ഔഷധ ഗുണമുള്ള ഒന്നാണ് ഈന്തപ്പഴം. രോഗാവസ്ഥയിലുണ്ടാകുന്ന ക്ഷീണം മാറ്റുന്നതിന് ഈന്തപ്പഴം വളരെ നല്ലതാണ്. പഴത്തിന്റെ കട്ടിയുള്ള മാംസളത്തരം നല്ലതു പോലെ അരച്ചു ചേർത്തെങ്കിൽ മാത്രമേ പരമാവധി പ്രയോജനം ലഭിക്കുകയുള്ളൂ.
മദ്യാസക്തി എന്ന രോഗത്തിന് ഒരു പ്രതിവിധിയായി ഇത് നിർദേശിച്ചു കാണുന്നു. നാലഞ്ചു പഴങ്ങൾ (30-35 ഗ്രാം) രണ്ടു മൂന്നു മണിക്കൂർ സമയം വെളത്തിലിട്ടു കുതിർത്ത ശേഷം അരച്ചോ ഞെരടിയോ അരഗ്ലാസു വെള്ളത്തിൽ ദിവസം രണ്ടു നേരം വീതം കൊടുത്താൽ രോഗിക്ക് പൂർണമായ ആശ്വാസം കിട്ടുമത്രെ.
ഏത് ഔഷധം കഴിച്ചാലും മാറാത്ത ശരീരക്ഷീണത്തിനും ഈന്തപ്പഴം കുതിർത്തിച്ചു കഴിക്കുന്നതു നല്ലതാണെന്നും, ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഇങ്ങനെ ചെയ്താൽ ആശ്വാസമുണ്ടാകുമെന്നും ശിപാർശ ചെയ്യുന്നു.
പുരുഷന്മാരുടെ ലൈംഗികശേഷി ഉത്തേജിപ്പിക്കാനും, ശക്തിപ്പെടുത്താനും ഉള്ള വാജീകരണ ആഹാരൗഷധങ്ങളുടെ കൂട്ടത്തിലും ഈന്തപ്പഴത്തിനു പ്രാധാന്യമുണ്ട്. ബദാം, കശുവണ്ടിപ്പരിപ്പ്, കറുത്ത മുന്തിരിങ്ങ ഇവയോടൊപ്പം ഈന്തപ്പഴം കഴിക്കുന്നത് ഏറ്റവും നന്നായിരിക്കും.
ഇറാഖിൽ ഈന്തപ്പഴത്തിന്റെ മാംസളഭാഗത്തു നിന്നും വിനാഗിരി, ദ്രവീകൃത പഞ്ചസാര, ഡിബ്ബിസ് എന്ന പേരിലറിയപ്പെടുന്ന സ്വാദിഷ്ടമായ ഈന്തപ്പഴച്ചാറ്, കൂരുവിൽ നിന്നും കോഴിത്തീറ്റയായി മാംസ്യാംശമേറിയ ഒരു ഉല്പന്നം ഇവയുമുണ്ടാക്കുന്നു. കാലിഫോർണിയയിൽ ഈന്തപ്പഴ വിഭവങ്ങൾ പ്രഭാതഭക്ഷണത്തിലും ബേക്കറി പലഹാരങ്ങളിലും സ്ഥലം പിടിച്ചിട്ടുണ്ട്. ഈന്തപ്പനയോലയ്ക്കും വ്യാവസായിക പ്രാധാന്യമുണ്ട്. പേപ്പർ നിർമാണത്തിനായി ഓല ഉപയോഗിച്ചു വരുന്നു.
Share your comments