒതുക്കുന്നു.
കർക്കിടകത്തിൽ മുരിങ്ങയില കഴിക്കുന്നതു കൊണ്ട് അവരവർക്ക് കുഴപ്പം തോന്നുന്നില്ലെങ്കിൽ പിന്നെ ആർക്കെന്ത് ചേതം.?
നന്ദി.
ശ്രീ വൈദ്യനാഥം ആയുർവേദ ആശുപത്രി തൃപ്പൂണിത്തുറ
ph: 9188849691
Share your comments