<
  1. Health & Herbs

കാന്താരി കൃഷിയും അവയുടെ ആരോഗ്യ ഗുണങ്ങളും

കേരളീയരുടെ ഭക്ഷണശീലങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണ് കാന്താരി മുളകിനുള്ളത്. വീട്ടാവശ്യത്തിനുള്ള കാന്താരിമുളക് സ്വന്തം പറമ്പുകളിൽ തന്നെ വിളയിച്ചിരുന്നൊരു നല്ല കാലം നമുക്കുണ്ടായിരുന്നു, എന്നാൽ ഇന്ന് സ്ഥലപരിമിതി മൂലം ഇവയുടെ കൃഷി വളരെ അധികം കുറഞ്ഞു വരികയാണ്.

Athira P
ചുവന്ന കാന്താരി
ചുവന്ന കാന്താരി

കേരളീയരുടെ ഭക്ഷണശീലങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണ് കാന്താരി മുളകിനുള്ളത്. വീട്ടാവശ്യത്തിനുള്ള കാന്താരിമുളക് സ്വന്തം പറമ്പുകളിൽ തന്നെ വിളയിച്ചിരുന്നൊരു നല്ല കാലം നമുക്കുണ്ടായിരുന്നു, എന്നാൽ ഇന്ന് സ്ഥലപരിമിതി മൂലം ഇന്ന് ഇവയുടെ കൃഷി വളരെ അധികം കുറഞ്ഞു വരികയാണ്.പല നിറങ്ങളിൽ ലഭ്യമായിരുന്ന ഇവയുടെ രുചി പലവിഭവങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. മാർക്കറ്റുകളിൽ വൻ ഡിമാൻ്റാണ് ഇവയ്ക്ക് ലഭിക്കുന്നത്. കിലോയ്‌ക്ക് മുന്നൂറു രൂപയ്ക്ക് മുകളിലാണ് ഇവയുടെ വില. ഇടവിളയായും അല്ലാതെയും വളർത്താവുന്ന ഇവയ്ക്ക് വരൾച്ചയെ അതിജീവിക്കാനുള്ള കഴിവുണ്ട്. പാചകത്തിനും ഔഷധമായും കാന്താരി ഉപയോഗിക്കുന്നു. വാതരോഗം , അജീർണം,വായുക്ഷോഭം, പൊണ്ണത്തടി,പല്ലുവേദന, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ കാന്താരി ഉപയോഗിക്കുന്നുണ്ട്. വെള്ളക്കാന്താരി, പച്ചക്കാന്താരി, നീലക്കാന്താരി, ഉണ്ടക്കാന്താരി എന്നിങ്ങനെ പലയിനം കാന്താരികൾ നമ്മുടെ നാട്ടിൽ സുലഭമായി വളർന്നിരുന്നു. ഇവയിൽ പച്ചക്കാന്താരിക്ക് എരിവ് കൂടുതലായും വെള്ള കാന്താരിക്ക് താരതമ്യേന എരിവ് കുറവായും ആണ് കാണപ്പെടുന്നത്.

ഏതു കാലാവസ്ഥയിലും നല്ല വിളവു തരാൻ കഴിഞ്ഞിരുന്ന ഇവ പറമ്പുകളിലെല്ലാം സുലഭമായി വളർന്നിരുന്നു. കറികളിൽ ചേർത്തും അച്ചാറായും, ഉപ്പിലിട്ടതായും വ്യാപകമായി മലയാളി വീടുകളിൽ ഇവ ഉപയോഗിച്ചിരുന്നു. കേരളത്തിൽ കൂടാതെ മേഘാലയയിലും മറ്റ് ചില ഏഷ്യൻ രാജ്യങ്ങളിലുമാണ് ഇത് സാധാരണയായി വളർത്താറുള്ളത്. പക്ഷികൾ വഴിയാണ് പ്രധാനമായും ഇവയുടെ വിത്ത് പലയിടങ്ങളിലും എത്തിപ്പെടുകയും വളരുകയും ചെയ്യുന്നത്. വളരെ ചെറിയ മുളകായ ഇവയുടെ വലിപ്പം മൂന്ന് സെൻ്റീമീറ്ററിനും താഴെയാണ്. ലോകത്തിലെ ഏറ്റവും എരിവേറിയ പത്ത് മുളകുകളിൽ ഒന്നാണ് കാന്താരി മുളക്.

