<
  1. Health & Herbs

നാടൻ പശുവിൻ്റെ മോര് : ഭൂമിയിലെ അമൃത്

പാല്‍ ഉറയൊഴിച്ച് ഉണ്ടാക്കിയ തൈര് കടഞ്ഞ് വെണ്ണ മാറ്റിയാണ് മോര് ഉണ്ടാക്കുന്നത്‌ എന്ന് നമുക്ക് അറിയാം.ആഹാരമായും ഔഷധമായും ആയുര്‍വേദം മോരിന് അതീവപ്രാധാന്യമാണ് നല്‍കുന്നത്. ശരീരത്തിനാവശ്യമായ ജീവകങ്ങള്‍, ധാതുക്കള്‍, മാംസ്യങ്ങള്‍ തുടങ്ങി പോഷകഘടകങ്ങള്‍ ധാരാളമായുള്ള മോര് ഒരു സമ്പൂര്‍ണ്ണാഹാരമാണ് എന്നു തന്നെ പറയാം.

KJ Staff

പാല്‍ ഉറയൊഴിച്ച് ഉണ്ടാക്കിയ തൈര് കടഞ്ഞ് വെണ്ണ മാറ്റിയാണ് മോര് ഉണ്ടാക്കുന്നത്‌ എന്ന് നമുക്ക് അറിയാം.ആഹാരമായും ഔഷധമായും ആയുര്‍വേദം മോരിന് അതീവപ്രാധാന്യമാണ് നല്‍കുന്നത്. ശരീരത്തിനാവശ്യമായ ജീവകങ്ങള്‍, ധാതുക്കള്‍, മാംസ്യങ്ങള്‍ തുടങ്ങി പോഷകഘടകങ്ങള്‍ ധാരാളമായുള്ള മോര് ഒരു സമ്പൂര്‍ണ്ണാഹാരമാണ് എന്നു തന്നെ പറയാം.

ആയുര്‍വേദഗ്രന്ഥമായ ഭാവപ്രകാശം മോരിനെ നാലായി തിരിക്കുന്നു – ഘോലം, മഥിതം, തക്രം, ഉദശ്വിത് എന്നിങ്ങനെ.തൈര് വെള്ളം ചേര്‍ക്കാതെ കടഞ്ഞ് വെണ്ണ മാറ്റാതെയെടുക്കുന്നത് ഘോലം. തൈരിനെ വെള്ളം ചേര്‍ക്കാതെ കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് മഥിതം. തൈരില്‍ നാലിലൊന്ന് അളവ് വെള്ളം ചേര്‍ത്ത് കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് തക്രം. തൈരില്‍ രണ്ടിലൊന്ന് അളവ് വെള്ളം ചേര്‍ത്ത് കടഞ്ഞ് വെണ്ണ മാറ്റിയെടുക്കുന്നത് ഉദശ്വിത്. നാലും ആരോഗ്യത്തിന് നല്ലതാണ്. നാലിനും വ്യത്യസ്തഗുണങ്ങളും ആണ് ഉള്ളത്. പൊതുവേ മോര് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് തക്രം ആണ്. അനവധി രോഗങ്ങളില്‍ ഔഷധങ്ങള്‍ മോരില്‍ ചേര്‍ത്ത് കഴിക്കുന്നത് നമുക്ക് അറിവുള്ളതാണ്. തക്രപാനം, തക്രധാര, തക്രവസ്തി തുടങ്ങിയ ചികിത്സാരീതികളിലും മോര് ഉപയോഗിക്കപ്പെടുന്നു.മോര് അഗ്നിദീപകവും, ത്രിദോഷഹരവും ആകയാല്‍ നിത്യം മോര് കഴിക്കുന്നവന്‍ ആരോഗ്യവാനായി ഭവിക്കുന്നു.ലഘുവും സംഗ്രാഹിയും ആകയാല്‍ ഗ്രഹണി രോഗത്തില്‍ മോര് അത്യുത്തമമാണ്.

വികലമായ ആഹാരശീലങ്ങള്‍ കൊണ്ടും, ആന്റിബയോട്ടിക്കുകള്‍ പോലെയുള്ള ഔഷധങ്ങളുടെ ഉപയോഗം കൊണ്ടും താളം തെറ്റിയ ദഹനേന്ദ്രിയവ്യവസ്ഥയ്ക്ക് മോര് ഉത്തമൌഷധമാണ്. മോരിന് probiotics സ്വഭാവമുണ്ട്. ശരീരത്തില്‍ ആഹാരത്തെ വിഘടിപ്പിക്കാനും പോഷകഘടകങ്ങളെ ആഗിരണം ചെയ്യാനും സഹായിക്കുന്ന നല്ല ബാക്ടീരിയകളെ ആണ് probiotics എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. അനാരോഗ്യകരമായ ആഹാരസാധനങ്ങള്‍ നിത്യം ഉപയോഗികുന്നതു വഴിയും, ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതു വഴിയും ഈ നല്ല ബാക്ടീരിയകള്‍ നശിക്കുന്നു. ഈ ബാക്ടീരിയകളെ വീണ്ടും ശരീരത്തില്‍ എത്തിക്കുന്നതു വഴി, അവയുടെ നിലനില്‍പ്പ്‌ സാധ്യമാക്കുന്നതു വഴി ദഹനേന്ദ്രിയവ്യവസ്ഥയെ സ്വസ്ഥമാക്കി നിലനിറുത്തുന്നതിനും അങ്ങനെ മനുഷ്യന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മോര് സഹായിക്കുന്നു.

