ഔഷധവും ആഹാരവും മദ്യവും എണ്ണയും വീടുണ്ടാക്കാനുള്ള തടിയും ഓലയും എല്ലാം തരുന്ന കേരളീയരുടെ കല്പവൃക്ഷമാണ് തെങ്ങ്. ഇത് കേരതരുവെന്നും രസായനതരുവെന്നും അറിയപ്പെടുന്നു.
തേങ്ങയുടേയും തേങ്ങാവെള്ളത്തിന്റേയും രസം മധുരവും ഗുണത്തിൽ ഗുരുവും സ്നിഗ്ധവും വീര്യത്തിൽ ശീതവുമാണ്; വിപാകത്തിൽ മധുരമാകുന്നു.
അമിതമായ ദാഹത്തിനും ക്ഷീണത്തിനും കരിക്കിൻ വെള്ളം അതിവിശേഷമാണ്. ഏതു രോഗാവസ്ഥയിലും ഇത് ഉപയോഗിക്കാം. തൊണ്ടു ചുട്ട് ചാമ്പലാക്കി വെള്ളത്തിൽ കലക്കി തെളിച്ചെടുക്കുന്ന
പൊടി നാലു ഗ്രാം വീതം സേവിക്കുകയും പാല് അനുപാനമായി കഴിക്കുകയും ചെയ്യുന്നത് പുളിച്ചുതികട്ടൽ എന്ന അസുഖത്തിനുള്ള ഔഷധമാണ്. ഇത് ഒരു ദിവസം നാലു മണിക്കൂറിടവിട്ടു കഴിക്കാം. കരിക്കിന്റെ പച്ചത്തൊണ്ട് ചതച്ചു പിഴിഞ്ഞ് നീരെടുത്ത് കാവിമണ്ണും കർപ്പൂരവും മീറയും ചെന്നി നായകവും സമമായെടുത്ത് അരച്ച് കേടുതട്ടിയ ഭാഗത്ത് നീര് സ്ഥിരമായി നിൽക്കുന്ന അംഗങ്ങളിൽ കുഴമ്പു പുരട്ടിയതിനുശേഷം പട്ടീസായി തുണിയിൽ തേച്ചുകെട്ടുന്നതു നന്നാണ്. ഇത് മാറാത്ത നീർക്കെട്ടിനും നന്ന്. പട്ടീസ് രണ്ടു ദിവസം ഇടവിട്ടു മാറ്റിക്കെട്ടാം.
രസാദിധാതുക്കൾ ചേർത്തുണ്ടാക്കുന്ന ഔഷധങ്ങൾ കഴിച്ചു ക്ഷീണം ബാധിക്കുമ്പോൾ തേങ്ങാവെള്ളം തുടരെ കൊടുക്കുക. വിശേഷിച്ചു വിഷഹരവുമാണ്.
തെങ്ങിന്റെ ഇളംകൂമ്പ് അരി ചേർത്ത് ഇടിച്ചു വൃത്തിയാക്കി കരിപ്പുകട്ടി ചേർത്തു കുറുക്കി സ്ഥിരമായി കഴിക്കുന്നത് സ്ത്രീകൾക്കുണ്ടാകുന്ന രക്തസ്രാവത്തിനും വെള്ളപോക്കിനും നന്നാണ്.
തെങ്ങിന്റെ ഇളംകൂമ്പ് വെള്ളം തളിച്ച് ഇടിച്ചു പിഴിഞ്ഞ നീര് 20 മില്ലി വീതം എടുത്ത് തേൻ മേമ്പൊടി ചേർത്ത് കാലത്തും വൈകിട്ടും കഴിക്കുന്നത് രക്തസ്രാവത്തിന് അതിവിശേഷമാണ്. കരിക്കിനകത്ത് കരിപ്പുകട്ടി കയറി ചിരട്ടകളഞ്ഞ് അങ്ങിങ്ങായി കമ്പി കൊണ്ടു കുത്തിയിട്ട് കലത്തിൽ ബണ്ടുകെട്ടി പുഴുങ്ങിത്തിന്നുന്നത് ധാതുക്ഷയത്തിനും ആരോഗ്യത്തിനും ഫലപ്രദം തന്നെ.
തെങ്ങിന്റെ ഇളംകള്ളിൽ, അരി വറുത്ത പൊടിയും (വറപ്പൊടി) മുന്തിരിങ്ങയും ഇട്ടുവെച്ചിരുന്ന് ഒരു പകൽ കഴിഞ്ഞതിനു ശേഷം രാത്രിയിൽ ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് ശരീരാവയവങ്ങളെ പുഷ്ടിപ്പെടുത്തുന്നതിന് സഹായിക്കും.
ഇളംകള്ളിൽ അരി വേവിച്ച് കരിപ്പുകട്ടി ചേർത്തു പായസമാക്കി കുറഞ്ഞ അളവിൽ കുട്ടികൾക്കു കൊടുക്കുന്നത്. ഉരക്ഷതത്തിനും ക്ഷയരോഗം ബാധിക്കാതിരിക്കുന്നതിനും നന്നാണ്.
Share your comments