വയലറ്റ് കാന്താരിമുളക്
വയലറ്റ് കാന്താരിമുളക്

കൃഷിരീതി


താരതമ്യേന തണൽ കുറവുള്ള തുറസ്സായ സ്ഥലങ്ങളാണ് കാന്താരി മുളക് കൃഷിക്ക് അഭികാമ്യം. തെങ്ങിൽ തോട്ടങ്ങളിൽ ഇവ ഇടവിളയായി വളർത്തുവാൻ അനുയോജ്യമാണ്. 20-30 ഡിഗ്രി വരെ താപനിലയിൽ ഇത് തഴച്ചുവളരുന്നു. 6.5 നും 7 നും ഇടയിൽ pH മൂല്യമുള്ള ഫലഭൂയിഷ്ഠമായ മണ്ണിൽ ഇവ പെട്ടെന്നു വളരുകയും നല്ല വിള തരുകയും ചെയ്യും. കാന്താരിയുടെ ചെടികൾ  1.5 മുതൽ 2 മീറ്റർ വരെ ഉയരത്തിൽ വളരുകയും ചെയ്യും. വേനൽക്കാലത്ത് ജലസേചനമില്ലാതെയിരുന്നാൽ ഇലകൾ പെട്ടെന്ന് വാടിപ്പോകാൻ സാധ്യതയുണ്ട് . മണ്ണിൽ പിടിച്ചുകഴിഞ്ഞാൽ ഇവ ഏറെക്കാലം വിള നല്കിക്കൊണ്ടിരിക്കും. ഏകദേശം 3-4 വർഷത്തിനു ശേഷം ഉൽപ്പാദനം കുറയാറുണ്ട്. മാർച്ച് അവസാനത്തോടെയാണ് തൈകൾ തയ്യാറാക്കാൻ ഏറ്റവും അനുയോജ്യമായ സമയം. പൂർണ്ണമായും പഴുത്ത ചുവന്ന മുളക് വിത്തുകളാണ് പ്രജനനത്തിനായി ഉപയോഗിക്കേണ്ടത്. 35-40 ദിവസം വരെ പ്രായമുള്ള തൈകളാണ് പ്രജനനത്തിനായി ഉപയോഗിക്കുന്നത്. ഒരു സെൻ്റിലാണ് വിത്തുകൾ പാകുന്നതെങ്കിൽ രണ്ടടി അകലത്തിൽ കുഴിച്ചിരിക്കുന്ന കുഴികളിൽ അടിസ്ഥാനവളമായി 100 കിലോഗ്രാം ചാണകം അല്ലെങ്കിൽ കമ്പോസ്റ്റ് ചേർത്തുകൊടുക്കാം. ഇല വന്നുകഴിഞ്ഞു രണ്ടാഴ്ച കഴിയുമ്പോൾ ചാണക സ്ലറി പ്രയോഗിക്കുന്നത് നല്ലതാണ്. ഈ രീതിയിൽ ഒരു ചെടിയിൽ നിന്ന് 200 ഗ്രാം വരെ വിളവ് നേടാൻ കഴിയും.

ആരോഗ്യഗുണങ്ങൾ

കൊളസ്‌ട്രോള്‍ ലെവല്‍ കുറച്ചുകൊണ്ട് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഇവ സഹായിക്കും. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇവയുടെ ഉപയോഗത്തിലൂടെ കഴിയും. ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന കാല്‍സ്യം, അയണ്‍, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ ഇന്‍സുലിന്‍ ഉല്‍പാദനം കൃത്യമായി നടക്കുന്നതിനും അതിലൂടെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായകരമാണ്. ഇവയിൽ അടങ്ങിയിട്ടുള്ള വിറ്റാമിന് സി ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വരാതിരിക്കാനും പനി ജലദോഷം എന്നീ രോഗാവസ്ഥകളില്‍ നിന്നും വേഗത്തിൽ രക്ഷനേടാനും സഹായിക്കും.

English Summary: Cultivation of birds eye chili and their health benefits

Like this article?

Hey! I am Athira P. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds