![Causes of Ear Balance Problem and Dizziness](https://kjmal.b-cdn.net/media/30715/ear.jpg)
ചെവിയിലുണ്ടാകുന്ന മുഴങ്ങുന്ന ശബ്‌ദവും തുടർന്നുണ്ടാകുന്ന തലചുറ്റലും പലരിലും കണ്ടുവരുന്ന ഒരു അവസ്ഥയാണ്. ഇതിനുള്ള കാരണങ്ങൾ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? ചെവിയുടെ ബാലന്‍സ് നഷ്ടമാകുന്നത് കൊണ്ടുണ്ടാകുന്ന അവസ്ഥയാണിത്.
ഇത്തരം പ്രശ്‌നം കൊണ്ടുണ്ടാകുന്ന തലചുറ്റല്‍ മിനിയേഴ്‌സ് ഡിസീസ് എന്നാണ് അറിയപ്പെടുന്നത്. തലകറക്കവും, ചെവിയിൽ മണിമുഴങ്ങുന്നതു പോലെയുള്ള ശബ്ദവും, ചെവിക്കായമില്ലതെ തന്നെ ചെവി നിറഞ്ഞിരിക്കുന്നതു പോലുള്ള തോന്നലും ഇടയ്ക്കിടെ അനുഭവപ്പെടുന്ന കേൾവിക്കുറവുമൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം ചികിത്സിക്കാതിരുന്നാൽ ഭാവിയിൽ കേൾവി പൂർണമായും നഷ്ടപ്പെടാം. സാധാരണഗതിയിൽ ഇത് ഒരു ചെവിയെ മാത്രമാണു ബാധിക്കുന്നത്.
മിനിയേഴ്‌സ് ഡിസീസിന് പൊതുവേ പറയപ്പെടുന്ന കാരണം ചെവിക്കുള്ളിലെ അർധ വൃത്താകാര കുഴലിലെ എൻഡോ ലിംഫ് എന്ന ദ്രാവകത്തിന്‍റെ അളവിലുള്ള വ്യതിയാനമാണ്. മൈഗ്രേന്‍ ഉണ്ടാകുമ്പോള്‍ ചുരുങ്ങുന്നതു പോലെ ചെവിക്കുള്ളിലെ രക്തക്കുഴലുകൾ മൈഗ്രേനിലെ പോലെ കോച്ചി ചുരുങ്ങുന്നതാണ് മിനിയേഴ്സ് രോഗം ഉണ്ടാകുന്നതിനു കാരണമെന്നു കരുതപ്പെടുന്നു. വൈറസ് രോഗബാധ, അലർജികൾ, ഓട്ടോ ഇമ്യൂൺ രോഗങ്ങൾ എന്നിവയാണു രോഗത്തിനു കാരണമെന്നു ചിന്തിക്കുന്നവരുമുണ്ട്. ചിലരിൽ ഇതു പാരമ്പര്യമായി കാണുന്നതിനാൽ ജനിതക തകരാറുകളെയും തള്ളിക്കളയാനാവില്ല.
എന്‍ഡോലിംഫിന്റെ അമിത ഉല്‍പാദന കാരണമാണോ ഇത്തരം പ്രശ്‌നത്തിന് കാരണമെന്ന് ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. ഇതിനാല്‍ തന്നെ പ്രത്യേകിച്ച് ഒരു ടെസ്റ്റ് കൊണ്ട് രോഗനിർണ്ണയം സാധ്യമല്ല. തലച്ചോറിന്‍റെ സി.ടി, എം.ആർ. ഐ എന്നിവയാല്‍ മറ്റു വല്ല പ്രശ്‌നങ്ങള്‍ കൊണ്ടാണോ ഈ രോഗം എന്നത് കണ്ടെത്താന്‍ ശ്രമം നടത്താറുണ്ട്. ഇത്തരം കാരണങ്ങള്‍ കൊണ്ടല്ല ഈ അവസ്ഥയെന്ന് തെളിഞ്ഞാല്‍ പിന്നെ ചെവിയിലെ ഇത്തരം പ്രശ്‌നമാണ് ഈ തല കറക്കത്തിന് കാരണമെന്ന നിര്‍ണയത്തില്‍ എത്തിച്ചേരുന്നതാണ് പൊതുവേയുള്ള പതിവ്.
ഈ അവസ്ഥ ചിലപ്പോള്‍ സെക്കന്റുകള്‍ മുതല്‍ ചിലപ്പോള്‍ മണിക്കൂറുകള്‍ വരെ നീണ്ടു നിന്നുവെന്ന് വരാം. അപ്രതീക്ഷിതമായി എപ്പോൾ വേണമെങ്കിലും വരാമെന്നതുകൊണ്ട് ഈ അവസ്ഥയുളളവര്‍ക്ക് ഒറ്റയ്ക്ക് യാത്രചെയ്യാനോ, വാഹനം ഓടിക്കാനോ ഒന്നും ധൈര്യപ്പെട്ടിറങ്ങാനാവില്ല എന്നാതാണു പ്രശ്നം. ചിലര്‍ക്ക് ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഈ അവസ്ഥ ഉണ്ടാകാറുണ്ട്. ഉപ്പ് കൂടുതലടങ്ങിയ ഭക്ഷണങ്ങൾ, ചോക്ളേറ്റ്, മദ്യം, ചായ, കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ എന്നിവ കൊണ്ട് രോഗം കൂടുന്നതായി അനുഭവപ്പെടാറുണ്ട്. ഉപ്പ് ഇത്തരം രോഗാവസ്ഥയെങ്കില്‍ കൂടുതലായി കഴിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്.
ഈ അവസ്ഥ ഗുരുതരമായാല്‍ സര്‍ജറിയെന്നത് ഒരു വഴിയാണ്. എൻഡോലിംഫ് കൂടുന്നു എന്ന് കരുതിയുള്ള ഒപ്പറേഷനുകളാണു സാധാരണരീതിയിൽ ചെയ്തുവരുന്നത്. മരുന്നുകഴിക്കുമ്പോൾ ശരീരത്തിലെ തകരാറുകൾ പരിഹരിക്കുക മാത്രമാണു ചെയ്യുക. എൻഡോലിംഫിന്‍റെ അളവ് നോർമലിൽ നിന്നു താഴേക്കു പോവില്ല. എൻഡോലിം ഫാറ്റിക് സാക് സർജറി ചെയ്താൽ രോഗികളിലും രോഗം കുറയാറുണ്ട്. ഇത്തരം സര്‍ജറി കൊണ്ട് കേള്‍വിശക്തി നശിക്കുക പോലുള്ള അവസ്ഥകള്‍ ഉണ്ടാകുന്നുമില്ല.
രോഗിയ്ക്ക് ഏത് ലക്ഷണമാണ് വരുന്നത് എന്നതു നോക്കിയാണ് പൊതുവേ ചികിത്സ തീരുമാനിയ്ക്കാറുള്ളത്. ചിലര്‍ക്ക് ചെവിയിൽ തലകറക്ക സമയത്ത് ശബ്ദം കൂടുതലായി അനുഭവപ്പെടുകയും, കേൾവി കുറയുകയും ചെയ്യുന്നു. ചിലര്‍ക്ക് മനുഷ്യരുടെ ശബ്ദം കേള്‍ക്കുന്നത് കുറയുകയും മറ്റ് ശബ്ദം ഈ സമയത്ത് കൂടുതല്‍ കേള്‍ക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകള്‍ നോക്കിയാണ് ഇതിനായുള്ള മരുന്നുകളും നിര്‍ണയിക്കുന്നത്.
Share your comments