ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരുടെ എണ്ണം ദിവസേന വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമായി ദശലക്ഷക്കണക്കിന് ആളുകളെ ഉയർന്ന രക്തസമ്മർദ്ദം അലട്ടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ആഗോളതലത്തിൽതന്നെ ലക്ഷണക്കണക്കിനുപേരുടെ മരണത്തിന് ഇത് കാരണമാകുന്നുണ്ട്. ഇന്ത്യയിലെ ആകെ മരണങ്ങളിൽ 10.8 ശതമാനവും ഹൈപ്പർടെൻഷൻ മൂലമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) കണക്കുകൾ പറയുന്നു.
ഇന്നത്തെ ജീവിതരീതി അതായത് വ്യായാമമില്ലായ്മയും തെറ്റായ ഭക്ഷണരീതിയുമൊക്കെയാണ് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ. വാർദ്ധക്യവും ജനിതകവും ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർധിപ്പിക്കുമെങ്കിലും ഉപ്പ് കൂടുതലുള്ള ഭക്ഷണക്രമം, അമിതമായി മദ്യം കഴിക്കുന്നത് തുടങ്ങിയ മറ്റ് ഘടകങ്ങളും രക്താതിമർദ്ദത്തിന് കാരണമാകുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഹൈപ്പർടെൻഷൻ ഉള്ള 5 പേരിൽ 4 പേർക്കും വേണ്ടത്ര ചികിത്സ ലഭിക്കുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഉയർന്ന ബിപിയുള്ളവർ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ഉയർന്ന രക്തസമ്മർദ്ദം ചികിത്സിച്ചില്ലെങ്കിൽ ഹൃദയസ്തംഭനത്തിനും വൃക്ക തകരാറും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രക്തസമ്മർദത്തിന്റെ ഏറ്റക്കുറച്ചിലുകൾ പക്ഷാഘാതത്തിനും കാരണമാകുന്നു. ചെലവുകുറഞ്ഞ മരുന്നുകൾ ഉപയോഗിച്ച് ഉയർന്ന രക്തസമ്മർദ്ദം ഫലപ്രദമായി നിയന്ത്രിക്കാനാകും.
പ്രധാന ലക്ഷണങ്ങൾ
- തലവേദന വരാനുള്ള സാധ്യത കൂടുതലാണ്. അതിരാവിലെ തന്നെ തലവേദന അനുഭവപ്പെടുന്നത് ചിലപ്പോൾ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാകാം.
- കാലുകളിലേയ്ക്കും കൈകളിലേയ്ക്കുമുള്ള സുഗമമായ രക്തപ്രവാഹം തടസപ്പെടാനുള്ള സാധ്യത ഏറെയായത് കൊണ്ട്, നടക്കുമ്പോൾ കാലുവേദന, തണുത്ത കൈകാലുകൾ തുടങ്ങിയ ലക്ഷണങ്ങൾ ഇതുമൂലം ഉണ്ടാകാം.
- മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ മറ്റൊരു ലക്ഷണമായാണ് വിദഗ്ധർ പറയുന്നത്.
- കാഴ്ച മങ്ങലും ഉയർന്ന രക്തസമ്മർദ്ദത്തിൻറെ ലക്ഷണമായി കാണപ്പെടാറുണ്ട്.
Share your comments