തൊണ്ടയ്ക്കുണ്ടാകുന്ന ഏതൊരസുഖത്തിനും ആയുർവേദ വൈദ്യന്മാർ നിഷ്കർഷിക്കുന്ന ഔഷധമാണ് ഇരട്ടിമധുരം. ഒച്ചയടപ്പ്, തൊണ്ടവേദന , സ്വരശുദ്ധി വരുത്താൻ തുടങ്ങി എന്തിനും ഇരട്ടിമധുരം വളരെ ഫലപ്രദമാണ്.
ഇരട്ടിമധുരത്തിന്റെ സ്വാദ് മധുരത്തിനേക്കാളും നേരം നാവിൽ തങ്ങി നിൽകുന്നതു കൊണ്ടാണ് ഇരട്ടിമധുരം എന്ന പേരു നൽകിയിരിക്കുന്നത്. വയറ്റിലെ പുണ്ണ് ശമിപ്പിക്കാൻ ഇതിന്റെ കഴിവ് ലോകപ്രശസ്തമാണ്. വള്ളിച്ചെടിയായി വളരുന്ന ഒരു സസ്യമാണിത്. ഏകദേശം 1.5 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇതിന്റെ ഇലകൾ ചെറുതാണ്.ഇലകൾ ഉണ്ടാകുന്ന തണ്ടുകളോട് ചേർന്ന് പൂക്കളുടെ തണ്ടുകളും ഉണ്ടാകുന്നു.
തണ്ടുകൾക്ക് ചാരനിറവും മധുരവും ആണുള്ളത്. ഉണങ്ങിയ തണ്ടുകൾക്ക് നേരിയ തോതിൽ അമ്‌ളത്തിന്റെ രുചിയാണുള്ളത്. പൂക്കൾക്ക് ഇലകളോടൊപ്പം വീതിയുണ്ട്. ഇതിന്റെ തടിയിലും വേരിലും 5-10% വരെ ഗ്ലൈസിറൈസിൻ എന്ന ഗ്ലൂക്കോസൈഡ്സ് അടങ്ങിയിരിക്കുന്നു. കൂടാതെ പൊട്ടാസിയം സ്റ്റാർച്ച്, സ്നേഹദ്രവ്യങ്ങൾ എന്നിവയും ഉണ്ട്.
ഇരട്ടിമധുരത്തിന്റെ പ്രധാന ഔഷധ പ്രയോഗങ്ങൾ.
● തൊണ്ടവേദന, സ്വരഭേദം എന്നിവയുള്ളപ്പോൾ ഇരട്ടി മധുരം ചവച്ചിറക്കുക
● ഇരട്ടി മധുരം, വേപ്പില, മരമഞ്ഞൾ എന്നിവ പൊടിച്ച്, തേനും നെയ്യും ചേർത്ത് തിരിയാക്കിയോ കല്ലമാക്കിയോ വ്രണങ്ങളിൽ വച്ചു കെട്ടിയാൽ പെട്ടന്ന് ഉണങ്ങും
● ഇരട്ടി മധുരം, രക്തചന്ദനം ഇവ സമമെടുത്ത് പൊടിച്ച് 5 ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ സ്ഥിരമായി കുടിച്ചാൽ രക്തപിത്തം, രക്താതിസാരം, ഛർദ്ദി എന്നിവക്ക് ശമനമുണ്ടാകും
● ഇരട്ടി മധുരം 5 ഗ്രാം വീതം സ്ഥിരമായി കഴിക്കുന്നത് ധാതുക്ഷയം കൊണ്ടുള്ള ക്ഷീണം മാറാൻ നല്ലതാണ്
● ഇരട്ടി മധുരവും ത്രിഫലയും ചേർത്ത് പൊടിച്ചെടുക്കുന്നതാണ് വരാ ചൂർണ്ണം. ഇത് നേത്രരോഗങ്ങൾക്ക് ഉത്തമമാണ്. ഈ ചൂർണ്ണം നെയ്യും തേനും ചേർത്ത് കഴിക്കണം.
● കുട്ടികൾക്കുണ്ടാകുന്ന പ്രവാഹികക്ക് ഇരട്ടി മധുരവും കാരെള്ളും കൂടി പൊടിച്ച് 2 ഗ്രാം വീതം 3 നേരം എന്ന കണക്കിൽ കൊടുക്കാം
● ഇരട്ടി മധുരവും ഇലിപ്പപ്പൂവും മുന്തിരിയും കോലരക്കും കർക്കടശൃംഗിയും വംശരോചനയും ചേർത്ത് അരച്ച് 5 ഗ്രാം വീതം ദിവസവും കഴിക്കുന്നത് കാസരോഗത്തിനു നല്ലതാണ്.
Share your comments