

1989 ലാണ് ക്യൂബ വലിയൊരു പ്രതിസന്ധിയിൽ അകപ്പെടുന്നത്. സോവിയറ്റ് യൂണിയനുമായിട്ടുള്ള വ്യാപാര ബന്ധം തകർന്നപ്പോൾ ക്യൂബയുടെ കാർഷികമേഖല അവതാളത്തിലായി.
രാസവളങ്ങൾ, കീടനാശിനികൾ, പെട്രോൾ, കാർഷിക യന്ത്രങ്ങൾ എന്നിവയെല്ലാം റഷ്യയിൽ നിന്നും വരണമായിരുന്നു. ക്യൂബയിൽ ഭൂരിഭാഗവും കരിമ്പ് കൃഷിയായിരുന്നു. മാർക്കറ്റ് വില നൽകി റഷ്യ പഞ്ചസാര വാങ്ങിയിരുന്നതിനാൽ ക്യൂബ സമൃദ്ധിയിലായിരുന്നു.
ക്യൂബയ്ക്കാവശ്യമായിരുന്ന ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയുമൊക്കെ 80 ശതമാനവും പുറത്തു നിന്നായിരുന്നു ഇറക്കുമതി ചെയ്തു കൊണ്ടിരുന്നത്. 1989 മുതൽ സോവിയറ്റ് യൂനിയനിൽ നിന്നുള്ള ഇറക്കുമതി ഗണ്യമായി കുറഞ്ഞു.
89 മുതൽ 92 വരെയുള്ള 3 വർഷങ്ങൾ ക്യൂബ ഭക്ഷ്യ ക്ഷാമത്തിന്റെ പിടിയിലായി. രാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കാൻ ഫിദൽ കാസ്ട്രോ നയവിദഗ്ദരെ വിളിച്ചു ചേർത്ത് പരിപാടികൾ ആസൂത്രണം ചെയ്തു.
തുടര്‍ന്നാണ് പ്രാദേശികമായ അറിവുകളും വിഭവങ്ങളും ഉപയോഗിച്ചുള്ള ജൈവ ഭക്ഷ്യകൃഷിയിൽ കേന്ദ്രീകരിക്കാൻ ക്യൂബ തീരുമാനിച്ചത്. അതിനാവശ്യമായ ബദൽ സാങ്കേതിക വിദ്യ ക്യൂബ തയ്യാറാക്കി.
ഇന്ധനലഭ്യത കുറവ് മൂലം യന്ത്രങ്ങൾ അധികം വേണ്ടാത്ത പരമ്പരാഗത ചെറുകിട കൃഷിയെ സർക്കാർ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി.
1992 മുതൽ ക്യൂബ നഗരകേന്ദ്രീകൃതമായ ഭക്ഷ്യ കൃഷി ആരംഭിച്ചു. പരമാവധി സ്ഥലങ്ങൾ ഉപയോഗപ്പെടുത്തി ചെറിയ ചെറിയ തോട്ടങ്ങൾ നിർമിച്ചു. കൃഷി വിദഗ്ധരെ വിളിച്ചു പരിശീലനങ്ങൾ സംഘടിപിച്ചു. ഹവാനയിലെ കാർഷിക സർവകലാശാലയിൽ ജൈവകൃഷി കോഴ്സ് ആരംഭിച്ചു. ജൈവകൃഷിയുമായി ബന്ധപ്പെട്ട അനവധി പ്രസിദ്ധീകരണങ്ങൾ ഇറക്കി.നഗരവാസികളെ മണ്ണൊരുക്കാനും കമ്പോസ്റ്റ് നിർമിക്കാനും പച്ചക്കറി കൃഷി തട്ടുകളുണ്ടാക്കാനുമൊക്കെ പഠിപ്പിച്ചു. കീടരോഗ നിയന്ത്രണത്തിന് നാടൻ അറിവുകളെ പ്രയോജനപ്പെടുത്തി, ഒപ്പം വൈവിധ്യമുള്ള വിളകൾ ഒരുമിച്ച് കൃഷി ചെയ്തു. കള നിയന്ത്രിക്കാൻ കൃഷിയിടങ്ങൾ പൊതയിട്ടു നിർത്തി. നഗരങ്ങളിൽ ഇടനിലക്കാരില്ലാത്ത കർഷകർ നേരിട്ട് നടത്തുന്ന നാട്ടുചന്തകൾ ആരംഭിച്ചു.

വെറും വട്ടപൂജ്യത്തിൽ നിന്നും തുടങ്ങിയ നഗരങ്ങളിലെ കൃഷി വെറും മൂന്ന് നാലുവർഷം കൊണ്ട് ടൺ കണക്കിന് പച്ചക്കറി ഉൽപാദിപ്പിക്കാൻ തുടങ്ങി. ക്യൂബയിലെ പ്രധാന നഗരമായ ഹവാനയിൽ മാത്രം 318 പച്ചക്കറിത്തോട്ടങ്ങളുണ്ട്. ഹവാനയിലെയും വില്ലക്ലാരയിലെയും ജനങ്ങൾ കഴിക്കുന്ന പച്ചക്കറിയുടെ 70 ശതമാനവും ഈ നഗരങ്ങളിൽ ഉൽപാദിപ്പിച്ചതു തന്നെയാണ്.
അതുകൊണ്ട് മറ്റു പല ഗുണങ്ങളുമുണ്ടായി. ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടു. തൊഴിലില്ലായ്മ കുറഞ്ഞു. ഇതിനൊക്കെ നേതൃത്വം നൽകിയ 93ൽ രൂപീകരിച്ച ക്യൂബയിലെ 'അസോസിയേഷൻ ക്യൂബാന ദെ അഗ്രികൾച്ചുറാ ഓർഗാനിക്കയ്ക്ക് (ACAO) 1999ൽ നോബൽ പ്രൈസിന് തുല്യമെന്ന് കരുതുന്ന 'റൈറ്റ് ലൈവ്ലിഹുഡ് അവാർഡ്' ലഭിക്കുകയുണ്ടായി. ക്യൂബയുടെ ജൈവവിപ്ലവത്തെകുറിച്ച് പഠിക്കാൻ ഇന്നും ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള വിദ്യാർത്ഥികൾ വന്നുകൊണ്ടിരിക്കുന്നു.
പതിനാല് വർഷങ്ങൾക്കു മുമ്പ് ക്യൂബയിൽ നടന്ന ഈ നിർമ്മാണാത്മകമായ വിപ്ലവത്തെ പറ്റി 'ഒരേ ഭൂമി ഒരേ ജീവൻ' മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ച "ക്യൂബയിലേക്കോരു ക്യൂ" എന്ന ലേഖനങ്ങളുടെ സമാഹാരം അന്നത്തെ ജൈവകർഷകർക്ക് ഏറെ പ്രചോദനം നല്‍കിയിരുന്നതാണ്.
ജനകീയ വിപ്ലവത്തെക്കുറിച്ചും ഫിദൽകാസ്ട്രോയുടെ നേതൃത്വത്തെക്കുറിച്ചുമെക്കെ വാചാലരാകുന്ന കേരളത്തിലെ ഇടതുപക്ഷം ക്യൂബയിലെ ഈ നിർമ്മാണാത്മകമായ ജൈവവിപ്ലവത്തെ വേണ്ടത്ര പരിഗണിച്ചില്ല.
ഇപ്പോൾ ഈ കൊറോണക്കാലത്ത് നമ്മുടെ ഇടതുപക്ഷ സർക്കാർ ഭക്ഷ്യ കൃഷിയെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നു. നല്ലതു തന്നെ, ഒരു പ്രതിസന്ധി വരുമ്പോഴാണല്ലോ ചിലപ്പോൾ മാറ്റങ്ങളെ കുറിച്ച് ചിന്തിക്കുക.!
കേരളത്തിനാവശ്യമായ ഭക്ഷണത്തിന്റെ 80 ശതമാനത്തോളവും പുറമെ നിന്നാണ് വരുന്നത്. കേരളത്തിൽ കൃഷി ഭൂമിയില്ലാത്തതു കൊണ്ടല്ല ഇങ്ങനെയായത്. നാണ്യവിളകൾക്ക് നൽകിയ മുൻതൂക്കം മൂലമാണ്. നമ്മുടെ കാർഷിക യോഗ്യമായ ഭൂമിയുടെ 62.8 ശതമാനവും നാണ്യവിളകളാണ്. 7.4 ശതമാനം മാത്രമാണ് നെൽകൃഷി. വെറും 5 ശതമാനം മാത്രമാണ് പച്ചക്കറി കൃഷി. ക്യൂബ പഞ്ചസാര കയറ്റിയച്ചതുപോലെ നമ്മൾ നാണ്യവിളകൾ കയറ്റിയയ്ക്കുന്നു. കോടി കണക്കിന് രൂപയുടെ ഭക്ഷ്യ ധാന്യങ്ങൾ ഇറക്കുമതി ചെയ്തുക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

വിദേശപണവും ടൂറിസവും മദ്യവും റബ്ബറുമൊക്കെയാണ് നമ്മുടെ എക്കണോമി. പൂർണ്ണമായും പരാശ്രിതമായ സമ്പത്ത് വ്യവസ്ഥ.!
