സുഗന്ധദ്രവ്യങ്ങളുണ്ടാക്കുന്നതിന് ഏലക്കാ ഉപയോഗിച്ചു വരുന്നു. ഔഷധഗുണത്തിൽ വാതപിത്തകഫരോഗങ്ങളെ ശമിപ്പിക്കുന്നു. ശരീരതാപം ക്രമീകരിക്കുന്നു. വായ്നാറ്റം അകറ്റുന്നു. മൂത്രതടസ്സത്തിനും ദഹനക്കേടിനും നന്ന്. ഛർദി, കാസം, ശ്വാസം, അരുചി ഇവ ശമിപ്പിക്കുന്നു. ഏലക്കായും കാട്ടുതിപ്പലിവേരും കൂടി പൊടിച്ചു നെയ്യിൽ ചാലിച്ചു കഴിച്ചാൽ ഹൃദയവേദന ശമിക്കും. മൂത്രതടസ്സത്തിന് അരഗ്രാം ഏലത്തരി പൊടിച്ച് നെയ്യിൽ ചാലിച്ചു കഴിച്ചാൽ മൂത്രതടസം മാറിക്കിട്ടും.
ഛർദ്ദി, ദഹനക്കുറവ്, അരുചി എന്നീ അസുഖങ്ങൾക്ക് ഏലത്തരി പൊടിച്ച് അരഗ്രാം വീതം തേനിൽ ചാലിച്ച് ദിവസം മൂന്നുനേരം കഴിക്കുന്നതു നന്നാണ്. ഏലത്തരിപ്പൊടി അര ഗ്രാം വീതം കരിക്കിൻ വെള്ളത്തിൽ കഴിക്കുന്നത് ഛർദ്ദിക്കു വിശേഷമാണ്. ഏലത്തരി, പരുത്തിക്കുരുപ്പരിപ്പ്, ചെറുതിപ്പലി, മലര് എന്നിവ സമം പൊടിച്ച് പഞ്ചസാരചേർത്തു സേവിക്കുന്നത് ഛർദ്ദിക്ക് അതിവിശേഷമാണ്.
ഏലക്കായും കടുകും കൂടി വറുത്ത് ചുമക്കുന്ന പാകത്തിൽ വെള്ളമൊഴിച്ചു തിളപ്പിച്ചു കഴിക്കുന്നത് ദഹനക്കുറവിനും വിഷൂചിക ശ്രമിക്കുന്നതിനും നന്നാണ്. കൂടുതൽ കൊഴുപ്പുള്ള മത്സ്യമാംസങ്ങളിൽ മിതമായി ഏലക്കാ ചേർത്തു പാകം ചെയ്യുന്നത് ദഹനത്തിനും രക്തത്തിലെ കൊഴുപ്പു വർദ്ധിക്കാതിരിക്കുന്നതിനും നന്നാണ്.
കൊച്ചുകുട്ടികൾക്ക് വിരമയക്കമുണ്ടാകുമ്പോൾ ഏലക്കാ ചതച്ച് തുണിയിൽ കെട്ടി ഉച്ചിയിൽ തിരുമ്മുന്നതു നന്നാണ്. ഏലക്കാ ചേർത്ത് ചായയും കാപ്പിയും തുടരെ കഴിക്കുന്നത് രക്തത്തിന്റെ കട്ടി കുറയ്ക്കുന്നതിനും നിറവ്യത്യാസത്തിനും ഇടയാക്കും. ഒരു കാരണവശാലും കൂടുതൽ ഏലക്കാ ഔഷധാഹാരങ്ങളിൽ ചേർക്കാതിരിക്കുന്നതാണ് ഉത്തമം.
Share your comments