അടുക്കളയില്‍ പാചകപരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ എന്തായാലും കാലങ്ങള്‍ മുമ്പെ ആപ്പിള്‍ സൈഡര്‍ വിനിഗറിനെ അറിഞ്ഞിട്ടുണ്ടാകും. ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പ്രത്യേക രുചി നല്‍കാനായി നേരത്തെ തന്നെ ഇതുപയോഗിച്ചിരുന്നു.
എന്നാല്‍ അടുത്തകാലത്താണ് ഇത്രയധികം പ്രചാരം കിട്ടിത്തുടങ്ങിയതെന്നു മാത്രം. വിപണിയില്‍ ധാരാളമായി ലഭിക്കുന്ന ആപ്പിള്‍ സൈഡര്‍ വിനിഗറിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്.
ആപ്പിള്‍ ജ്യൂസില്‍ നിന്നുണ്ടാക്കുന്ന ബ്രൗണ്‍ നിറത്തിലുളള വിനാഗിരിയാണ് യഥാര്‍ത്ഥത്തില്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍. പുളിപ്പിച്ച ആപ്പിളാണ് ഇതുണ്ടാക്കാനായി ഉപയോഗിക്കുന്നത്. വിവിധ രോഗങ്ങള്‍ക്കുളള പ്രതിവിധിയായും പാചകാവശ്യത്തിനും സൗന്ദര്യസംരക്ഷണത്തിനുമെല്ലാം ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കുന്നവരുണ്ട്.
സോസ്, സ്മൂത്തി, സൂപ്പ് എന്നിവ ഉണ്ടാക്കുമ്പോള്‍ ഇതു ചേര്‍ക്കാവുന്നതാണ്. വായിലും പല്ലിന്റെ ഇനാമലിനുമെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ നേരിട്ട് ഇത് കുടിക്കുന്നത് നല്ലതല്ല. അച്ചാറുകള്‍ ഉണ്ടാക്കാനായും സാലഡുകളില്‍ ഒലിവ് ഓയിലിനൊപ്പവും ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കാം.
ശരീരഭാരം കുറയ്ക്കാനായി ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ വിപരീതഫലമുണ്ടായേക്കും.
അതിനാല്‍ മികച്ച ഡയറ്റീഷ്യന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ നിര്‍ദേശത്തിനനുസരിച്ച് മാത്രം ഇതുപയോഗിക്കുന്നതാണ് ഗുണകരം. അതുപോലെ വിവിധ സൗന്ദര്യപ്രശ്‌നങ്ങള്‍ക്കുളള പരിഹാരമാര്‍ഗം കൂടിയാണിത്. താരന്‍, മുഖക്കുരു, നഖസംരക്ഷണം, ചര്‍മ്മപ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം യോജിച്ചതാണിത്. പല്ലുകളിലെ കറകള്‍ നീക്കാനും ചിലര്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കാറുണ്ട്.
ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉണ്ടാക്കാം
നമ്മുടെ വീടുകളില്‍ത്തന്നെ വളരെ എളുപ്പത്തില്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉണ്ടാക്കാനാവും. ആപ്പിള്‍ നന്നായി കഴുകിയശേഷം ചെറിയ കഷണങ്ങളാക്കി മുറിക്കണം.
ശേഷം ഒരു പാത്രത്തില്‍ കുറച്ച് വെളളമെടുത്ത് ഇത്തിരി ഉപ്പുചേര്‍ത്തുവയ്ക്കുക. ഇതിലേക്ക് നേരത്തെ മുറിച്ചുവച്ച ആപ്പിള്‍ കഷണങ്ങളിടാം. കുറച്ചുനേരം കഴിഞ്ഞാല്‍ ആപ്പിള്‍ കഷണങ്ങള്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. പഞ്ചസാരയും വൈറ്റ് വിനിഗറും ചേര്‍ത്തത്തിന് ശേഷം ആപ്പിള്‍ മുങ്ങുന്ന വിധത്തില്‍ വെളളം ചേര്‍ക്കാം. പാത്രം നന്നായി മൂടിവച്ച് ഈര്‍പ്പം തട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. രണ്ടാഴ്ചയ്ക്ക് ശേഷം പുറത്തെടുത്ത് വിനിഗര്‍ വേര്‍തിരിച്ചെടുക്കാവുന്നതാണ്.
കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കുക :https://malayalam.krishijagran.com/livestock-aqua/apple-cider-vinegar-for-hen/
Share your comments