സർക്കാർ പച്ചക്കറി കൃഷി ചെയ്യാൻ ജനങ്ങളോട് ആവശ്യപ്പെടുന്നതും വിത്തുകൾ നൽകുന്നതുമൊക്കെ ഏറെ പ്രതീക്ഷ നല്‍കുന്ന സംഗതിയാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, ഇപ്പോഴും ഇക്കാര്യത്തിൽ വ്യക്തമായ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയോ അതിനാവശ്യമായ സംവിധാനങ്ങളോ നമുക്കുണ്ടോ? തീർത്തും ഉപരിപ്ലവമായാണ് കാര്യങ്ങൾ നീങ്ങുന്നത്. ജൈവകൃഷിയിൽ ഒട്ടും വിശ്വാസമില്ലാത്ത ഭാരിച്ച ശമ്പളം പറ്റുന്ന കുറെ കാർഷിക വിദഗ്ദരുള്ള നമ്മുടെ കാര്‍ഷിക സർവകലാശാല അഴിച്ചു പണിയേണ്ടിയിരിക്കുന്നു.!
ഭക്ഷ്യ സ്വാശ്രയത്തെ കുറിച്ച് സംസാരിക്കുമ്പോൾ എന്തോ നാണംകെട്ട പരിപാടിയാണെന്ന് നെറ്റി ചുളിക്കുന്ന പലരുമിണ്ടിവിടെ.
മദ്യം വിറ്റു കാശുണ്ടാക്കുകയും അതു കുടിച്ച് കരള് തകർന്ന ജനങ്ങളെ ചികിത്സിക്കാൻ ലോട്ടറി വിൽക്കുകയും ചെയ്യുന്ന സാമ്പത്തിക - ആരോഗ്യ ക്രമത്തോട് ഇവർക്കൊട്ടും നാണമില്ലാതാനും.!
കേരളത്തിൽ ഒരു കാലത്തും ഭക്ഷ്യ സ്വയംപര്യാപ്ത ഉണ്ടായിരുന്നില്ലായെന്നും ഇനിയുണ്ടാകാനും പോകുന്നില്ലായെന്നും വിശ്വസിക്കുന്നവരാണിവർ.! അതേ സമയം തന്നെ ഏറ്റവും കൂടുതൽ പ്രമേഹരോഗവും കാൻസർ രോഗമുള്ളതുമൊക്കെ കേരളത്തിൽ തന്നെയാണ്. ഇതും കൂടി മാറ്റിയാലേ കേരളത്തിന്റെ ആരോഗ്യ രംഗത്തെ സ്തുതികൾ അർത്ഥവത്താകൂ..!
ആരോഗ്യമുള്ള ഭക്ഷണം പ്രാദേശികമായി ഉറപ്പു വരുത്തലായിരിക്കണം ഒരു സർക്കാരിന്റെ പ്രഥമ കടമ. നമ്മുടെ ഉൽപാദനമേഖലയെ ആ രീതിയിൽ മെച്ചപ്പെടുത്താനും കുറേപേർക്ക് തൊഴിൽ ലഭിക്കാനും അതുവഴി സാധിക്കും. ജനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുകയും ചെയ്യും. കൊറോണ പോലെയുള്ള മഹാമാരികളും പ്രതിസന്ധികളും വരുമ്പോൾ അയൽ സംസ്ഥാനങ്ങൾ കൊട്ടിയടച്ച അതിർത്തി തുറക്കാൻ കോടതി നിരങ്ങേണ്ട ഗതികേടുമുണ്ടാകില്ല.
ഇതൊരവസരമാണ്. ജനങ്ങൾ തയ്യാറാണ്. കുറച്ചു ജൈവകൃഷിയിൽ തൽപരരായ ചെറുപ്പക്കാരെ തയ്യാറാക്കുക. അവർക്കാവശ്യമായ പരിശീലനങ്ങൾ നൽകുക. അവരെ ജനങ്ങളുടെ അടുത്തേയ്ക്ക് അയക്കുക. ഒപ്പം പ്രാദേശിക വിപണികളുമൊരുക്കുക. നമ്മൾ വിചാരിച്ചാൽ പുറമേയ്ക്ക് കൊടുക്കാനുള്ള പച്ചക്കറി വരെയുണ്ടാക്കാൻ പറ്റും. പച്ചക്കറിക്കൊപ്പം നെല്ലും മീനും പ്രാദേശികമായി ആവുന്നത്ര ഉണ്ടാക്കാൻ സാധിക്കണം. അങ്ങനെയൊരു ചരിത്രവും നമുക്കുണ്ടായിരുന്നു. ഈ പ്രതിസന്ധിയെ നാം മറികടക്കേണ്ടത് ഇങ്ങനെയും കൂടിയായിരിക്കണം.
Share your comments