കശുവണ്ടിയുടെ പുറന്തോടിൽ ഉണ്ടാകുന്ന കറ തൊലിപ്പുറത്തു പറ്റിയാൽ വീക്കവും പൊള്ളലും ഉണ്ടാകും. ചേർക്കുരുവിനുള്ള വിഷലക്ഷണങ്ങളെല്ലാം ഇതിനുണ്ട്. കറ ഉള്ളിൽ അധികമായി ചെന്നാൽ രക്തസമ്മർദം താഴുകയും അവയവങ്ങൾ സ്തംഭിക്കുകയും ശ്വാസം മുട്ടലും വിറയലും ഉണ്ടാകുകയും ചെയ്യും കുടലിലെ ആന്തരകലകൾ പൊള്ളി വിങ്ങുന്നു. തടിയുടെ പട്ടയിൽ നിന്നുണ്ടാകുന്ന കറയ്ക്കും വിഷഗുണം ഉണ്ട്. മൂത്രത്തിലൂടെയും അൽപ്പമായി മലത്തിലൂടെയുമാണ് വിഷഘടകങ്ങൾ പുറത്തുപോകുന്നത്. കുട്ടികൾ പാകമാകാത്ത കശുവണ്ടി കടിച്ച് ചുണ്ടിലും മുഖത്തും മറ്റും പൊള്ളലും വണങ്ങളും ഉണ്ടാക്കുന്നത് സാധാരണയായി കാണാറുള്ളതാണ്.
ചികിത്സയും പ്രത്യൗഷധവും
ഇതിന്റെ വിഷഘടകങ്ങൾ ഉള്ളിൽ ചെന്നാൽ പാൽ, നെയ്യ് തുടങ്ങിയ സ്നിഗ്ധദ്രവ്യങ്ങൾ കഴിപ്പിക്കണം. താന്നിക്കോട് കഷായം വച്ച് കുടിക്കുന്നതും നല്ലതാണ്. ബാഹ്യമായി ഉണ്ടാകുന്ന പൊള്ളലുകൾക്കും വ്രണങ്ങൾക്കും വെളിച്ചെണ്ണ, നെയ്യ് ഇവ സമം ചേർത്ത് ലേപനം ചെയ്താൽ മതിയാകും.
ഔഷധഗുണങ്ങളും പ്രയോഗങ്ങളും
പറങ്കിയണ്ടിപ്പരിപ്പ് ഭക്ഷ്യയോഗ്യവും ഏറ്റവും പോഷകഗുണമുള്ളതുമാണ്. ഇതിൽ ഇളം മഞ്ഞ നിറത്തിലുള്ള ഒരിനം എണ്ണ 40 ശതമാനം അടങ്ങിയിട്ടുണ്ട്. ബദാം എണ്ണയ്ക്ക് തുല്യഗുണമുള്ളതാണിത്. പറങ്കിയണ്ടിയുടെ കറ പുരട്ടിയാൽ കാൽവിരലുകളുടെ ഇടയിലും ഉള്ളടിയിലും ഉണ്ടാകുന്ന വിള്ളലുകൾ, പുഴുക്കടി, അരിമ്പാറ തുടങ്ങിയവ ശമിക്കുന്നതാണ്. കശുമാവിന്റെ മരപ്പട്ടയിട്ട് വെന്ത കഷായം രക്തസമ്മർദത്തിനു നല്ലതാണെന്ന് പറയപ്പെടുന്നു. കശുമാങ്ങയിൽ നിന്നും ഒരിനം ലഹരിപാനീയം ഉണ്ടാക്കുന്നുണ്ട്. വസ്ത്രത്തിലും മറ്റും അടയാളമിടുന്നതിന് കശുമാവിന്റെ കറ ഉപയോഗിക്കാം.
Share your comments