പോഷകാംശങ്ങളുടെ കണക്ക് ആധുനികരീതിയില്‍ എടുത്താലും മോര് ഉദാത്തമായ ആഹാരമാണ് എന്ന് മനസ്സിലാക്കാം. 100 ഗ്രാം മോരില്‍ 40 കിലോ കലോറി ഊര്‍ജ്ജവും, 4.8 ഗ്രാം അന്നജവും, 0.9 ഗ്രാം കൊഴുപ്പും, 3.3 ഗ്രാം മാംസ്യങ്ങളും, 116 മൈക്രോഗ്രാം കാത്സ്യവും ജീവകം എ, ജീവകം സി, ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു.

സ്വഭാവതഃ ത്രിദോഷഹരമാണ് തക്രം എന്നിരിക്കിലും മറ്റു ദ്രവ്യങ്ങള്‍ ചേരുന്ന യോഗങ്ങളില്‍ ദോഷനാശകശക്തി കൂടുന്നതിനാല്‍ മോര് ചേരുന്ന നിരവധി ഔഷധങ്ങള്‍ പ്രയോഗത്തിലുണ്ട്. വാതജാവസ്ഥകളില്‍ സൈന്ധവലവണം ചേര്‍ത്തും, പിത്തജമായ പ്രശ്നങ്ങളില്‍ പഞ്ചസാര ചേര്‍ത്തും, കഫജാവസ്ഥകളില്‍ ക്ഷാരവും ത്രികടുവും ചേര്‍ത്തും സേവിക്കുന്നത് അത്യന്തം പ്രയോജനകരമാണ്. മോരില്‍ കായം, ജീരകം, സൈന്ധവലവണം എന്നിവ ചേര്‍ത്തു നിത്യം സേവിക്കുന്നത് അര്‍ശോരോഗങ്ങളിലും ഗ്രഹണിയിലും അതിസാരത്തിലും ഗുണം ചെയ്യും. ഇതേ യോഗം രോചനമാണ്,പുഷ്ടിപ്രദമാണ്, ബല്യമാണ്, വസ്തിശൂലവിനാശനമാണ്.

മോര് ഉപയോഗിച്ച് അനവധി ഔഷധപ്രയോഗങ്ങള്‍ ഉണ്ട്. വയറ്റില്‍ ഉണ്ടാകുന്ന പല ദഹനപ്രശ്നങ്ങളിലും ശൂലകളിലും അഷ്ടചൂര്‍ണ്ണം ചേര്‍ത്ത മോര് മാത്രം മതിയാകും ശമനത്തിന്. രൂക്ഷമായ വയറിളക്കത്തില്‍ പോലും പുളിയാറിലനീരോ,പുളിയാറില അരച്ചതോ മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും. കടുക്കാമോരിന്‍റെ പ്രയോജനം ഏവര്‍ക്കും അറിവുള്ളതു തന്നെ. മോര് നിത്യം കഴിച്ചാല്‍ അര്‍ശസ് നിശേഷം ശമിക്കും. മലബന്ധം മാറും. പഴകിയ അമീബിയാസിസില്‍ മഞ്ഞള്‍ അരച്ചു ചേര്‍ത്തു കാച്ചിയ മോര്  അതീവഫലപ്രദമാണ്  നീര്, മഹോദരം, കരള്‍രോഗങ്ങള്‍,മൂത്രതടസ്സം, ഗുല്‍മം, പ്ലീഹവീക്കം എന്നിവയിലും നിത്യേന സേവിച്ചാല്‍ ശമനം ഉണ്ടാകും.

ഇത്രയുമൊക്കെക്കൊണ്ടു തന്നെ കുപ്പിയിലാക്കിവരുന്ന ആധുനികശാസ്ത്രീയപാനീയങ്ങളേക്കാള്‍ എത്രയോ ഉത്തമമാണ് നമ്മുടെ മോരും, സംഭാരവും എന്ന് വ്യക്തമല്ലേ?

പൂർവികർ നാടുമുഴുവൻ സൗജന്യ സംഭാരം വിതരണം ചെയ്തിരുന്നത് എന്തിനെന്ന് മനസ്സിലായില്ലേ ? ആരോഗ്യം കാക്കുകയും, രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യുന്ന മോര് ഭൂമിയിലെ അമൃതാണ് എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. ആരോഗ്യം കാംക്ഷിക്കുന്നവര്‍ മോര് ഒരു ശീലമാക്കുക.

English Summary: Curd from cow

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds